കോഴിക്കോട്: ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നും സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. ദ ഹിന്ദുസ്ഥാന്‍ ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് അഹമ്മദ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
മാപ്പിള ലഹളയെക്കുറിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച വെബിനാറില്‍ എ.പി. അഹമ്മദ് നടത്തിയ പ്രസംഗം നേരത്തെ വിവാദമായിരുന്നു. മലബാറില്‍ 19-ാം നൂറ്റാണ്ടില്‍ അമ്പതിലധികം കലാപങ്ങള്‍ നടന്നിരുന്നു. അതിലൊന്നുപോലും കര്‍ഷക സമരമോ സ്വാതന്ത്ര്യ സമരമോ ആയിരുന്നില്ല. ഇസ്ലാമിക യുദ്ധങ്ങളായിരുന്നു എല്ലാം. ആര്‍എസ്എസിനോ ഹിന്ദുത്വത്തിനോ ഗുണകരമാകുമെന്ന് കരുതി എന്തെങ്കിലും നിലപാടെടുത്താല്‍ സംഘിപട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെകുറിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ പറയാതിരിക്കാനാകില്ല, അദ്ദേഹം പറഞ്ഞു.
വാരിയംകുന്നന് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് ഉണ്ടാക്കിയതെന്ന വിവരം ആഷിക് അബുവിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ല. ആഷിക് അബുവിന്റെ സിനിമയ്ക്ക് പിന്നിലെ തിരക്കഥ പ്രത്യേക അജണ്ടയോടു കൂടിയുള്ളതായിരിക്കും. ലഹളയുടെ അടിസ്ഥാന സ്വഭാവം മതപരമായിരുന്നു. അത് ജന്മിത്തവിരുദ്ധമോ കര്‍ഷകസമരമോ ആയിരുന്നില്ല. ദേശീയ ആവശ്യങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള പരിശ്രമമാണ് നടന്നത്. എന്നാല്‍ കലാപത്തില്‍ മുഴച്ചുനിന്നതും കത്തിക്കാളിയതും മതപരമായ അംശമായിരുന്നു. പള്ളികള്‍ കേന്ദ്രീകരിച്ചാണ് അന്ന് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീങ്ങള്‍ക്ക് ഭാരതീയമായ സഹന സമര രീതികളോ ധ്യാനമോ യോഗയോ ഒന്നും പരിചയമില്ല. അടികിട്ടിയാല്‍ മറു കവിളും കാണിച്ചുകൊടുക്കുകയെന്ന ക്രിസ്തുവിന്റെ ആശയവും അവര്‍ക്ക് പരിചയമില്ല. അടിച്ചാല്‍ തിരിച്ചടിക്കുകയെന്ന വികാരം മാത്രമേ അവര്‍ക്കറിയൂ, അദ്ദേഹം പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിരമിച്ച പട്ടാളക്കാരെയാണ് സൈനിക പരിശീലനത്തിനായി വാരിയംകുന്നന് സംഘടിപ്പിച്ചത്. ഇതില്‍ ഹിന്ദുക്കളും ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍, ഹിന്ദുക്കള്‍ കലാപത്തില്‍ പങ്കെടുത്തുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുകില്‍ ജീവനും കൊണ്ട് നാട്വിട്ട് ഓടുക, അല്ലെങ്കില്‍ വഴങ്ങികൊടുക്കുക, ഇതിലപ്പുറം അവരുടെ മുന്നില്‍ വേറെ വഴികളുണ്ടായിരുന്നില്ല. കൊച്ചുകൊച്ചു രാജ്യങ്ങള്‍ ചേര്‍ത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാനുള്ള പരിശ്രമമാണ് നടന്നത്.
മാധവന് നായരെ പോലും മതം മാറ്റാന്‍ ശ്രമം നടന്നു. അംബേദ്ക്കര്‍, കലാപത്തെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ നിലമ്പൂര്‍ കോവിലകത്ത് ഒരുമിച്ച് കൂടിയിരുന്നു. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനമായിരിക്കാം അത്. മലബാര്‍ ലഹളയെകുറിച്ച് മനസ്സിലാക്കാന്‍ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം മാത്രം മനസ്സിലാക്കിയാല്‍ മതി. സായുധവും കായികവുമായ ലഹളയായിരുന്നു അന്ന് നടന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളൊന്നും തന്നെ ഈ ലഹളയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നില്ലെന്നും എ.പി. അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: