ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ വിദേശയാത്രയ്ക്ക് നയതന്ത്ര പാസ്പോര്‍ട്ടിനായി നിരന്തരം ശ്രമിച്ചതില്‍ ദുരൂഹതയേറുന്നു. 2016ല്‍ വിവാദമായ സൗദി യാത്രയ്ക്ക് ജലീലിന് കേന്ദ്രവിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചെങ്കിലും തുടര്‍ന്നും നയതന്ത്ര പാസ്പോര്‍ട്ട് നേടി വിദേശയാത്രകള്‍ നടത്താന്‍ ജലീല്‍ ശ്രമിച്ചതായാണ് വിവരം. നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കുറവാണ്. നയതന്ത്ര ചാനല്‍ വഴി സുരക്ഷാ ഏജന്‍സികളുടെ പരിശോധന കൂടാതെ പുറത്തിറങ്ങാനുമാവും.
സൗദിയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ജോലി നഷ്ടമായ മലയാളികളെ കാണാനെന്ന പേരിലാണ് 2016 ആഗസ്റ്റില്‍ ജലീല്‍ നയതന്ത്രപാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. എന്നാല്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ് അപ്പോള്‍ സൗദിയില്‍ ഉണ്ടായിരുന്നതിനാല്‍ അപേക്ഷ മന്ത്രാലയം തള്ളി. ഇതില്‍ വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിനെതിരെ ഉയര്‍ത്തിയത്. സംസ്ഥാന മന്ത്രിമാര്‍ നയതന്ത്രപ്രതിനിധികളായി വിദേശരാജ്യങ്ങളില്‍ പോകേണ്ടതില്ലെന്ന നിലപാടായിരുന്നു കേന്ദ്രം അന്ന് സ്വീകരിച്ചത്. സാധാരണ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ വിലക്കില്ലായിരുന്നുവെങ്കിലും നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന പേരില്‍ ജലീല്‍ സൗദി യാത്ര റദ്ദാക്കുകയും ചെയ്തു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ 2019 ഡിസംബറില്‍ ജലീല്‍ മാലദ്വീപിലേക്ക് നടത്തിയ രണ്ടുദിവസത്തെ യാത്രയും വിവാദമായിരുന്നു. ജലീലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാലദ്വീപിലെ ഇന്ത്യന്‍ എംബസിക്ക് ചെലവായ തുക കേരള സര്‍ക്കാരില്‍നിന്ന് വിദേശകാര്യമന്ത്രാലയം വാങ്ങിയിരുന്നു.
ഔദ്യോഗികാവശ്യത്തിനായി ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും നല്കുന്ന മെറൂണ്‍ നിറത്തിലുള്ള പാസ്പോര്‍ട്ടാണ് നയതന്ത്ര പാസ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കും ഇതു ലഭിക്കും. നയതന്ത്ര പരിരക്ഷയുള്ള ആളുകള്‍ക്കും അനുവദിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര പ്രതിനിധികളുടെ ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കും ലഭിക്കും. തിരികെ ഇന്ത്യയിലെത്തിയാല്‍ ഈ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയത്തിന് മടക്കി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: