ഉദുമ: വീട് നിര്‍മ്മാണം പാതിയില്‍ നിലച്ച കോട്ടിക്കുളത്തെ കടലോര കുടുംബങ്ങള്‍ അധികാരികളുടെ കനിവ് കാത്ത് നില്ക്കുന്നു. ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായത്തിന്റെ ഗഡുക്കള്‍ മുടങ്ങിയതാണ് മത്സ്യതൊഴിലാളികളെ തീരാദു:ഖത്തിലാക്കുന്നത്. കോട്ടിക്കുളം തീര ദേശമേഖലയിലെ മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗത്തിനും സ്വന്തമായി വീടില്ലാത്തത് വലിയ പ്രശ്നമാണ്. ഇതിന് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതില്‍ ആറ് ലക്ഷം രൂപ നല്കി 20 കുടുംബങ്ങള്‍ക്ക് കരിപ്പോടി മുച്ചിലോട്ട് സ്ഥലവും അനുവദിച്ചിരുന്നു.
ഭൂമിയുടെ വില കൂടാതെ വീട് നിര്‍മ്മാണത്തിന് 4 ലക്ഷവും അനുവദിച്ചിട്ടുണ്ടെങ്കിലും ഒരുലക്ഷം രൂപമാത്രമേ ഇവര്‍ക്ക് ലഭിച്ചിട്ടുള്ളു. ഈ പണം കൊണ്ട് പലരും വീട് നിര്‍മ്മാണം തുടങ്ങിയെങ്കിലും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. ഫിഷറീസ് വകുപ്പ് അടുത്ത ഗഡുക്കളായി അനുവദിക്കേണ്ട പണം നല്ക്കാത്തിനാല് പത്തിലധികം വീടുകളുടെ നിര്‍മ്മാണമാണ് പാതി വഴിയിലായത്. കൈയ്യില്‍ പണമുള്ളവര്‍ വീട് പണിയുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും രോഗികളായ മക്കള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത കുടുംബങ്ങള്‍ ദയനീയമായി കഴിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പാതിയില്‍ നിലച്ച വീടുനിര്‍മ്മാണത്തെ നോക്കി നെടുവീര്‍പ്പിടുന്ന മത്സ്യതൊഴിലാളികള്‍ ഫിഷറീസ് വകുപ്പിന് പുറമെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായവും പ്രതീക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: