ടൂറിന്: ഫുട്ബോള്‍ കളത്തിലെ റെക്കോഡുകള്‍ കൈപ്പിടിയിലാക്കി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കുതിക്കുമ്പോള്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ തുടരെ ഒമ്പതാം കിരീടമെന്ന സ്വപ്നതുല്യ നേട്ടം യുവന്റസിന് കൈയെത്തുംദൂരെ. യൂറോപ്പിലെ പ്രമുഖമായ മൂന്നു ലീഗുകളില്‍ 50 ഗോളെന്ന സമ്മോഹനമായ നേട്ടത്തിനൊപ്പമെത്തിയ ക്രിസ്റ്റ്യാനൊയുടെ കരുത്തില്‍ ലാസിയൊയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി യുവന്റസ് ലീഗില്‍ തലയുയര്‍ത്തി തന്നെ നില്ക്കുന്നു.
ടൂറിനിലെ അലയന്‍സ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനൊയുടെ ചടുലതയായിരുന്നു യുവന്റസിന്റെ വേഗം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മൂന്നു മിനിറ്റിനിടെ രണ്ടുവട്ടം ലക്ഷ്യം കണ്ടാണ് ക്രിസ്റ്റ്യാനൊ ടോറിനോകള്ക്ക് ജയം സമ്മാനിച്ചത്. 51-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. പെനല്‍റ്റിക്ക് കാരണമായതും പോര്‍ച്ചുഗല്‍ താരം. ലാസിയൊ പോസ്റ്റിലേക്ക് റോണോ തൊടുത്ത ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ബോക്സിന് അരികില്‍ വച്ച് ലാസിയൊ പ്രതിരോധനിരയിലെ ബാസ്റ്റോസിന്റെ കൈയില്‍ തട്ടി. റഫറി ആദ്യം ഫ്രീകിക്കാണ് വിധിച്ചതെങ്കിലും വീഡിയോ അനാലസിസിലൂടെ പെനല്‍റ്റി അനുവദിക്കുകയായിരുന്നു. പോസ്റ്റിന് വലതു മൂലയിലേക്ക് നിലംപറ്റെയുള്ള അടി തടുക്കാന്‍ ലാസിയൊ ഗോള്‍കീപ്പര്‍ തോമസ് സ്ട്രകോഷയ്ക്കായില്ല.
മൂന്നു മിനിറ്റിനു ശേഷം ക്രിസ്റ്റ്യാനൊ രണ്ടാമതും ലക്ഷ്യം കണ്ട് യുവന്റസിന്റെ ജയമുറപ്പാക്കി. പൗലൊ ഡിബാലയ്ക്കൊപ്പമുള്ള നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഡിബാല നല്കിയ പാസില്‍ അനായാസമായിരുന്നു ഗോള്‍. 83-ാം മിനിറ്റില്‍ സിറൊ ഇമ്മൊബൈല്‍ ലാസിയൊയ്ക്കായി ഒരു ഗോള്‍ മടക്കി.
മുപ്പത്തിനാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 80 പോയിന്റുമായാണ് യുവന്റസ് ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള ഇന്റര്‍ മിലാന് 72 പോയിന്റ്. ലീഗില്‍ നാല് മത്സരങ്ങള്‍ കൂടി അവശേഷിക്കെ അഞ്ച് പോയിന്റ് കൂടി നേടിയാല്‍ കിരീടം ടൂറിനില്‍ ഭദ്രം. എല്ലാ കളിയും ജയിച്ചാലും യുവന്റസ് തുടരെ തോറ്റാല്‍ മാത്രമേ ഇന്ററിന് പ്രതീക്ഷയുള്ളൂ. വ്യാഴാഴ്ച ഉഡിനീസിനെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.
ഗോളൊഴിയാതെ കാല്‍പ്പന്തു കളിയില്‍ ഏതു കളവും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയ്ക്ക് സ്വന്തം. അത് ഇംഗ്ലണ്ടായാലും സ്പെയ്നായാലും ഇറ്റലിയായാലും ശരി മാറ്റമില്ല. ലാസിയൊയ്ക്കെതിരായ ഇരട്ട ഗോള്‍ നേട്ടത്തോടെ ഇറ്റാലിയന്‍ ലീഗില്‍ 50 ഗോള്‍ എന്ന നാഴികക്കല്ല് മറികടന്ന റോണോ, യൂറോപ്പിലെ പ്രമുഖ മൂന്ന് ലീഗുകൡല് 50 ഗോള്‍ നേടുന്ന ആദ്യ താരമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനായും താരം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
കുറവ് മത്സരങ്ങളില്‍ നിന്നാണ് ഇറ്റലിയില്‍ റോണോയുടെ ഗോള്‍വേട്ട, 61 കളികള്‍. ഒരു സീസണില്‍ ഇറ്റലിയില്‍ കൂടുതല്‍ പെനല്‍റ്റി ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിനൊപ്പവും പോര്‍ച്ചുഗീസ് താരമെത്തി, 12 ഗോള്‍. 1994-1995 സീസണില്‍ ഗ്യിസെപ്പെ സിഗ്നോറിയും പന്ത്രണ്ട് ഗോള്‍ നേടിയിരുന്നു. യുണൈറ്റഡിനായി 172 കളിയില്‍ നിന്നും റയലിനായി 51 കളിയില്‍ നിന്നുമാണ് റോണോ ‘അര്‍ധശതകം’ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: