പിളര്‍പ്പിന് ശേഷം പിണങ്ങിയും ഇണങ്ങിയും പോകുന്ന കക്ഷികളാണ് സിപിഎമ്മും സിപിഐയും. ആശയപരമായി എന്തോ അന്തരമുണ്ടെന്ന് നടിക്കും. പക്ഷേ അമ്മയും മകളും പെണ്ണുതന്നെ. 1964 ലാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളരുന്നത്. അതിന് മുന്നേ കരിമ്പാറ കണക്കേ കെട്ടുറപ്പുള്ളതെന്ന് അവകാശപ്പെടുന്ന ലോക കമ്യൂണിസം പിളര്‍ന്നു. 1960 ലായിരുന്നു അത്. ഒരു കൂട്ടര്‍ ചൈനയ്‌ക്ക് ഒപ്പം. ഇവര്‍ ഇടതന്മാര്‍ എന്നറിയപ്പെട്ടു. മറ്റൊരു വിഭാഗം റഷ്യക്കൊപ്പം. ഇവര്‍ വലതന്മാരെന്നും അറിയപ്പെട്ടു. വലതന്മാര്‍ എന്ന് വിളിച്ചാല്‍ തെറി കേള്‍ക്കുന്നതിനെക്കാള്‍ ശുണ്ഠി അവര്‍ക്ക് വരുമെന്നുറപ്പ്. എന്നിട്ടും ശ്വാസമടക്കി അവര്‍ സഹിച്ചിരിക്കും.
പിളരുമ്പോള്‍ എസ്.എ. ഡാങ്കേ ചെയര്‍മാനും ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയും. ഡാങ്കേ ബ്രിട്ടീഷുകാരുടെ കിമ്പളം പറ്റുന്ന ഏജന്റാണെന്ന് പാര്‍ട്ടിക്കകത്ത് തന്നെ ചര്‍ച്ചയായതാണ്. കമ്യൂണിസ്റ്റ് വിരുദ്ധ വാരികയെന്ന് പൊതുവെ അറിയപ്പെടുന്ന ‘കറന്റ്’ രേഖകള്‍ നിരത്തി പ്രസിദ്ധീകരിച്ചതിലൂടെയാണ് ഏജന്‍സി പണി പുറംലോകം അറിയുന്നത്. ‘കറന്റ്’ നിരത്തിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന വാദം ശക്തമായിരുന്നു. കറന്റ് പ്രസിദ്ധപ്പെടുത്തിയ രേഖകളെക്കുറിച്ച് അന്വേഷണാവശ്യം ഉയര്‍ന്നെങ്കിലും അത് തള്ളപ്പെട്ടു. എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുള്ള പല കാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാണ്.
ഡാങ്കെ ഗ്രൂപ്പിനെയും അവരുടെ പരിഷ്‌കരണവാദത്തെയും തള്ളി നാഷണല്‍ കൗണ്‍സില്‍ നിന്നും വാക്കൗട്ട് നടത്തിയ 32 പേര്‍ ചേര്‍ന്ന് രൂപംകൊണ്ടതാണ് സിപിഎം. പിളര്‍പ്പിനുശേഷം ഒന്നിച്ച് നീങ്ങാന്‍ അഞ്ചുവര്‍ഷമെടുത്തു. ഇതിനിടയില്‍ 1965 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് മൂന്നു സീറ്റിലേ ജയിക്കാനായുള്ളൂ. ഏറ്റവും ഒടുവിലുയര്‍ന്ന തര്‍ക്കത്തിനിടയില്‍ ഈ തോല്‍വിയും സിപിഎം, സിപിഐയെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
67 ല്‍ കൂട്ടു മന്ത്രിസഭയുണ്ടാക്കിയെങ്കിലും 24 മാസം പോലും അതിന് ആയുസ്സുണ്ടായില്ല. പിന്നെ സിപിഐയുടെ പൊറുതി കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. രാജ്യസഭാംഗമായിരുന്ന സി.അച്യുതമേനോനെ കേരളത്തിലെത്തിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയുമായി. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കാര്യങ്ങളെല്ലാം നടത്തിയത് കെ. കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയും ബേബി ജോണുമൊക്കെയായിരുന്നല്ലൊ. എന്നാലും അച്യുതമേനോന്‍ വെറുമൊരു മേനോനല്ല, സംശുദ്ധ ഭരണത്തിന്റെ അപ്പോസ്തലനാണെന്നൊക്കെ പറയും. ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തോടൊക്കെ അവമതിപ്പ് പ്രകടിപ്പിക്കുന്ന സിപിഐക്ക് അന്ന് നാവുപൊങ്ങിയത് അടിയന്തരാവസ്ഥയെ ന്യായീകരിക്കാനാണെന്ന് അറിയാത്തവരില്ല. ബോണസ്സിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് പാടിയ മുഖ്യമന്ത്രിയായിരുന്നല്ലൊ അച്യുതമേനോന്‍.
അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിരാ ഭരണം അസ്തമിച്ചപ്പോഴാണ് സിപിഐയ്‌ക്ക് പ്രത്യയ ശാസ്ത്ര ഉള്‍വിളി വന്നത്. ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും ഒന്നിച്ച് നീങ്ങണമെങ്കില്‍ ക്ലീന്‍ സ്ലേറ്റില്‍ തുടങ്ങാമെന്ന് നമ്പൂതിരിപ്പാട്. അങ്ങനെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ കോണ്‍ഗ്രസ് ബന്ധം വിട്ട് മുഖ്യമന്ത്രി പദവി രാജിവച്ചിറങ്ങിയത്. അതിനുശേഷമാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് ഇവിടംവരെ എത്തിയത്.
ഇപ്പോള്‍ സിപിഐ ചില കാര്യങ്ങളില്‍ ശക്തിയായി പറയുന്നുണ്ട്. മന്ത്രിസഭ പോലും തീരുമാനിക്കാതെ നയപരമായ കാര്യങ്ങളില്‍ പോലും മുഖ്യമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായ തീരുമാനമെടുക്കുന്നു എന്നതാണ് മുഖ്യപരാതി. അത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പം വേര്‍പിരിയും എന്നൊക്കെ തോന്നിപ്പിക്കും. അധികം മസിലു പിടിക്കുന്നത് ഏതെങ്കിലും കാര്യം നേടാനായിരിക്കുമെന്ന് സര്‍വരും ഇപ്പോള്‍ പറയുന്നു. കയര്‍ക്കാനല്ലാതെ കടിക്കാന്‍ ശേഷിയില്ലാത്ത കക്ഷിയാണ് സിപിഐ എന്ന തോന്നല്‍ സമൂഹത്തില്‍ അവര്‍ തന്നെയല്ലേ ഉണ്ടാക്കുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: