ഇരിട്ടി: പുതിയ പാലം പ്രവർത്തിയുമായി ബന്ധപ്പെട്ട് പുഴയിൽ നിക്ഷേപിച്ച മണ്ണ് മാറ്റൽ പ്രവർത്തി നിലച്ചമട്ടിൽ. ജില്ലാ കളക്ടർ ഉൾപ്പെടെ ഇടപ്പെട്ട് ഉടൻ മണ്ണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നിക്ഷേപിച്ച ആയിരക്കണക്കിന് ലോഡ് മണ്ണിൽ 20 ശതമാനത്തോളം മണ്ണ് മാത്രമേ ഇതുവരെയായി നീക്കം ചെയ്തുള്ളൂ. ബാക്കി മണ്ണ് മുഴുവൻ ഇപ്പോഴും പുഴയിൽ തന്നെ കിടക്കുകയാണ്.
ഇരിട്ടി പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായാണ് തുടർച്ചയായി മൂന്നുവർഷമായി പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗം കൂടിയായ പുഴയിൽ ആയിരക്കണക്കിന് ലോഡ് മണ്ണ് നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്ന് കാലവർഷത്തിലും പുഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും ഈ മണ്ണും കല്ലുകളും മുഴുവൻ ഒഴുകി പോവുകയായിരുന്നു. ഈ മണ്ണും കല്ലുകളും അടിഞ്ഞ് പാലത്തിന് താഴ് വശത്തുള്ള പുഴയുടെ ആഴം കുറയുകയും പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകുകയുമാണ്. തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി . ഇതുമൂലം ഗതിമാറി ഒഴുകുന്ന പുഴ കീഴൂർ മഹാദേവക്ഷേത്ര ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. പഴശ്ശിയിൽ ഷട്ടർ പൂർണ്ണമായും അടക്കുന്നതോടെ ജലസമൃദ്ധമായി വേനൽക്കാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമായതിനാൽ കഴിഞ്ഞ കാലവർഷത്തിന് ശേഷം പുഴയിൽ സംഭവിച്ച ഈ ഗതിമാറ്റം ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ ഷട്ടർ മുഴുവൻ ഉയർത്തി വെള്ളം തുറന്നു വിട്ടതോടെയാണ് ഗുരുതരമായ ഈ പ്രശനം ശ്രദ്ധയിൽ പെട്ടത്. മഴ ശക്‌തിപ്പെടുമ്പോൾ കുതിച്ചെത്തുന്ന വെള്ളം ക്ഷേത്രഭൂമിയുടെ അതിരെടുക്കുന്ന ഭീഷണമായ അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ഇതുസംബന്ധിച്ച പരാതി ഇ മെയിൽ വഴി ജില്ലാ കളക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഇത്തരം പ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കുമുന്പ് പുഴയിലെ മണ്ണ് മുഴുവൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരിതസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതിനെത്തുടർന്ന് കാലവർഷത്തിന് മുൻപേ പുഴയിൽ നിക്ഷേപിച്ച കല്ലും മണ്ണും മാറ്റാൻ ജില്ലാ ഭരണകൂടം തന്നെ ഇടപെട്ടു. എന്നാൽ അധികൃതരുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള രീതിയിൽ ഒച്ചിന്റെ വേഗതയിലാണ് പ്രവർത്തി നടത്തുന്നത്. മഴ ശക്തിപ്പെടുന്നതോടെ മണ്ണ് മുഴുവൻ കഴിഞ്ഞ വർഷത്തെപ്പോലെ ഒഴുകിപ്പോകട്ടേ എന്ന കണക്കു കൂട്ടലിലാണ് കരാർ കമ്പനി എന്നാണ് അനുമാനിക്കേണ്ടത്. ഇതുമൂലം ഇനിയും പുഴയിൽ മണ്ണടിഞ്ഞാൽ ഉണ്ടാകുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങളും പരിതസ്ഥിതി സംഘടനകളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: