കണ്ണൂർ: കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍, ജില്ലാ പോലീസ് മേധാവി, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഇന്നലെ നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. 1. ജില്ലയിലെ ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം അഞ്ചു മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
2. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം അഞ്ചു മണിവരെ മാത്രം. അതിനു ശേഷം രാത്രി 8 മണിവരെ ഭക്ഷണം പാര്‍സല്‍ വഴി വിതരണം ചെയ്യാം. കൂടാതെ ഹോട്ടലുകളില്‍ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം, മാസ്‌ക് ധാരണം തുടങ്ങിയവ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഹോട്ടലുകളില്‍ സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങളും മൊബൈല്‍ നമ്പറും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയില്‍ അത് യഥാസമയം ഹാജരാക്കേണ്ടതുമാണ്. മേല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം.
3. ജില്ലയിലെ വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതാണ്. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും ജില്ലയില്‍ എത്തിച്ചേരുന്നവരെ വാര്‍ഡ് തല ജാഗ്രതാ സമിതി പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്.
4. ‘ഷോര്‍ട്ട് വിസിറ്റ് പാസ്’ വഴി ജില്ലയില്‍ എത്തിച്ചേരുന്നവര്‍ പാസില്‍ അനുവദിച്ച സ്ഥലങ്ങളല്ലാത്ത മറ്റിടങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നും യഥാസമയം തിരിച്ച് പോകുന്നുണ്ടെന്നും തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും പോലീസും പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. മേല്‍ നിര്‍ദ്ദേശം ലംഘിക്കുന്ന സന്ദര്‍ശകര്‍ക്കെതിരെ കര്‍ശന നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം.
5. വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. തട്ടുകടകള്‍ നടത്തി ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.
6. ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍ ജൂലൈ 31 വരെ പൂര്‍ണ്ണമായും അടച്ചിടേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മത്സ്യമാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തയ്യാറാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.
7. ഞായറാഴ്ച ദിവസങ്ങളില്‍ ബീച്ചുകള്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കൂടാതെ ഞായറാഴ്ച ദിവസങ്ങളിലെ അനാവശ്യ യാത്രകള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. അവശ്യ സാധനങ്ങള്‍ വില്‍പന നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് സ്ഥാപനങ്ങള്‍ അന്നേ ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
8. ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ സംവിധാനം സ്‌പോണ്‍സര്‍മാര്‍/ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ സജ്ജമാക്കേണ്ടതും ക്വാറന്റൈനില്‍ കഴിയുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തേണ്ടതുമാണ്. ഒറ്റപ്പെട്ട് വരുന്ന മറ്റ് തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും ഏര്‍പ്പെടുത്തേണ്ടതാണ്.
9. ഗ്ലൗസ്, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ ക്ഷാമം നേരിടാത്ത വിധം അവയുടെ ലഭ്യത തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുന്‍കൂറായി ഉറപ്പ് വരുത്തേണ്ടതാണ്.
10. മറ്റു സ്ഥലങ്ങളില്‍ നിന്ന് പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ കോളനികളിലേക്ക് പ്രവേശിക്കുന്നവരെ പ്രത്യേക സ്‌ക്വാഡ് മുഖാന്തിരം നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്. പ്രസ്തുത കോളനികളില്‍ താമസിക്കുന്നവര്‍ സാമൂഹിക അകലം, മാസ്‌ക്-ഗ്ലൗസ് ധാരണം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഇതു സംബന്ധിച്ച ബോധവല്‍ക്കരണം എസ് സി-എസ്ടി പ്രമോട്ടര്‍മാര്‍ മുഖാന്തിരം നല്‍കണം.
11. സാമൂഹിക അകലം, മാസ്‌ക് ധാരണം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൂടുതല്‍ യാത്രക്കാരെ തിരുകിക്കയറ്റിയും ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ലെന്ന് ആര്‍ടിഒയും പോലിസും ഉറപ്പു വരുത്തേണ്ടതും ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
12. റെയില്‍വെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ സാമൂഹിക അകലം, മാസ്‌ക് ധാരണം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സഞ്ചരിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തേണ്ടതാണ്.
13. ഓട്ടോറിക്ഷ/ടാക്‌സി എന്നിവയില്‍ ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള ബന്ധം ഒഴിവാക്കുന്നതിനായി കാബിന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതും ആര്‍ടിഒയും പോലീസും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്..
14. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും മാളുകളിലും ഷോപ്പുകളിലും വലിയ കച്ചവട കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ കര്‍നമായും പാലിക്കേണ്ടതാണ്. ഇവിടങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങളും, മൊബൈല്‍ നമ്പറും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയില്‍ അത് യഥാസമയം ഹാജരാക്കേണ്ടതുമാണ്.
15. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ താല്‍കാലികമായി റദ്ദ് ചെയ്യേണ്ടതാണ്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരേയോ ജില്ലാ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലോ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
16. ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ തദവസരത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
17. ഉപയോഗ ശൂന്യമായ മാസ്‌ക് /ഗ്ലൗസ് എന്നിവ യഥാസമയം നീക്കം ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ / ശുചിത്വമിഷന്‍ സ്വീകരിക്കേണ്ടതാണ്.
18. അന്യ സംസ്ഥാനങ്ങള്‍/ജില്ലകളില്‍ നിന്നെത്തുന്ന ട്രക്കുകളിലെയും മറ്റും ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ സജ്ജമാക്കി, അവര്‍ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രത്യേകം ഉറപ്പു വരുത്തേണ്ടതുമാണ്.
19. എടിഎം കൗണ്ടറുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ബാങ്ക് അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്.
20. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ പ്രവ്രത്തനങ്ങള്‍ പൊതു ഇടങ്ങളില്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.
21. അനാവശ്യമായ ഇതര സംസ്ഥാന/ജില്ലാ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
22. വിവാഹച്ചടങ്ങുകള്‍, ഗൃഹപ്രവേശനം ഉള്‍പ്പെടെയുള്ള മറ്റ് ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവ വാര്‍ഡ് തല കമ്മിറ്റികള്‍ അറിയാതെ യാതൊരു കാരണവശാലും സംഘടിപ്പിക്കരുത്. കൂടാതെ മേല്‍ ചടങ്ങുകളില്‍ അനുവദിച്ച എണ്ണവും കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരും വാര്‍ഡുതല കമ്മിറ്റികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആയത് ലംഘിക്കാത്ത പക്ഷം മാത്രം വിവാഹ/ മരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാവുന്നതാണ്.
23. ആരാധനാലയങ്ങളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്.
24. മൊബൈല്‍ സംവിധാനം ഉപയോഗിച്ച് പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.
കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്.
ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി നടത്തിയ കോണ്‍ഫറന്‍സില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, എസ്പി, ഡിഎംഒ, ഡിവൈഎസ്പിമാര്‍, ഡിഡിപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: