മനുഷ്യന്റെ മാംസ ഉപഭോഗത്തിനായി നടത്തപ്പെടുന്ന കശാപ്പുകളുടെ കാര്യത്തിൽ അവയിലെ ക്രൂരത കുറച്ചുകൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ലോകമെങ്ങും വിവിധ ചട്ടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം നിയമങ്ങളും ചട്ടങ്ങളും എല്ലാം തന്നെ വളരെ ആരോഗ്യകരമായ അന്തരീക്ഷത്തിലും ഏറ്റവും കുറഞ്ഞ വേദനയോടെയും ആവണം മൃഗങ്ങൾ കശാപ്പ് ചെയ്യപ്പെടുന്നത് എന്ന് ഉറപ്പു വരുത്താനായിട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ (ചില സംസ്ഥാനങ്ങളിൽ) തുടങ്ങിയ ചില ജനാധിപത്യ രാജ്യങ്ങളിൽ ഉൾപ്പെടെ മതാനുഷ്ഠാനത്തിൻറെ ഭാഗമായി നടത്തപ്പെടുന്ന കശാപ്പിനെ ഇത്തരം നിയമങ്ങളുടെ ‘മൃഗപീഡനം’ സംബന്ധമായ വശങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത് ഈ നിയമങ്ങളുടെ മൃഗക്ഷേമ നിലപാടിൽ നിന്നുള്ള അടിസ്ഥാനപരമായ വ്യതിചലനമാണ്. ‘ആഗോള ഇസ്ലാമിക സാമ്പത്തിക സ്ഥിതി’ (2016/17) യുടെ കണക്ക് അനുസരിച്ച് ഹലാൽ സർട്ടിഫിക്കേഷൻ എന്നത് 2.1 ലക്ഷം കോടി ഡോളറിന്റെ വ്യവസായമാണ്. എന്തു കൊണ്ടാണ് കശാപ്പ് നിയമങ്ങളിൽ വെള്ളം ചേർക്കപ്പെടുന്നത് എന്നത് ഈ സംഖ്യ കാണുമ്പോൾ നമുക്ക് ഒരുപക്ഷേ മനസ്സിലാകും. മൃഗക്ഷേമം എന്നത് തുടർച്ചയായി പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന ആശയമാണ്. ഇന്നത്തെ നിലക്ക് അത് പൂർണ്ണമായി വികസിച്ചു എന്ന് പറയാൻ കഴിയില്ല. ഇനിയും അവയിൽ ചർച്ചകൾ ആവശ്യമുണ്ട്.
ലോകതലത്തില്‍ നോക്കിയാല്‍ ഏറ്റവും വ്യാപകമായി നിലവിലിരിക്കുന്ന മതപരമായ രണ്ട് കശാപ്പ് രീതികളാണ് കോഷെറും ഹലാലും. യഥാക്രമം ജ്യൂതന്മാരും മുസ്ലീങ്ങളും പിന്തുടരുന്ന ഒരേ പ്രക്രിയയുടെ സാങ്കേതികമായ രണ്ട് പേരുകള്‍ മാത്രമാണിവ. പാരമ്പര്യമായി ഹിന്ദുക്കളും സിക്കുകാരും പിന്തുടരുന്ന സമ്പ്രദായമാണ് ജട്ക്ക. 200 ദശലക്ഷം മുസ്ലീങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ വര്‍ഷം മുഴുവനും വലിയ തോതില്‍ ഹലാല്‍ രീതിയിലുള്ള കശാപ്പുകള്‍ നടക്കുന്നു. അവരുടെ ബലിപെരുന്നാള്‍ ഉത്സവ സമയത്ത് പ്രത്യേകിച്ചും.
തത്വത്തിൽ, ആരോഗ്യമുള്ള മൃഗങ്ങളെ മാത്രമേ ബലിക്കായി തെരെഞ്ഞെടുക്കാൻ പാടുള്ളൂ എന്നാണ്. മൂര്‍ച്ചവരുത്തിയ കത്തി ഉപയോഗിച്ച് കഴുത്തിന് മുന്‍ഭാഗത്ത് നിന്ന് പുറകിലേക്ക് ഒറ്റത്തവണയായി ശ്വാസനാളം, അന്നനാളം, കരോട്ടിഡ് ധമനികള്‍, ജുഗുലാർ സിരകള്‍, വാഗസ് നാഡികള്‍ എന്നിവ മുറിച്ച് രക്തം വാര്‍ന്ന് മൃഗം മരിക്കാന്‍ അനുവദിക്കുന്ന രീതിയാണ് കോഷർ അല്ലെങ്കിൽ ഹലാൽ അറവ്. ഇത്തരത്തില്‍ കഴുത്തിന് മുന്നിലൂടെയുള്ള അറവില്‍ മൃഗത്തിന്റെ മരണം വരെ സുഷുമ്നാ നാഡീ വ്യവസ്ഥയ്‌ക്ക് ഒരു കോട്ടവും തട്ടുന്നില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി ജട്ക്ക രീതിയിലുള്ള അറവില്‍ സുഷുമ്നാ നാളി പൂര്‍ണ്ണമായും മുറിച്ചു മാറ്റുന്ന വിധത്തില്‍ മൃഗത്തിന്റെ കഴുത്തിന് പുറകിലാണ് മുറിവ് ഉണ്ടാക്കുന്നത്. ഈ രീതിയില്‍ ഒരൊറ്റ വെട്ടിനു തന്നെ നട്ടെല്ല് പൂര്‍ണ്ണമായും മുറിയുകയും ശിരസ്സ് വേര്‍പെടുകയും ചെയ്യുന്നതു കൊണ്ട് കൂടുതല്‍ ഭാരമുള്ളതും മൂര്‍ച്ചയുള്ളതുമായ ആയുധമാണ് ഇതില്‍ ഉപയോഗിക്കുന്നത്.
ഇനി ഈ രണ്ടു മാര്‍ഗ്ഗങ്ങളുടേയും തരതമ്യം. നമുക്ക് ശാസ്ത്രീയമായ അറിവുകളേയും ഗവേഷണ ഫലങ്ങളേയും ആസ്പദമാക്കി മൃഗക്ഷേമത്തിന്റെ ദൃഷ്ടിയില്‍ ഇവയില്‍ ഏതാണ് കൂടുതല്‍ മാനുഷികമായത് എന്ന് വിലയിരുത്താം.
a. സാധാരണയായി നമ്മുടെ ശരീരത്തില്‍ അനുഭവപ്പെടുന്ന ഏതൊരു സംവേദനവും ആദ്യം മനസ്സിലാക്കുന്നത് കോഗ്നേറ്റ് മാംസ്യങ്ങള്‍ (cognate receptor proteins) ആണ്. അത് പിന്നീട് നാഡികള്‍ വഴി സുഷുമ്നയിലൂടെ തലച്ചോറിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടുന്നു. അതിനോടുള്ള തലച്ചോറിന്റെ പ്രതികരണങ്ങളും സുഷുമ്നയിലെ ന്യൂറോണുകളിലൂടെ തിരികെ പ്രക്ഷേപണം ചെയ്യപ്പെട്ട് ശരീര പേശികളുടെ പ്രവര്‍ത്തനമായി പ്രത്യക്ഷപ്പെടുന്നു. ഹലാല്‍ അറവില്‍ ഈ സുഷുമ്നാ നാഡീ മാര്‍ഗ്ഗത്തിന് യാതൊരു കോട്ടവും തട്ടാതെ സൂക്ഷിക്കുന്നുണ്ട്. ജട്ക്കയില്‍ സുഷുമ്ന ഉടനടി മുറിക്കപ്പെടുകയാണ്. അതുകൊണ്ട് ജട്ക്കയില്‍ വേദനയുടെ സംവേദനം ഉടന്‍തന്നെ നഷ്ടപ്പെടുകയാണ് ചെയ്യുക. എന്നാല്‍ ഹലാലിന്റെ കാര്യത്തില്‍ തലച്ചോറില്‍ നിന്നുള്ള വേദനാ സംവേദനം മൃഗം മരിക്കുന്നതുവരെ പ്രക്ഷേപണം ചെയ്യപ്പെട്ടു കൊണ്ടിരിക്കും.
b. വേദന അളക്കുന്നതിന് ഇന്നുള്ള ഏറ്റവും അംഗീകരിക്കപ്പെട്ട മാര്‍ഗ്ഗം EEG (ഇലക്ട്രോഎന്‍സഫലോഗ്രാം) അഥവാ തലച്ചോറിന്റെ ന്യൂറോണല്‍ വൈദ്യുത പ്രതികരണത്തെ കുറിച്ചുള്ള പഠനമാണ്. മയങ്ങുന്ന മൃഗങ്ങള്‍ അവയുടെ വേദന എല്ലായ്‌പ്പോഴും പ്രത്യക്ഷ രീതിയില്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഇ ഇ ജി അവയുടെ വേദന മനസ്സിലാക്കുന്ന കാര്യത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കും. സുഷുമ്ന മുറിഞ്ഞ് അഞ്ചുമുതല്‍ – പത്തുവരെ സെക്കന്‍റുകള്‍ക്കുള്ളില്‍ മസ്തിഷ്കാവരണത്തിന്റെ (സെറെബ്രല്‍ കോര്‍ടെക്സ്) പ്രവര്‍ത്തനം നിലയ്‌ക്കുന്നതായി ശാസ്ത്രജ്ഞന്മാര്‍ കാണിച്ചു തന്നിട്ടുണ്ട്.(9). ഹലാലില്‍ ചെയ്യുന്നതുപോലെ കഴുത്തിനു മുന്നില്‍ മുറിവുണ്ടാക്കി കൊല്ലുമ്പോള്‍ മൃഗങ്ങള്‍ 60 സെക്കന്‍റ് വരെയും ചിലപ്പോള്‍ മിനിറ്റുകളോളവും വേദന അനുഭവിക്കുന്നതായി ഫ്രെഞ്ച് ഗവേഷകരുടെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഹലാല്‍ അറവില്‍ മുറിവ് കൃത്യമായില്ലെങ്കില്‍ മൃഗങ്ങള്‍ അസഹനീയമായ വേദനയിലൂടെ കടന്നു പോകേണ്ടി വരുന്നു. ഇങ്ങനെ കഷ്ടത ഉണ്ടാകുന്നത് രണ്ട് കാരണങ്ങളാലാണ്. സുഷുമ്നാ ബന്ധം യാതൊരു തടസ്സവുമില്ലാതെ നിലനില്‍ക്കുന്നു എന്നതും രണ്ട് നട്ടെല്ലിലൂടെ പോകുന്ന രക്തധമനികള്‍ മുറിയാത്തതുകൊണ്ട്, തലച്ചോറിന് രക്തം കിട്ടിക്കൊണ്ടിരിക്കുന്നു എന്നതുമാണവ.
ഇതിന് വിപരീതമായി ജട്ക്ക സമ്പ്രദായത്തില്‍ നാഡീ ബന്ധവും ധമനികളുടെ ബന്ധവും ഒന്നിച്ച് പെട്ടെന്ന് മുറിയുന്നതിനാല്‍ തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം നിലയ്‌ക്കുകയും മൃഗത്തിന്റെ ബോധം പൂര്‍ണ്ണമായും പെട്ടെന്നു തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു.. ഹലാല്‍ കശാപ്പില്‍ കഴുത്തിനു മുന്നിലൂടെ ഉണ്ടാക്കുന്ന മുറിവ് വേദനാ സംവേദന കേന്ദ്രങ്ങളുടെ ഉത്തേജനത്തിന് കാരണമാവുകയും വേദനയുടെ അനുഭവത്തെ കൂട്ടുകയും ചെയ്യുന്നു എന്ന് ആസ്ത്രലേഷ്യന്‍ ബ്രിട്ടീഷ് ഗവേഷണ സംഘങ്ങളുടെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
c. അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാന മൃഗക്ഷേമ അതോറിറ്റികളും കന്നുകാലികള്‍ക്കായി ശുപാര്‍ശ ചെയ്യുന്നത് ഒറ്റ വെട്ടിലുള്ള കശാപ്പാണ്.(1). അല്ലെങ്കില്‍ ബോധം കെടുത്തിയതിനു ശേഷമുള്ള അറവാണ്. (യന്ത്രത്തിന്റെയോ വൈദ്യുതിയുടേയോ സഹായത്തോടെ മിന്നല്‍ വേഗത്തില്‍ ബോധം നഷ്ടപ്പെടുത്തുന്ന രീതിയാണ് കന്നുകാലികളെ സ്തംഭിപ്പിക്കാന്‍ ഉപയോഗിക്കുന്നത്). ശിരഛേദം നടത്തിയുള്ള ദയാവധം വളരെ വേഗത്തിലുള്ളതും വേദനാരഹിതവുമായ ബോധക്ഷയം ഉണ്ടാക്കുന്നതായി ലാബറട്ടറികളിലെ പെരുച്ചാഴികളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൃഗക്ഷേമ നിയമവും (AWA), ലാബറട്ടറി പരീക്ഷണ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചട്ടവും (PHS) അനുസരിച്ച് സുഷുമ്ന മുറിച്ചും, ശിരഛേദം ചെയ്തും ഉള്ള രീതികളാണ് മൃഗങ്ങളുടെ ദയാവധത്തിനായി ശാസ്ത്രീയവും നൈതികവും ആയി അംഗീകരിക്കപ്പെട്ടിട്ടുള്ള മാര്‍ഗ്ഗങ്ങള്‍. അതേ സമയം കഴുത്തിന് മുന്‍ഭാഗം മുറിച്ചു കൊണ്ടുള്ള രീതി കൂടിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈസ് വാതകമുപയോഗിച്ചു കൊണ്ടുള്ള സ്തംഭിപ്പിക്കലിനോ അനസ്തേഷ്യയ്‌ക്കൊ ശേഷം മാത്രം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ലാബറട്ടറി മൃഗങ്ങളുടെ കാര്യത്തില്‍ ഈ നിയമങ്ങളാണ് ലോകമെങ്ങുമുള്ള ശാസ്ത്ര സമൂഹം പിന്തുടര്‍ന്നു വരുന്നത്.
d. ഹലാല്‍ അല്ലെങ്കില്‍ കോഷെര്‍ രീതിയില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ കാര്യത്തില്‍ മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മൂന്ന് ഹോര്‍മോണുകള്‍ (കോര്‍ട്ടിസോള്‍, നോര്‍-അഡ്രിനാലിന്‍, ഡോപമൈന്‍) 30 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിക്കുന്നതായി ലോകമെങ്ങുമുള്ള പല ഗവേഷക സംഘങ്ങളും പലപ്പോഴായി തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ഇത് സംഭവിക്കാന്‍ കാരണം എല്ലാ സ്ട്രെസ്സ് ഹോര്‍മോണുകളും ഉള്‍പ്പെടെ മിക്ക ഹോര്‍മോണുകളുടേയും വ്യാപനം നിയന്ത്രിക്കപ്പെടുന്നത് തലച്ചോറിലെ ഹൈപ്പോത്തലാമസില്‍ നിന്നുണ്ടാകുന്ന സ്രവങ്ങളുടെ ഫലമായിട്ടാണ്.
ബോധം കെടുത്താതെ കശാപ്പ് ചെയ്യുമ്പോള്‍ മൃഗത്തിന്റെ രക്തത്തിലെ കോര്‍ട്ടിസോള്‍ അളവ് കൂടുകയും തുടര്‍ന്ന് മാംസപേശികളുടെ ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്ന് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ടെംപിള്‍ ഗ്രാന്‍റിന്‍ ചെയ്ത ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണയായി സമ്മര്‍ദങ്ങളുടെ ഫലമായി ഉണ്ടാകുന്ന മിതമായ അളവിലുള്ള അഡ്രിനാലിന്‍ വ്യാപനം, മാംസപേശികളിലെ ഗ്ലൈക്കോജെനെ ലാക്‍ടിക്ക് ആസിഡായി പരിവര്‍ത്തിപ്പിക്കുകയും, മാംസത്തിന്റെ pH മൂല്യം കുറയ്‌ക്കുകയും ചെയ്യുന്നു. അതിലൂടെ മാംസത്തിന് അമ്ല സ്വഭാവം കൈവരുന്നു. ഇത് മാംസത്തെ മൃദുവും പിങ്ക് നിറത്തിലുള്ളതുമായി നിലനിര്‍ത്തുക മാത്രമല്ല, ഉപദ്രവകാരികളായ ബാക്ടീരിയകളുടെ വളര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം കൂടുതല്‍ ഉണ്ടാക്കുന്ന കശാപ്പ് രീതിയില്‍, അമിതമായ തോതില്‍ ഉണ്ടാകുന്ന ഇതേ ഹോര്‍മോണുകളുടെ വ്യാപനം മാംസപേശികളിലെ ഗ്ലൈക്കോജനെ പെട്ടെന്ന് തന്നെ ക്ഷയിപ്പിക്കും. മാംസം മാര്‍ക്കറ്റില്‍ എത്തുമ്പോഴേക്കും അതില്‍ ലാക്‍റ്റിക് ആസിഡ് ഇല്ലാത്ത സ്ഥിതി വരും. അത് pH മൂല്യം ഉയര്‍ത്തുകയും, ബാക്ടീരിയയുടെ വളര്‍ച്ചയ്‌ക്ക് വേഗം കൂട്ടുകയും ചെയ്യും. മാംസം ഇരുണ്ടതും, വരണ്ടതും, മുറുക്കമുള്ളതും ആയി മാറുന്നതിനും ഇത് കാരണമാകും.
കൂടാതെ രാസപരമായി അഡ്രിനാലിന്‍ ഒഴികെയുള്ള മിക്ക സ്ട്രെസ്സ് ഹോര്‍മോണുകളും ഉത്തേജക പദാര്‍ഥങ്ങളാണ്. അവയ്‌ക്ക് കോശഭിത്തിയിലേക്ക് നേരിട്ട് സഞ്ചരിച്ച് ന്യൂക്ലിയസ്സിലെ ഡി എന്‍ എ കളുമായി സ്വയം ബന്ധിച്ച് തിരുത്താന്‍ കഴിയാത്ത ജീന്‍ മാറ്റങ്ങള്‍ക്ക് കാരണമാവാന്‍ കഴിയും. മൃഗത്തിന്റെ ശരീരത്തില്‍ നിന്നും രക്തം പൂര്‍ണ്ണമായി മാറ്റിയതിനു ശേഷവും ഈ രാസപ്രവര്‍ത്തനത്തിന്റെ ഫലം വളരെ നീണ്ടു നില്‍ക്കാന്‍ സാദ്ധ്യതയുള്ളതാണ്.
ഇതുപോലെ ആടുകളില്‍ സ്ട്രെസ് ഹോര്‍മോണുകള്‍ കൃത്രിമമായി കുത്തി വച്ചപ്പോള്‍ മാംസത്തിന്റെ ഘടനയിലും രുചിയിലും അത് മാറ്റം വരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എലികളില്‍ നടത്തിയ ഇതുപോലുള്ള മറ്റൊരു പഠനത്തില്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് കണ്ടെത്തിയത് മയക്കാതെ പെട്ടെന്നുള്ള ശിരഛേദത്തില്‍ കൊല്ലപ്പെടുമ്പോള്‍, കുറഞ്ഞ തോതിലുള്ള സമ്മര്‍ദ്ദ പ്രതികരണം കൊണ്ടാവാം കോര്‍ട്ടിക്കോസ്റ്ററോണിന്റെ അളവ് സ്ഥിരമായി കുറഞ്ഞു തന്നെയിരിക്കുന്നു എന്നാണ്.
ഇന്ത്യയില്‍, കേരളം, ബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരെ നിയമങ്ങള്‍ നിലവിലുണ്ട്. കൊല്ലുന്നതിനു മുമ്പ് സ്തംഭിപ്പിക്കുക എന്നത് ഇവിടെ കശാപ്പ് ശാലകളിലെ ഔദ്യോഗികമായ മുന്‍വ്യവസ്ഥയാണ് (2001 ലെ കശാപ്പുശാലാ നിയമം റൂള്‍ 6). അതുപോലെ മറ്റു മൃഗങ്ങളുടെ മുന്നില്‍ വച്ച് ഒരു മൃഗത്തേയും കൊല്ലാന്‍ പാടില്ല എന്നുമുണ്ട്. മൃഗങ്ങളില്‍ സമ്മര്‍ദ്ദം വളരാതിരിക്കാനാണ് ഇത്. അതുപോലെ ഭക്ഷ്യ സുരക്ഷാ നിയമം, 201133 ലെ റൂള്‍ 4.1 ന്റെ ഉപവ്യവസ്ഥ 4(a) അനുസരിച്ചും ബോധം കെടുത്തല്‍ നിര്‍ബന്ധമാണ്.
എന്നാല്‍ യഥാർത്ഥത്തില്‍ സ്ഥിതി തീര്‍ത്തും മറ്റൊന്നാണ്. കഴിഞ്ഞ വര്‍ഷം PETA (മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നൈതികത ആവശ്യപ്പെടുന്ന സംഘടന) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ കശാപ്പു ശാലകളില്‍ മൃഗങ്ങളുടെ നേരെ ക്രൂരതകള്‍ നടക്കുന്നുണ്ട്. കശാപ്പുകാര്‍ മൂര്‍ച്ചകുറഞ്ഞ ആയുധങ്ങള്‍ കൊണ്ട് അറുക്കുകയും അവയെ ചോരവര്‍ന്നു മരിക്കാന്‍ വിടുകയുമാണ് ചെയ്യുന്നത്. കന്നുകാലികള്‍ക്ക് ജീവനുള്ളപ്പോള്‍ തന്നെ മറ്റു മൃഗങ്ങളുടെ മുന്നില്‍ വച്ച് അവയുടെ തൊലിയുരിക്കുകയും അംഗഛേദം ചെയ്യുകയും ചെയ്യുന്നു. മതചടങ്ങുകളുടെ ഭാഗമായുള്ള ബലികള്‍ക്ക് പശ്ചിമ ബംഗാള്‍ മൃഗ കശാപ്പ് നിയമം, 1950 ചില ഇളവുകള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ നിലപാട് അത് നിയമവിരുദ്ധമാണ് എന്നാണ്.
മാംസത്തിനും തുകലിനുമായി കൊല്ലുന്ന മൃഗങ്ങളുടെ പരിചരണം നിരീക്ഷിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും, നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് 2017 ല്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവ് നല്‍കുകയുണ്ടായി.
ഹലാല്‍, കോഷെര്‍ തുടങ്ങിയ മതചടങ്ങുകളില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ കഷ്ടതകള്‍ കുറയ്‌ക്കുന്നതിന് പതുക്കെ ആണെങ്കിലും ലോകമെങ്ങും കൂടുതല്‍ കര്‍ശ്ശനമായ നിയമങ്ങള്‍ നടപ്പാക്കി വരുന്നുണ്ട്. സ്തംഭിപ്പിക്കാതെയുള്ള ഹലാല്‍ അറവ് യൂറോപ്യന്‍ യൂണിയനിലെ ഡെന്‍മാര്‍ക്ക്, നെതര്‍ലാണ്ട്, സ്വീഡന്‍, സ്വിറ്റ്സര്‍ലണ്ട്, ലക്സംബെര്‍ഗ് തുടങ്ങിയ രാജ്യങ്ങളിലും ഈയടുത്ത കാലത്തായി ബെല്‍ജിയത്തിലും നിരോധിക്കപ്പെട്ടു കഴിഞ്ഞു. മുസ്ലീം, ജ്യൂത മതമേധാവികളുടെ വാദം, മൃഗങ്ങളെ സ്തംഭിപ്പിക്കുമ്പോള്‍, അവയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുന്നതിനാല്‍, മതപരമായ ബലി കര്‍മ്മങ്ങള്‍ക്ക് പറ്റിയവയായി (ആരോഗ്യമുള്ളവയായി) അവയെ കണക്കാക്കാന്‍ കഴിയില്ല എന്നതാണ്. എന്നാല്‍ ഈ വാദം പല രാജ്യങ്ങളും ഇപ്പോള്‍ അംഗീകരിക്കുന്നില്ല.. കശാപ്പിന് മുമ്പ് സ്തംഭിപ്പിക്കുന്നത് 2015 മുതല്‍ ബ്രിട്ടനില്‍ നടപ്പാക്കി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള അവരുടെ പരിശ്രമം പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ചില അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ രംഗത്തുള്ള മറ്റു മിക്കവരും ഈ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രത്യേകിച്ചും യു എ ഇ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍. ഈ ചര്‍ച്ചയില്‍ നിന്നും തെളിയുന്ന വസ്തുത, കശാപ്പിന്റെ കാര്യത്തില്‍ വിപണിയും അതിനെ നിയന്ത്രിക്കുന്ന മതസമ്പ്രദായങ്ങളുമാണ്, ശാസ്ത്രീയ സമീപനമല്ല മൃഗങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത് എന്നാണ്. ആ മതസമ്പ്രദായങ്ങള്‍ ഒരു ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം കൂടി ഉള്ളതാണെങ്കില്‍, മൃഗങ്ങളുടെ ക്ഷേമം അവഗണിക്കപ്പെടും എന്നതുറപ്പാണ്.
മൃഗങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനും, അവയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, മതവിശ്വാസത്താലോ സാമ്പത്തിക താല്‍പ്പര്യങ്ങളാലോ നിയന്ത്രിക്കപ്പെടുന്ന സമീപനമല്ല, ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനമാണ് ആവശ്യം എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. കച്ചവടത്തിന്റേയും വിശ്വാസത്തിന്റെയും താല്‍പ്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതെ ഈ വിഷയത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. സഹജീവികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ നിയമസംവിധാനം നിലവില്‍ വരേണ്ടതും ഒപ്പം ധര്‍മ്മികതയെ മുന്‍ നിര്‍ത്തിയുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഡോ. സൗവിക് ദേ
http://www.pragyata.com/mag/halal-versus-jhatka-a-scientific-review-666
പ്രതികരിക്കാൻ ഇവിടെ എഴുതുക: