കൊച്ചി : യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ചട്ടങ്ങള്‍ മറികടന്ന് സഹായം തേടിയ വിഷയം വര്‍ഗ്ഗീകരിക്കാനുള്ള നീക്കമാണ് മന്ത്രി കെ.ടി. ജലീല്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ചട്ടലംഘനത്തെ സക്കാത്തെന്ന പ്രചരിപ്പിച്ച് മറയ്ക്കാമെന്ന് കരുതേണ്ടതില്ലെന്നും വിമര്‍ശിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചട്ടം മറികടന്ന് കോണ്‍സുലേറ്റിന്റെ സഹായം കൈപ്പറ്റിയതിനെ സക്കാത്തെന്ന പേരില്‍ ന്യായീകരിക്കാനാണ് മന്ത്രിയുടെ ശ്രമം. വിശ്വാസികളെ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. വര്‍ഗ്ഗീയ, ഭീകരവാദമെന്ന കാര്‍ഡിറക്കി വിജയിപ്പിക്കാന്‍ കഴിയുമെന്ന് മുമ്പും തെളിയിച്ചയാളാണ് കെ.ടി ജലീല്‍. വര്‍ഗ്ഗീയ രാഷ്ട്രീയവും തീവ്രവാദ രാഷ്ട്രീയവും ശരിയായി അദ്ദേഹം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
അതേസമയം ചട്ടങ്ങള്‍ മറികടന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും സഹായം നേടിയിട്ടുണ്ടെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഗണ്‍മാനെ ഏര്‍പ്പെടുത്തിയതെന്നാണ് സംസ്ഥാനം വാദിക്കുന്നത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണ്. യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അല്ലാതെ അറ്റാഷെയ്ക്ക് പേഴ്സണല്‍ ഗണ്‍മാനെ നല്കാനല്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
അറ്റാഷെയ്ക്കായി ഗണ്‍മാനെ നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതന്മാരുടെ കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷന്‍, കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: