തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുറുകുമ്പോള്‍ കൂടുതല്‍ സിനിമക്കാര്‍ അന്വേഷണ പരിധിയില്‍. എറണാകുളത്തെ സംവിധായകനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുകയാണ്. ഇയാളുടെ സിനിമയില്‍ അഭിനയിച്ച പ്രമുഖ നായക നടന് പകുതി പ്രതിഫലം സ്വര്‍ണമായി നല്‍കിയെന്നാണ് വിവരം. ഒരു കോടി രൂപയാണ് നടന് പ്രതിഫലമായി കൈപ്പറ്റിയത്. അന്‍പത് ലക്ഷം രൂപ പണമായും ബാക്കി സ്വര്‍ണമായും നടന് നല്കി. മറ്റു താരങ്ങള്‍ക്കും പ്രതിഫലമായി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള കൂടുതല്‍ സംവിധായകരും നിര്‍മാതാക്കളും ഉണ്ടെന്നാണ് വിവരം.
പിടിയിലായ ഫൈസല്‍ ഫരീദുമായി അടുപ്പമുള്ള സിനിമക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പാലക്കാട് പിടിയിലായ അംജദ് അലിയാണ് സിനിമക്കാര്‍ക്കും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കും ഇടയിലെ മറ്റൊരു പ്രധാന ഇടനിലക്കാരന്. അന്‍വര്‍ എന്ന പേരിലാണ് സിനിമക്കാര്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി കേന്ദ്രീകരിച്ച് അടുത്ത കാലത്ത് സജീവമായ സിനിമാ ലോബിയുമായാണ് ഇവര്‍ക്ക് ഏറെ അടുപ്പം.
കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ മൂലം ഹവാല പണമിടപാടുകള്‍ അസാധ്യമായതോടെയാണ് സിനിമാ മേഖലയില്‍ കള്ളപ്പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ആയുധമാക്കിയതെന്നാണ് നിഗമനം. സിനിമയില്‍ ഹവാല പണവും സ്വര്‍ണവും നിക്ഷേപമായിറക്കുന്നവര്ക്ക് അവരുടെ താത്പര്യം സംരക്ഷിക്കാന്‍ പല വഴികളുണ്ട്. സ്വന്തം ഏജന്റുമാരെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി നിയമിക്കുകയാണ് ഒരു വഴി. ഇവരായിരിക്കും പണവും സ്വര്‍ണവുമൊക്കെ കൈകാര്യം ചെയ്യുന്നത്. പലപ്പോഴും യഥാര്‍ത്ഥ നിര്‍മ്മാതാവ് പോലുമറിയാതെയാണ് പണം വരുന്നതും പോകുന്നതും.
ഗള്‍ഫ് കേന്ദ്രമാക്കി വര്‍ഷങ്ങളായി മലയാള സിനിമാ ലോകത്തേക്ക് അനധികൃതമായി പണമൊഴുക്കുന്നയാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുന്നംകുളം സ്വദേശിയാണ് ഇയാള്‍. ഇത്തരക്കാരുടെ സിനിമയില്‍ അഭിനയിക്കാന്‍ നടീനടന്മാര്ക്കും താത്പര്യമാണ്. കൃത്യമായി പ്രതിഫലം നല്‍കുമെന്നതാണ് ഈ ആകര്‍ഷണത്തിന് അടിസ്ഥാനം. പലപ്പോഴും ചോദിക്കുന്നതിലേറെ നല്‍കുമെന്നാണ് ചലച്ചിത്ര മേഖലയിലുള്ളവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയാറാവുന്നവര്‍ക്ക് ഇവരുടെ സിനിമകളില്‍ സ്ഥിരം വേഷങ്ങളും വിദേശ സ്റ്റേജ് ഷോകളും പതിവായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: