ആലപ്പുഴ: സിനിമ, സീരിയല്‍, നാടക നടി ആലപ്പുഴ കളപ്പുര അശ്വതിയില്‍ പുഷ്ക്കല (61) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ്. നാടക, സിനിമ, സീരിയല്‍ നടനായ വി. ഡി. ശിവാനന്ദനാണ് ഭര്‍ത്താവ്.
ഞങ്ങള്‍ സന്തുഷ്ടരാണ്, എന്നും സംഭവാമി യുഗേയുഗേ, കരുമാടിക്കുട്ടന്, രാക്ഷസരാജാവ്, മുത്തുവിന്റെ സ്വപ്നവും മീരയുടെ ദുഃഖവും, കാശി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്, കനല്‍ക്കിരീടം, കായംകുളം കണാരന് തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വലതും ചെറുതുമായ വേഷങ്ങള്‍ പുഷ്ക്കല ചെയ്തു. സ്നേഹക്കൂട് എന്ന സീരിയലില്‍ പുഷ്ക്കലയും ശിവാനന്ദനും ഭാര്യാഭര്‍ത്താക്കന്മാരായിത്തന്നെ അഭിനയിച്ചു.
ദാരിദ്ര്യം നിറഞ്ഞ ജീവിതത്തില്‍ നിന്നു രക്ഷപ്പെടാനാണ് ഹരിപ്പാട് കരുവാറ്റ എഴുത്തുകാരന് വീട്ടില്‍ വാസുപിള്ളയുടെ മകള്‍ പുഷ്ക്കല 14-ാം വയസ്സില്‍ വേലുത്തമ്പി ദളവ എന്ന നൃത്തനാടകത്തിലൂടെ അഭിനയ രംഗത്തെത്തിയത്.
1978 ല്‍ ആലപ്പുഴ അശ്വതി തീയറ്റേഴ്സിന്റെ അഗ്നിവര്‍ഷത്തില്‍ അഭിനയിക്കാനെത്തിയ പുഷ്ക്കല അതിന്റെ ഉടമയും പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടനുമായ വി.ഡി.ശിവാനന്ദനെ 1981 ല്‍ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്നു താല്‍ക്കാലികമായി പിന്മാറിയ പുഷ്ക്കല 1985 ല്‍ എസ്എല്‍ പുരം സദാനന്ദന്റെ സൂര്യസോമയുടെ ഉത്തിഷ്ഠത ജാഗ്രതയില്‍ ശിവാനന്ദന്റെ നായികയായി വേദിയില്‍ തിരിച്ചെത്തി. ഹസ്വചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു പുഷക്കലയെ രോഗം തളര്‍ത്തിയത്. ഇതോടെ അഭിനയം നിര്‍ത്തേണ്ടി വന്നു. മക്കള്‍: സേതുലക്ഷ്മി, ശ്രീലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: