ആലപ്പുഴ: പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ 70 വയസ്സുകാരന് കൊവിഡ് നെഗറ്റീവായി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടനാട് സ്വദേശിയായ രോഗിക്ക് പ്ലാസ്മ തെറാപ്പി രണ്ട് ഡോസ് നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
ഇയാളുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം വ്യാപനം കൂടിയ നിലയില്‍ പാലിയേറ്റീവ് ചികിത്സയിലായിരിക്കുമ്പോഴാണ് കൊവിഡ് ബാധിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് വിമുക്തയായി.
രോഗം ഭേദമായ കൊവിഡ് രോഗികളില്‍ നിന്നെടുക്കുന്ന രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ച് രോഗികള്‍ക്കു നല്കുന്ന ചികിത്സയാണ് പ്ലാസ്മ തെറാപ്പി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയുടെ രക്ത ഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ, പ്ലാസ്മ തെറാപ്പി ക്കായി, കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് എത്തിക്കുകയായിരുന്നു.
അമിത രക്തസമ്മര്‍ദം ഹൃദ്രോഗം, ശ്വാസകോശത്തിന് അര്‍ബുദം എന്നിവയും ന്യൂമോണിയ, എആര്‍ഡിഎസ് എന്നിങ്ങനെ മൂര്‍ച്ഛിച്ച രോഗാവസ്ഥയും ഇയാള്‍ക്കുണ്ടായിരുന്നു. ഈ രോഗിയാണ് ഇപ്പോള്‍ കൊവിഡ് മുക്തനായത്. ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് പ്ലാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങളൊരുക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ മാത്യുവും ഗ്രേഡ് വണ്‍ ഉദ്യോഗസ്ഥന് രാജേഷും തുടര്‍ച്ചയായി 14 മണിക്കൂര്‍ സഞ്ചരിച്ചാണ് പ്ലാസ്മ എത്തിച്ചത്. ഈ സമയം കൊടുക്കേണ്ട മറ്റു മരുന്നുകളും ഐസിയു ചികിത്സയും തുടര്‍ന്നു. പ്രിന്‍സിപ്പല്‍ ഡോ. വിജയലക്ഷ്മിയും സൂപ്രണ്ട് ഡോ. രാംലാലും മാത്യുവിനെയും രാജേഷിനെയും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: