കൊട്ടിയം: വാളത്തുംഗലില്‍ അഞ്ചുപേര്‍ക്കും കൂട്ടിക്കടയില്‍ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചു മരിച്ച കെഎസ്ഇബി യില്‍ നിന്ന് വിരമിച്ച ആക്കോലില്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉമയനല്ലൂരില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച റേഷന്‍ വ്യാപാരിയുടെ പ്രാഥമികസമ്പര്‍ക്ക പട്ടികയില്‍ മുന്നൂറോളം പേര്. തൊട്ടടുത്ത് മറ്റൊരു റേഷന്‍ കടയിലെ കരിക്കോട് സ്വദേശിയായ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചത് ഉമയനല്ലൂരിലും പരിസരപ്രദേശങ്ങളിലും ഭയാശങ്ക വര്‍ധിപ്പിക്കുകയാണ്.
പുല്ലിച്ചിറയില്‍ കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കത്തിലും നൂറിലേറെ പേരുണ്ടെന്നാണ് വിവരം. കൊട്ടിയത്തെ രണ്ട് ബാറുകള്‍, മലക്കറിക്കട, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍, കണ്ടച്ചിറ മില്‍മ ബൂത്ത്, കൃഷിഭവന്, പെയിന്റ് കട എന്നിവിടങ്ങളിലെല്ലാം ഇയാള്‍ എത്തിയിരുന്നു. ഇതനുസരിച്ചുള്ള സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഗള്‍ഫില്‍നിന്നെത്തി ഉമയനല്ലൂരില്‍ ഗൃഹനിരീക്ഷണത്തിലായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും സമ്പര്‍ക്കം കുറവാണ്. പറക്കുളം പമ്പിനടുത്ത് മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായ വെണ്ടര്‍മുക്ക് ഭരത് നഗര്‍ സ്വദേശിയായ 23 കാരന്റെ സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കുന്നുണ്ട്. ഇവരുടെ സമ്പര്‍ക്കത്തിലുള്ളവരുടെ സ്രവപരിശോധന നടന്നു.
ആദ്യഘട്ടമായി ഉമയനല്ലൂര്‍ ബ്രദേഴ്സ് ആഡിറ്റോറിയത്തില്‍ 150 ഓളം പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചു. മയ്യനാട് പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച നാലുപേരില്‍ മൂന്നുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മൂന്നുപേരുടെയും ഉറവിടം കണ്ടെത്താനുമായിട്ടില്ല. ആരോഗ്യ-പോലീസ് വിഭാഗങ്ങളും ജില്ലാ ഭരണകൂടവും കര്‍ശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മയ്യനാട് പഞ്ചായത്തിലെ 23 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ വില്‍പ്പനയ്ക്ക് മാത്രമേ അനുമതിയുള്ളൂ. പൊതുമാര്‍ക്കറ്റും പൊതുഗതാഗതവും നിരോധിച്ചു. ഇടറോഡുകള്‍വരെ ബാരിക്കേഡുകള്‍വച്ച് അടച്ചനിലയിലാണ്. തീരദേശ റോഡും പൂര്‍ണമായും അടച്ചു. മയ്യനാട് പഞ്ചായത്തും കോര്‍പ്പറേഷനും അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളെല്ലാം ഒരാഴ്ചമുമ്പേ കണ്ടൈ്ന്മെന്റ് സോണുകളാണ്.
കരുനാഗപ്പള്ളിയില്‍ 17 പേര്‍ക്ക് കോവിഡ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ രണ്ടു ദിവസങ്ങളിലായി 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യവ്യാപനത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ആശങ്ക. പുത്തന്‍തെരുവിലെ പോസ്റ്റാഫീസിലെ പോസ്റ്റുമാനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് ഇവര്‍. ഇയാളുടെ അടുത്ത ബന്ധുക്കളാണിതില് ഏറെയും. ആലപ്പാട് പഞ്ചായത്തിന്റെ പണ്ടാരതുരുത്ത് 14-ാം വാര്‍ഡില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നലെ രാവിലെ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 43 പേരുടെ സ്രവം പരിശോധിച്ചതില്‍ 9 പേരുടെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. വൈകിട്ട് 30 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തതിന്റെ ഫലം ലഭിക്കാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കയിലാണ് ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും. കൂടാതെ അഴീക്കല്‍ നാലാം വാര്‍ഡില്‍ അന്ധ്രാസ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളിയില്‍ ഇന്നലെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച തൊടിയൂര്‍, കുലശേഖരപുരം,
ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകള്‍ക്കു പുറമെ ആലപ്പാട് പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന കരുനാഗപ്പള്ളിയുടെ 11 വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൂടാതെ ആലപ്പാടുമായി ബന്ധിപ്പിക്കുന്ന പണിക്കര്‍കടവ്, കല്ലുംമൂട്ടില്‍കടവ് പാലങ്ങള്‍ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: