കൊട്ടാരക്കര: മരച്ചീനികൃഷിയില്‍ ഫംഗസ് ബാധ വര്‍ധിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു. കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ കാര്‍ഷികവൃത്തിയിലേക്ക് കടന്നുവന്നവരാണ് ഏറെ പേരും. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ചേരൂര്‍ ഏലായിലെ മരച്ചീനി കൃഷിയിലാണ് രോഗ ബാധയുണ്ടായത്. മനുഷ്യരിലെ വെരിക്കോസ് വെയിന്‍ പോലെയാണ് മരച്ചീനി കമ്പുകളുടെ ചുവട് ഭാഗത്ത് കണ്ടുവരുന്നത്.
അഞ്ചുമാസമെത്തിയ കമ്പുകളിലാണ് രോഗബാധ. നൂറുകണക്കിന് കമ്പുകളില്‍ ഇത്തരത്തില്‍ വെരിക്കോസ് വെയിന്‍ പോലെ കാണപ്പെടുന്നതാണ് തുടക്കം. പിന്നീട് കമ്പ് ഉണങ്ങുകയും കിഴങ്ങ് ചീയുകയും ചെയ്യുന്നു. ചില കമ്പുകളില്‍ ഇല പൂര്‍ണമായും കൊഴിഞ്ഞിട്ടുമുണ്ട്. ചേരൂര്‍ ഏലായില്‍ വിവിധ നിലങ്ങളില്‍ പണകോരി പതിനായിരത്തിലധികം മൂട് മരച്ചീനി കൃഷി ചെയ്യുന്നുണ്ട്.
രോഗം മറ്റ് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിയിടത്തിലെത്തി. രോഗബാധയുള്ള മരച്ചീനി കൃഷിയിടത്തില്‍ കൊട്ടാരക്കര അസി.കൃഷിഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഫംഗസ് ആണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന് പ്രയോഗിക്കേണ്ട മരുന്നുകളെപ്പറ്റിയും നിര്‍ദ്ദേശിച്ചു. രോഗം വന്ന മരച്ചീനി കമ്പുകള്‍ വെട്ടി കത്തിച്ചുകളയാന്‍ നിര്‍ദ്ദേശം നല്കി.
തീവ്രമായി പടരാവുന്ന ഫംഗസ് മരച്ചീനികളില്‍ അടുത്തകാലത്തായി കണ്ടുതുടങ്ങിയ ഫംഗസ് ബാധയാണിത്. ആറുമാസം മുമ്പ് തലവൂരില്‍ സമാനരീതിയില്‍ ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. വാഴയിലും പയര്‍ വര്‍ഗങ്ങളിലുമൊക്കെ പടരുന്ന ഫംഗസാണിത്. ഫലപ്രദമായ പ്രതിരോധസംവിധാനങ്ങള്‍ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. വ്യാപകമായി പടരാവുന്ന ഫംഗല്രോഗമാണിതെന്ന് സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫ. ഡോ. എം. ലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: