Categories: Kerala

നെടുവത്തൂര്‍ സഹകരണ അഴിമതി: സെക്രട്ടറിയെയും ശാഖാ മാനേജരെയും സംരക്ഷിക്കാന്‍ സിപിഐ

നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് കാട്ടിയ സെക്രട്ടറിയെയും അവണൂര്‍ ശാഖയുടെ മാനേജരെയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം

Published by

കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് കാട്ടിയ സെക്രട്ടറിയെയും അവണൂര്‍ ശാഖയുടെ മാനേജരെയും സംരക്ഷിക്കാന്‍ സിപിഐ തീരുമാനം. ഇന്നലെ ബാങ്ക് ഭരണസമിതിയിലെ സിപിഐ അംഗങ്ങളും ലോക്കല്‍കമ്മിറ്റിയുടെ നേതാക്കളും മണ്ഡലം കമ്മിറ്റി നേതാക്കളും എഴുകോണില്‍ യോഗം ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സസ്പെന്‍ഡ് ചെയ്ത കല്ലേലി ബ്രാഞ്ച് മാനേജരെ ഉപാധികളോടെ തിരികെ എടുക്കാനുംസ്ഥിര നിക്ഷേപത്തില്‍ കാണാതായ തുക വായ്പയായി അനുവദിപ്പിക്കാനും തീരുമാനമെടുത്തതായാണ് വിവരം. കല്ലേലി ബ്രാഞ്ച് മാനേജരെ തിരികെ എടുക്കുന്നതോടെ സിപിഎമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാകുമെന്നാണ് സിപിഐയുടെ പ്രതീക്ഷ.

സ്ഥിരനിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട തുക ക്രമക്കേട് കാട്ടിയ ജീവനക്കാരുടെ ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കുന്നതോടെ പ്രശ്നങ്ങള്‍ തീരുമെന്നാണ് കണക്കുകൂട്ടല്‍. മരണപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ എഴുപതുലക്ഷം രൂപ വായ്പ എടുത്തത് ആശ്രിതനിയമനം നല്‍കാമെന്ന ഉറപ്പിന്‍മേല്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

എന്നാല്‍ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിക്കപ്പെടാന്‍ ഇടയില്ല. സ്ഥിര നിക്ഷേപ തുകയില്‍ കാണാതായ 30 ലക്ഷം രൂപ തിരിച്ചടയ്‌ക്കാന്‍ ബാങ്കില്‍ നിന്നുതന്നെ ബിനാമി വായ്പകളെടുക്കാന്‍ ഇനി കഴിയുകയില്ല. സഹകരണവകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിലാകും ഇനി ബാങ്കിന്റെ പ്രവര്‍ത്തനം. ഇതിനായിട്ടാണ് സഹകരണ അസി. രജിസ്ട്രാറെ സ്ഥലം മാറ്റി പുതിയ ആളെ നിയമിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക