നെടുവത്തൂര്‍ സഹകരണബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറിക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് സിപിഐ യോഗം വിലയിരുത്തി. വായ്പകള്‍ നല്‍കുന്നതിലും സ്വര്‍ണപ്പണയത്തിലും ദിവസപ്പിരിവിലും സ്ഥിര നിക്ഷേപങ്ങളിലുമടക്കം ക്രമക്കേടുകള്‍ നടന്നത് സെക്രട്ടറിയുടെ അറിവോടെയാണ്. അനുവദിച്ചിട്ടുള്ള മിക്ക വായ്പകളിലും അപേക്ഷകന്റെ ഒപ്പുപോലും രേഖപ്പെടുത്തിയിട്ടില്ല. ഭരണസമിതിയിലെ ചിലര്‍ ശുപാര്‍ശ ചെയ്താല്‍ രേഖകള്‍ പരിശോധിക്കാതെയാണ് വായ്പ അനുവദിച്ചിരുന്നത്.
ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ ശ്രദ്ധിക്കാറുപോലുമില്ലായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സെക്രട്ടറിയെ സംരക്ഷിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും യോഗം ചര്‍ച്ച ചെയ്തു. ബാങ്ക് സെക്രട്ടറി ബിനാമി പേരില്‍ കണ്‍സ്ട്രക്ഷന്‍ ജോലി പുറത്ത് നടത്തുന്നുണ്ട്. 36 വീടുകള്‍ നിര്‍മിച്ചതിന് ബാങ്കിലെ പണം ഉപയോഗിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഓരോ വീടുകള്‍ പൂര്‍ത്തിയാകുമ്പോഴും കരാര്‍ തുക തിരികെ ലഭിക്കുമ്പോള്‍ ബാങ്കില്‍ തിരികെ നല്‍കുന്നതാണ് രീതി. സ്ഥിരനിക്ഷേപ തുകയെടുത്ത് പലര്‍ക്കും പുറമെ അഞ്ചുരൂപ പലിശയ്ക്ക് നല്‍കിയിരുന്ന സംഭവവും ഇപ്പോള്‍ പുറത്തുപ്രചരിക്കുകയാണ്. ക്രമക്കേടിന് കൂട്ടുനിന്ന സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മുന്നണിക്കുള്ളിലും അത് വലിയ പ്രശ്നമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: