മൂന്നാര്‍: 17ന് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി ഇതേ ആശുപത്രിയില്‍ കൊറോണ. ഇതോടെ മൂന്നാറിലെ ഏക സ്വകാര്യ ആശുപത്രിയായ ടാറ്റാ ജനറല്‍ ഹോസ്പിറ്റല്‍ അടച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് അധിവസിക്കുന്ന ഗ്രാമാണ മേഖലയില്‍ ഇതോടെ ആശങ്കയേറി. ആശുപത്രിയിലെ വനിത ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, കാഷ്യര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ടെയ്ന്മെന്റ് സോണായതിനാല്‍ ടൗണില്‍ ഇന്ന് മുതല്‍ 9-1 മണിവരെ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുവദി. ബേക്കറി അടക്കമുള്ള മറ്റ് കടകള്‍ തുറക്കാന്‍ അനുവദിക്കില്ല.
ആശുപത്രിയിലുണ്ടായിരുന്നവരെ എസ്റ്റേറ്റുകളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷയെ കരുതി ആശുപത്രിയിലുണ്ടായിരുന്ന അഞ്ച് ഗര്‍ഭിണികളെ നല്ലതണ്ണിയിലെ എസ്റ്റേറ്റ് ആശുപത്രിയിലേക്ക് മാറ്റി. അതോ സമയം ഈ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം ലയങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് രോഗം കണ്ടെത്തിയാല്‍ അത് വലിയ തോതില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നിഗമനം. ആശുപത്രിയിലെത്തിയവരോട് പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. ലക്ഷണം കണ്ടാല്‍ എത്രയും വേഗം ഉദ്യോഗസ്ഥരെ അറിയിക്കണം.
തിരുവനന്തപുരത്തെ വെളിയാഞ്ചിറയിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ ഡോക്ടറിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ എറണാകുളത്ത് വസ്ത്രങ്ങളെടുക്കാനും പോയിരുന്നു. പിന്നാലെയാണ് ലക്ഷണം കണ്ട് തുടങ്ങിയത്. ഈ ഡോക്ടറില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൂടുതല്‍ ആശുപത്രി ജീവനക്കാര്‍ക്ക് രോഗം പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം രോഗം കണ്ടെത്തിയ ഡോക്ടറിന്റെ പ്രൈമറി കോണ്ടാക്റ്റുകളുടെ ലിസ്റ്റ് തയാറാക്കാനായെങ്കിലും സെക്കന്‍ഡറി കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കുന്നത് ശ്രമകരമായതോടെ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിപ്പുകള് നല്കുവാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇതിനായി പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് മൂന്നാറില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. അതേ സമയം ഏക ആശുപത്രി അടച്ചതോടെ ചികിത്സക്കായി വലിയ ദൂരം പോകേണ്ട ഗതികേടിലാണ് തോട്ടം തൊഴിലാളികള്‍ കൂടുതലുള്ള മൂന്നാറിലെ ജനങ്ങള്‍.
ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു
തിരുവനന്തപുരം പോയി മടങ്ങിയെത്തി ക്വാറന്റൈനില്‍ ഇരിക്കാതെ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന് ഡോക്ടര്‍ക്കെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ 9ന് തിരുവനന്തപുരത്തെ കണ്ടെയ്ന്മെന്റ് സോണില്‍ പോയി മടങ്ങിയെത്തിയ ഡോക്ടര്‍ വീട്ടില്‍ ഇരിക്കാതെ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു.
കൂടാതെ പുറത്തിറങ്ങി നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മൂന്നാര്‍ പൊലീസ് ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നിരവധി ആളുകളുമായി ബന്ധമുള്ളതിനാല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: