തൃശ്ശൂര്‍: കഴിഞ്ഞ മാസം ചാവക്കാട് കടലില്‍ മുങ്ങിമരിച്ച മത്സ്യത്തൊഴിലാളി യുവാക്കളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. യുവാക്കള്‍ കടലില്‍ മുങ്ങിപോയപ്പോള്‍ രക്ഷാദൗത്യത്തിന് പോലും സര്‍ക്കാര്‍ സഹായിച്ചില്ല. മരണശേഷം സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കാതെ മൂന്നു കുടുംബങ്ങളെയും അവഗണിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. അപകടത്തില്‍ മരിച്ച വിഷ്ണു, ജിഷ്ണു, ജഗനാഥ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ഇടതുമുന്നണി നേതാക്കളുടെ ബാങ്ക് കടം വീട്ടാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ട യുവാക്കള്‍ക്ക് നായാപൈസ അനുവദിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ആയതുകൊണ്ടാണ് സര്‍ക്കാര്‍ യുവാക്കളുടെ കുടുംബങ്ങളോട് ഇത്തരത്തില്‍ വിവേചനം കാണിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. സ്വപ്നയ്ക്കും സരിത്തിനും ജോലി നല്കുന്ന സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവരെ അവഗണിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കാനായി തീരദേശ മേഖലയില്‍ പ്രക്ഷോഭം തുടങ്ങുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: