തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വര്‍ക്ക്ഷോപ്പ് കാര്‍ബണ്‍ ഡോക്ടറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ സ്പീക്കറിനെ കൈയ്യൊഴിഞ്ഞ് സിപിഐ നേതാവും എല്‍എല്‍എയുമായ സി. ദിവാകരന്. സ്പീക്കറെ പോലെ ഉന്നത പദവി വഹിക്കുന്നയാള്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നില്ല അതെന്ന് സ്ഥലം എംഎല്‍എ കൂടിയായ അദേഹം പ്രതികരിച്ചു.
ചെറിയൊരു കടയുടെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോകേണ്ടിയിരുന്നില്ല. പങ്കെടുക്കുന്ന കാര്യം സ്പീക്കര്‍ തന്നെ അറിയിച്ചിരുന്നില്ല. ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെങ്കില്‍ പങ്കെടുക്കേണ്ടെന്ന് സ്പീക്കറോട് പറയുമായിരുന്നുവെന്നും സി. ദിവാകരന് പറഞ്ഞു. സ്പീക്കറിന് ഇത്തരത്തിലൊരു വീഴ്ച പറ്റിയതില്‍ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. വിഷയം വിവാദമായ ശേഷം സ്പീക്കര്‍ തന്നെ വിളിച്ച് ഇതേ കുറിച്ച് സംസാരിച്ചുവെന്നും ദിവാകരന് പറഞ്ഞു.
വലിയ റോളില്ലാത്ത പരിപാടികളില്‍ താന്‍ പങ്കെടുക്കാറില്ല. നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംഘാടകര്‍ തന്നോട് പറഞ്ഞിരുന്നില്ല. അതിനാലാണ് ക്ഷണിച്ചിട്ടും കാര്‍ബണ്‍ ഡോക്ടറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സി. ദിവാകരന് എംഎല്‍എ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നെടുമങ്ങാട് ആരംഭിച്ച കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചത് വിവാദമായിരുന്നു. സംഘാടകര്‍ വിതരണം ചെയ്ത ക്ഷണക്കത്തില്‍ സ്പീക്കറെ കൂടാതെ സ്ഥലം എംഎല്‍എയായ ദിവാകരന്, സിപിഎം ഏര്യാ സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി, ഡിവൈഎഫ്ഐ മുന്‍ ജില്ലാ ഭാരവാഹി എന്നിവരുടെ പേരുകള്‍ ഇടംപിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: