മലപ്പുറം: കസ്റ്റംസ് ക്ലിയറന്‍സിന് വരുന്ന കാലതാമസം ഒഴിവാക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സ്കാനറുകള്‍ പണിമുടക്കിയിട്ട് മാസങ്ങള്‍. സ്ഥാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായ മൂന്ന് ബോഡി സ്കാനറുകളും എക്സറേ ഉപകരണങ്ങളും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല. ഉപകരണങ്ങള്‍ പണിമുടക്കിയ നാള് മുതല്‍ കസ്റ്റംസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കെഎസ്ഇഐ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നു പോലുമില്ല. രാജ്യത്ത് ആദ്യമായി ഫുള്‍ ബോഡി സ്കാനര്‍ സ്ഥാപിച്ച വിമാനത്താവളം കരിപ്പൂരാണെന്ന് കൊട്ടിഘോഷിച്ച് നടന്ന മന്ത്രിമാരും ഈ വിഷയത്തില്‍ ഇടപെട്ടില്ല
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏറെയുള്ള മലബാറിലേക്കെത്തുന്ന സഞ്ചാരികളെ സഹായിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ ഈ സൗകര്യങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാക്കിയത് സ്വര്ണക്കടത്തുകാര് അടക്കമുള്ള കള്ളക്കടത്തുകാരെ സഹായിക്കാനാണെന്നാണ് സംശയം.
കൊറോണക്കാലത്തടക്കം ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയായിരുന്നു. അതില്‍ ഭൂരിഭാഗവും ചാര്‍ട്ടേഡ് വിമാനങ്ങളിലും. സ്വര്‍ണക്കടത്ത് മാഫിയയുടെ മറ്റൊരു തട്ടിപ്പാണോ ചാര്‍ട്ടേഡ് വിമാന സര്‍വീസെന്നും പരിശോധിക്കേണ്ടതുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്തിയ സംഭവം വിവാദമായതോടെ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷാ സംവിധാനം പരിശോധിക്കുകയാണ് എന്‍ഐഎ. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലെ കേടായ സ്കാനറുകളും മറ്റ് ഉപകരണങ്ങളും മാറ്റി സ്ഥാപിക്കാനുള്ള കര്‍ശന നിര്‍ദേശം കസ്റ്റംസ് വഴി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: