Categories: India

രാജസ്ഥാനിലെ കേന്ദ്രമന്ത്രിയുടെയും ഫോണ്‍ ചോര്‍ത്തി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കോണ്‍ഗ്രസിലെ തമ്മിലടിയുടെ ഫലം അനുഭവിക്കുന്നത് രാജസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു. കോണ്‍ഗ്രസിലെ അടിക്ക് ജനങ്ങള്‍ വില നല്‍കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വസുന്ധര ട്വിറ്ററില്‍ കുറിച്ചു.

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ഷെഖാവത്ത് അടക്കമുള്ള രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ ഫോണ്‍ ഗെലോട്ട് സര്‍ക്കാര്‍ നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ ചോര്‍ത്തുന്നതായി ബിജെപി. ബിജെപി നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ എന്ന പേരില്‍ ശബ്ദസന്ദേശങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഫോണ്‍ ചോര്‍ത്തിയാണോ ഇതു ചെയ്തതെന്ന് ബിജെപി തിരിച്ചുചോദിച്ചത്. ഫോണ്‍ ചോര്‍ത്താനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് സര്‍ക്കാര്‍ പാലിച്ചതെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അധികാരം ഉപയോഗിച്ച് ഗെലോട്ട് സര്‍ക്കാര്‍ രാജസ്ഥാനില്‍ കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നും ബിജെപി വക്താവ് സമ്പത് പാത്ര ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ തമ്മിലടിയുടെ ഫലം അനുഭവിക്കുന്നത് രാജസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു. കോണ്‍ഗ്രസിലെ അടിക്ക് ജനങ്ങള്‍ വില നല്‍കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വസുന്ധര ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തെ ഭരണ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസിലെ ഭിന്നത മാറ്റമില്ലാതെ തുടരുമ്പോള്‍ സച്ചിന്‍ പൈലറ്റുമായുള്ള ഭിന്നതകള്‍ പരസ്യമാക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തങ്ങള്‍ ഇരുവരും കഴിഞ്ഞ 18 മാസമായി തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് ഗെലോട്ട് പറഞ്ഞു.

19 മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ നിലവില്‍ വന്ന സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ പ്രതിസന്ധിയിലായിരുന്നെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിലെ കൂടുതല്‍ എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റിനൊപ്പം പോകുമെന്ന ആശങ്ക വര്‍ദ്ധിച്ചതോടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരെ തനിക്കൊപ്പം നിര്‍ത്തി ഗെലോട്ട് പ്രഖ്യാപനം നടത്തി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തണം:മായാവതി

ലഖ്‌നൗ: ഭരണസ്തംഭനവും അസ്ഥിരതയും നിലനില്‍ക്കുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ഗവര്‍ണര്‍ കല്‍രാജ് മിശ്രയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അശോക് ഗെലോട്ട് പരസ്യമായി തന്നെ കൂറുമാറ്റ നിരോധന നിയമം ലംഘിച്ച് ബിഎസ്പി എംഎല്‍എമാരെ രണ്ടാം തവണയും കോണ്‍ഗ്രസിലെത്തിച്ച് വഞ്ചിച്ചിരിക്കുന്നു. രാജസ്ഥാനിലെ ഭരണസ്തംഭനത്തിന് പരിഹാരം രാഷ്‌ട്രപതി ഭരണം മാത്രമാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക