കാസര്‍കോട്: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ അഞ്ച് എ പ്ലസോടെ 92 ശതമാനം മാര്‍ക്ക് നേടി സജിന മികച്ച വിജയം നേടിയപ്പോള്‍ അമ്മ പത്മിനിക്കിത് അതിജീവനത്തിന്റെ വിജയമാണ്. മസിലുകള്‍ക്ക് ബലക്ഷയം സംഭവിച്ച സജിന വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്. ഇന്ന് കമ്പല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ചിന്റെ അഭിമാനമാണ് സജിന.
കൂട്ടുകാരും അധ്യാപകരും നല്കിയ പിന്തുണയും സ്നേഹവുമാണ് തങ്ങള്‍ക്ക് മറക്കാനാവില്ലെന്ന് അമ്മ പത്മിനി പറയുന്നു. യഥാര്‍ത്ഥത്തില്‍ പത്താം ക്ലാസ് മുതലാണ് സജിന റെഗുലര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായത്. അമ്പേച്ചാലുള്ള വീട്ടില്‍ നിന്ന് രാവിലെ സജിനയെ ഓട്ടോയില്‍ സ്കൂളിലെത്തിക്കുന്നതും വൈകുന്നേരം തിരികെ കൊണ്ടുവരുന്നതും അമ്മ പത്മിനിയാണ്.
ഇതിനിടയില്‍ റബ്ബര്‍ പാല് എടുക്കുന്ന ജോലിയുമുണ്ട്. ചേട്ടന് അഭിജിത്തിന് വെല്‍ഡിംഗ് ജോലിയാണ്. അച്ഛന് ഉപേക്ഷിച്ചുപോയ ഈ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷയുമെല്ലാം സജിനയോടൊപ്പമാണ്. നല്ലൊരു ഗ്ലാസ് പെയിന്റിംഗ് കലാകാരി കൂടിയായ സജിന ബീഡ്സ് വര്‍ക്കും ചെയ്യും. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു.
പത്താം ക്ലാസില്‍ അഞ്ച് എ പ്ലസ് ഉണ്ടായിരുന്ന സജിനക്ക് സയന്‍സ് ഗ്രൂപ്പ് എടുക്കാനായിരുന്നു ആഗ്രഹമെങ്കിലും ആരോഗ്യം പരിഗണിച്ച് ഹ്യുമാനിറ്റീസ് തെരെഞ്ഞെടുകയായിരുന്നു. ഭാവിയില്‍ ആരാകെണമെന്ന ചോദ്യത്തിന് സജിനയ്ക്ക് ഉത്തരമുണ്ട്. സൈക്കോളജിസ്റ്റ്. തന്റെ ഓരോ ദിനവും പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കുറെ പേര്‍ക്ക് ജീവിത വെളിച്ചം പകരാന്‍ തനിക്കാകുമെന്ന ആത്മ വിശ്വാസം ഈ മിടുക്കിക്ക് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: