ന്യൂദല്‍ഹി: എല്ലാ സാഹചര്യങ്ങളിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന ധീരജവാന്മാരെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഫോര്‍വേര്‍ഡ് പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് രാജ്നാഥ് സിങ് സൈനികരെ അഭിനന്ദിച്ചത്. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം സൈനികരുമായി ഏറെ നേരം സംവദിച്ചു.
നിയന്ത്രണ രേഖയിലെ ആയുധ വിന്യാസം, സൈനിക വിന്യാസം തുടങ്ങിയവയെക്കുറിച്ചെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജ്നാഥ് സിങ്ങിനോട് വിശദീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് പ്രതിരോധമന്ത്രി കശ്മീരിലെത്തിയത്. നിയന്ത്രണ രേഖയിലെ സൈനിക വിന്യാസവും സ്ഥിതിഗതികളും വിലയിരുത്താനും സൈന്യത്തിന്റെ തയ്യാറെടുപ്പുകളും സൈനികാഭ്യാസങ്ങളും നിരീക്ഷിക്കാനുമാണ് അദ്ദേഹം കശ്മീരിലെത്തിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനം അവസാനിക്കുന്നതിന് മുമ്പായി ഇന്നലെ അദ്ദേഹം ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന അമര്‍നാഥ് ക്ഷേത്രത്തിലും ദര്‍ശനം നടത്തി. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കരസേന മേധാവി എം.എം. നര്വാണെയും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം അമര്‍നാഥ് ക്ഷേത്രത്തില്‍ ചിലവഴിച്ചു.
അമര്‍നാഥ് സന്ദര്‍ശിച്ച് അനുഗ്രഹീതനായെന്ന് ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യംവയ്ക്കുന്നതായി ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍ മന്ത്രിയുടെ അമര്‍നാഥ് യാത്ര സമാധാനപരമായി നടത്താന്‍ കരസേന സജ്ജമാണെന്ന് ബ്രിഗേഡിയര്‍ വി.എസ്. താക്കൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: