Categories: Hockey

ഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യയുടെ ആദ്യ പോരാട്ടം ന്യൂസിലന്‍ഡിനെതിരെ

Published by

ടോക്കിയോ: മാറ്റിവച്ചടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ അടുത്ത വര്‍ഷം ജൂലൈ 24ന് ന്യൂസിലന്‍ഡുമായി മാറ്റുരയ്‌ക്കും. ഇന്ത്യന്‍ വനിതാ ടീം അന്ന് നിലവിലെ ലോക ചാമ്പ്യന്മാരായ നെതര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയുടെ മത്സരക്രമം ഇന്നലെ പുറത്തിറക്കി.

ഈ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് കൊറോണ മഹാമാരിയെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്. ഈ വര്‍ഷം ജൂലൈ 25 മുതല്‍ ആഗസ്റ്റ് ഏഴുവരെയാണ് ഒളിമ്പിക്‌സ് ഹോക്കി മത്സരങ്ങള്‍ നടത്താനിരുന്നത്. പുതുക്കിയ മത്സരക്രമം അനുസരിച്ച് അടുത്ത വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്റ്റ് ആറുവരെയാണ് ഒളിമ്പിക്‌സ് ഹോക്കി മത്സരങ്ങള്‍ നടക്കുക.  

നിലവില്‍ ലോക നാലാം റാങ്കുകാരായ ഇന്ത്യന്‍ പുരുഷ ടീം പൂള്‍ എ യിലാണ് മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ഓസ്‌ട്രേലിയ, സ്‌പെയിന്‍, ആതിഥേയരായ ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് പൂള്‍ എ യിലെ മറ്റ് ടീമുകള്‍. പൂള്‍ എ യില്‍ ലോക ചാമ്പ്യന്മാരായ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ഗ്രെയ്റ്റ് ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക ടീമുകള്‍ മത്സരിക്കും.

ഇന്ത്യന്‍ വനിതകള്‍ പൂള്‍ എയില്‍ മത്സരിക്കും. ലോക ഒന്നാം നമ്പര്‍ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഈ പൂളിലെ മറ്റ് ടീമുകള്‍. ഓസ്‌ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ്, സ്‌പെയിന്‍, ചൈന , ജപ്പാന്‍ ടീമുകള്‍ പൂള്‍ ബിയില്‍ മാറ്റുരയ്‌ക്കും.  

പ്രാഥമിക റൗണ്ടില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ മത്സരങ്ങള്‍: ജൂലൈ 24ന് ഇന്ത്യ-ന്യൂസിലന്‍ഡ്, 25: ഇന്ത്യ-ഓസ്‌ട്രേലിയ, 27: ഇന്ത്യ-സ്‌പെയിന്‍, 29: ഇന്ത്യ-അര്‍ജന്റീന, 30: ഇന്ത്യ-ജപ്പാന്‍.

ഇന്ത്യന്‍ വനിതാ ടീമിന്റെ മത്സരങ്ങള്‍: ജൂലൈ 24: ഇന്ത്യ-നെതര്‍ലന്‍ഡ്, 26: ഇന്ത്യ-ജര്‍മനി, 28: ഇന്ത്യ-ബ്രിട്ടന്‍, 30: ഇന്ത്യ-അയര്‍ലന്‍ഡ്, 31: ഇന്ത്യ-ദക്ഷിണാഫ്രിക്ക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts