മുംബൈ: പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടത്തിയേക്കും. ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടി 20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഉടന്‍ ബിസിസിഐ ഐപിഎല്ലിന്റെ ഭാവി സംബന്ധിച്ച് തീരുമാനം എടക്കും.
ലോകകപ്പ് മാറ്റിവയ്ക്കുകയും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്താല്‍ ഐപിഎല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ സംഘടിപ്പിക്കുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഓസ്ട്രേലിയയില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് മാറ്റിവച്ചാല്‍ ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. നിലവില്‍ രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാല്‍ ഐപിഎല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ സര്ക്കാന് അനുമതി നല്കാന് സാധ്യതയില്ല.
അനുമതി ലഭിക്കുന്നില്ലെങ്കില്‍ ഐപിഎല്‍ യുഎഇയില്‍ സംഘടിപ്പിക്കും. ഈ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ച ഏക ഏഷ്യന്‍ രാജ്യമാണ് യുഎഇ. 2014ല്‍ ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും യുഎഇയിലാണ് നടന്നത്. ഇന്ത്യയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അന്ന് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയത്.
അതിനിടെ യുഎഇയില്‍ ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഐപിഎല്‍ ഉടമകള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കണ്ടെത്താനും കളിക്കാര്‍ക്ക് താമസിക്കുന്നതിന് ഹോട്ടലുകള്‍ കണ്ടെത്താനും ഫ്രാഞ്ചൈസികള്‍ ശ്രമം തുടങ്ങി.
ഈ മാസം നടക്കുന്ന അടുത്ത ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡ് യോഗത്തില്‍ ലോകകപ്പിന്റെ ഭാവി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: