പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് നൂറ്റിയഞ്ചാം പിറന്നാള്‍. പതിനഞ്ചാം വയസ്സില്‍ ദുര്യോധന വധം ആട്ടക്കഥയില്‍ പാഞ്ചാലിയായി അരങ്ങേറ്റം. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ്. കലയ്ക്കുവേണ്ടി ഒരു പുരുഷായുസ്സ് ഉഴിഞ്ഞുവച്ച കൈരളിയുടെ സുകൃതം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പയ്യോളിയില്‍ നടന്ന നൂറാം പിറന്നാള്‍ ആഘോഷം ഓര്‍മവരുന്നു. മുല്ലപ്പള്ളി എംപിയായിരുന്നു മുഖ്യാതിഥി. ഊന്നുവടിയുടെ സഹായത്തോടെയാണ് ആശാന് വേദിയിലേക്ക് കയറി വന്നത്. ശിഷ്യന്മാര് സ്നോഹോപഹാരമായി നല്കിയ നടരാജ വിഗ്രഹം മൂര്‍ദ്ധാവില്‍ വച്ച് നൂറിന്റെ നിറവിലും നിറഞ്ഞാടി അദ്ദേഹം സദസ്സിനെ അമ്പരപ്പിച്ചു. ആശാന് എന്നും അങ്ങനെയാണ്. ചുട്ടികുത്തി ആട്ടവിളക്കിനു മുന്നിലെത്തിയാല്‍ കഥകളിപ്പദങ്ങളുടെ ഒഴുക്കിനൊത്ത് സ്വയം മറന്ന് പകര്‍ന്നാടും.
കഥകളി തീര്‍ത്തും അനാഥമായ ഒരു കാലഘട്ടമായിരുന്നു രാജഭരണം. നാടുനീങ്ങിയ ക്ഷേത്രങ്ങള്‍ ക്ഷയിച്ച കാലഘട്ടം. നാടകവും സിനിമയും കടന്നുവന്നതോടെ ചിത്രം പൂര്‍ണമായി. കഥകളിക്ക് അരങ്ങും ആസ്വാദകരുമില്ലാതെയായി. ആശാനോടൊപ്പം ചൊല്ലിയാടിയ പലരും രംഗത്തുനിന്നു പിന്‍വാങ്ങി. ദാരിദ്ര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്മാര് അന്ന് വേദനയോടെ പടിയിറങ്ങി. അപ്പോഴും ആശാന് കാലിടറിയില്ല. കഥകളിയെ കുലദേവതയെപ്പോലെ മാറോടു ചേര്‍ത്തുപിടിച്ചു.
കലയുടെ തനത് സ്വഭാവം നിലനിര്‍ത്താന്‍ അദ്ദേഹം നല്കിയ സംഭാവന ചരിത്രത്തിന്റെ ഭാഗമാണ്. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പല പേരുകളില്‍ അവതരിക്കുന്ന സംഘടനകള്‍ കഥകളിയെ അരങ്ങില്‍നിന്ന് തെരുവിലേക്കിറക്കുന്നതിനോടും, കച്ചവട താല്‍പര്യംവച്ച് പത്തോ പതിനഞ്ചോ മിനിട്ട് മാത്രം നീണ്ടുനില്‍ക്കുന്ന ഇന്‍സ്റ്റന്റ് കളി അവതരിപ്പിക്കുന്നതിനോടും അദ്ദേഹം വിയോജിക്കുന്നു. കഥകളിയുടെ ഓജസ്സും തേജസ്സും നിലനിര്‍ത്താന്‍ ശാസ്ത്രീയമായ അടിത്തറയിലൂന്നിയ കീഴ്വഴക്കങ്ങളും ഗുരുകുല പാരമ്പര്യവും കൂടിയേ തീരൂ എന്നു വിശ്വസിച്ച പാരമ്പര്യവാദിയായിരുന്നു അദ്ദേഹം. അപ്പോഴും അഭിജാതമായ ഈ കലാരൂപത്തെ ജനകീയമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു.
ഭരതനാട്യം പോലെയുള്ള ക്ലാസിക് പാരമ്പര്യമുള്ള നൃത്തരൂപങ്ങളെ അദ്ദേഹം ഫോക്ലോറുമായി കൂട്ടിയിണക്കി. ഗുരു ഗോപിനാഥുമായി ചേര്‍ന്ന് കഥകളിയുടെ മുദ്രകളും നാടോടി നൃത്തത്തിന്റെ ചുവടുകളും സമന്വയിപ്പിച്ച് ‘കേരള നടന’മെന്ന കലാരൂപത്തിന് ജന്മം നല്കി. പില്ക്കാലത്ത് അത് ജനഹൃദയങ്ങളിലിടം നേടിയ നൃത്ത സംസ്കാരമായി മാറി. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ചിട്ടപ്പെടുത്തിയ ‘കേരള വിജയം’ മറ്റൊരു പരീക്ഷണമായിരുന്നു. കേരളത്തിലെ എണ്ണമറ്റ വേദികളില്‍ അത് വിജയകരമായി അരങ്ങേറി. അന്നത്തെ അറിയപ്പെടുന്ന കലാകാരന്മാരായ വോനി ചെല്ലപ്പന്, ബാലകൃഷ്ണന് തുടങ്ങിയവര്‍ ഇതില്‍ വേഷമിട്ടു. 1952 ല്‍ അറുപതോളം കലാകാരന്മാരെ അണിനിരത്തി ആരംഭിച്ച ബാലെ ട്രൂപ്പ് പഴയ തലമുറയില്‍പ്പെട്ടവരുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. പുരാണകഥകളെ ഇതിവൃത്തമാക്കി അവതരിപ്പിച്ച സംഗീത നാടകങ്ങള്‍. ശ്രീരാമ പട്ടാഭിഷേകം, പ്രഹ്ലാദ ചരിത്രം, ബന്ധനസ്ഥനായ അനിരുദ്ധന്, ശിഷ്യനും മകനും തുടങ്ങിയവ ഉള്ളടക്കംകൊണ്ടും അവതരണശൈലികൊണ്ടും എടുത്തുപറയേണ്ടതാണ്. ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ അരങ്ങേറിയ ‘ചൈന വഞ്ചന’ ഇതിവൃത്തംകൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
നാനൂറു വര്‍ഷത്തെ പാരമ്പര്യമുള്ള കഥകളിയുടെ കുലപതിയാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍. ഒരു നാട്യാചാര്യനും അവകാശപ്പെടാനാവാത്ത ശിഷ്യസമ്പത്തുകൊണ്ട് അനുഗ്രഹീതന്‍. അദ്ദേഹം ഒന്നുമാഗ്രഹിച്ചുമില്ല. പുരസ്കാരങ്ങള്‍ തേടിപ്പോകുന്ന ഒരു കാലഘട്ടത്തില്‍ പത്മശ്രീ അടക്കമുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങള്‍ തേടിവന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സപ്തതിയും നവതിയും നൂറാം പിറന്നാളുമെല്ലാം നാട്ടുകാരുടെ ആഘോഷമായി മാറിയതും അതുകൊണ്ടുതന്നെ.
സഹജമായ വിനയവും മനസ്സില്‍ നിറയുന്ന സ്നേഹത്തിന്റെ നറുനിലാവുമായി നൂറ്റിയഞ്ചാം ജന്മദിനത്തിലും പറയത്തക്ക ശാരീരിക അവശതകളൊന്നും കൂടാതെ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആഘോഷങ്ങളില്ലെങ്കിലും അനുഗ്രഹം തേടിയെത്തുന്ന ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട് ഗുരുവിന്റെ ഈ ജന്മദിനവും ധന്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: