കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ അഭ്യുന്നതിക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച പുണ്യാത്മാവായിരുന്നു പരമേശ്വരാനന്ദസ്വാമികള്‍. പൂര്‍വ്വാശ്രമത്തില്‍ ആദ്യ ഘട്ടത്തില്‍ സാധൂശീലന് പരമേശ്വരന്‍പിള്ള എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ മഹാത്മാവിനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കണ്ടുമുട്ടാന്‍ അവസരംലഭിച്ച ഒരാളാണ് ഞാന്‍. ജനസംഘം ബിജെപി നേതാവ് കെ. രാമന് പിള്ളയുടെ സഹോദരനായിരുന്നു സ്വാമികള്‍.
1920 -2009 കാലത്താണ് പരമേശ്വരനാന്ദസ്വാമികള് നമ്മോടൊപ്പം ഉണ്ടായിരുന്നത്. കൗമാരകാലത്ത് നടത്തിയ ഭാരത പര്യടനത്തിനിടെ പ്രസിദ്ധരായ ദേശീയ നേതാക്കന്മാരുമായും ആദ്ധ്യാത്മിക ആചാര്യന്മാരുമായും സമ്പര്‍ക്കം പു
ലര്ത്തുവാന് കഴിഞ്ഞതിന്റെ ഫലമായി ആദ്ധ്യാത്മികമായ നല്ലൊരു വീക്ഷണം ലഭിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ദല്‍ഹിയില്‍ അറസ്റ്റിലായ അദ്ദേഹം മോചനത്തിനുശേഷം കുറച്ചുനാള്‍ വാര്‍ത്താവിതരണ വകുപ്പിലെ ഉദ്യോഗം സ്വീകരിച്ച് ദല്‍ഹിയിലും അതിനുശേഷം മദ്രാസിലും സേവനം അനുഷ്ഠിക്കുകയുണ്ടായി. തന്റെ ജീവിത നിയോഗം സര്‍ക്കാരുദ്യോഗം വഹിക്കുക എന്നതല്ലെന്ന് ബോദ്ധ്യമായതോടെ ജോലി രാജിവച്ച് അഖിലഭാരത ആര്യധര്മ്മസേവാസംഘത്തിലെ മിഷണറിയായി കേരളത്തിലെത്തി. അക്കാലത്ത് താമസിക്കാനായി കണ്ടെത്തിയത് തിരുവനന്തപുരത്തിനടുത്ത് വെള്ളായണി കായലിന്റെ കരയിലുള്ള മുട്ടക്കാട് എന്ന സ്വച്ഛസുന്ദരമായ ഗ്രാമത്തിലെ ഒരു വാടക വീടായിരുന്നു. ആ വസതി ഞാന്‍ ജനിച്ചുവളര്‍ന്ന വീടിന്റെ തൊട്ടടുത്തായിരുന്നു.
സ്വാമികളെ ഞാന്‍ ആദ്യം കണ്ടുമുട്ടുന്നത് 1948-50 കാലഘട്ടത്തിലാണെന്നാണ് ഓര്‍മ്മ. എനിക്ക് ഏഴോ എട്ടോ വയസ്സുപ്രായമുള്ളപ്പോള്‍. താമസിയാതെ അദ്ദേഹം തദ്ദേശവാസികളായ കുട്ടികള്‍ക്കായി ഹിന്ദു മത സംബന്ധിയായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാന്‍ തുടങ്ങി. സന്ധ്യയ്ക്കു നാമജപം
വേണമെന്നും, കര്‍ക്കടകമാസത്തില്‍ രാമായണപാരായണം നടത്തണമെന്നും, വിശേഷദിവസങ്ങളില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ പോയി അര്‍ച്ചനനടത്തി പ്രാര്‍ത്ഥിക്കണമെന്നും, മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല ദര്‍ശനം നടത്തുന്നത് മഹത്തരമെന്നും മാത്രമായിരുന്നു ഹിന്ദു ധര്‍മ്മത്തെപ്പറ്റി എനിക്കും സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കും അതുവരെ ഉണ്ടായിരുന്ന ജ്ഞാനം. മുന്‍ വിവരിച്ച ക്ലാസ്സില്‍നിന്നാണ് ഗായത്രി മന്ത്രത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അത് ചൊല്ലേണ്ട രീതിയെപ്പറ്റിയും എനിക്കും കൂട്ടുകാര്‍ക്കും മനസ്സിലായത്.
അന്ന് ഞങ്ങളുടെ ഗുരു നാട്ടില്‍ അറിയപ്പെട്ടിരുന്നത് സാധുശീലന്‍ പരമേശ്വരന്‍പിള്ള എന്ന പേരിലായിരുന്നു. താമസിയാതെ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററും, ആത്മീയ കാര്യങ്ങളില്‍ ഏറെ തല്‍പ്പരനുമായിരുന്ന എന്റെ പിതാമഹന് കൊച്ചുകൃഷ്ണപിള്ള സാറിന്റെ സുഹൃത്തായി മാറി സാധുശീലന്‍. ഒന്നുരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വാമികള്‍ അവിടെനിന്നും താമസം മാറിപ്പോയതോടെ അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകളും കുറഞ്ഞുവന്നു. പിന്നീട് കേള്‍ക്കുന്നത് കന്യാകുമാരിയില്‍ പുതുതായി സ്ഥാപിതമായ വിവേകാനന്ദകേന്ദ്രത്തിന്റെ സാരഥിയായി പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തയാണ്. 1962മുതല്‍ കന്യാകുമാരിയില്‍ വിവേകാനന്ദ ശിലാ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള യജ്ഞത്തില്‍ സ്വാമികള്‍ മുഖ്യപങ്കാളിത്തം വഹിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഒരിക്കല്‍ കന്യാകുമാരി സന്ദര്‍ശനത്തിനുപോയപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. ദീര്‍ഘമായ 35 വര്‍ഷത്തോളം പിന്നീട് അദ്ദേഹത്തെപ്പറ്റി വാര്‍ത്തകളൊന്നും ലഭിച്ചില്ല.
കാലം കടന്നുപോയി. ഞാന്‍ നിയമബിരുദമെടുത്ത് ഏഴുവര്ഷത്തില്പരം നീണ്ടുനിന്ന അഭിഭാഷക വൃത്തിക്കുശേഷം 1976-ല്‍ മുന്‍സിഫ് ആയി കണ്ണൂരില്‍ സേവനം തുടങ്ങി. 23 വര്‍ഷം നീണ്ടുനിന്ന ന്യായാധിപ പ്രവര്‍ത്തനത്തിനുശേഷം 1999 മാര്‍ച്ച് മാസത്തില്‍ ഞാന്‍ കേരള ഹൈക്കോടതിയുടെ ജഡ്ജിയായി ചുമതലയേറ്റു. സ്വാഭാവികമായും ആ വാര്‍ത്ത പത്രങ്ങളില്‍ സ്ഥാനം പിടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. അപ്രതീക്ഷിതമായി തപാലില്‍ എനിക്ക് ഒരു കത്ത് ലഭിച്ചു. കത്തെഴുതിയ ആള് സ്വയം പരിചയപ്പെടുത്തിയത് പരമേശ്വരാനന്ദ സ്വാമികളുടെ മുഖ്യശിഷ്യനെന്ന് വിവരിച്ചാണ്. സ്വാമിയുടെ നിര്‍ദ്ദേശപ്രകാരമാണ് കത്തെഴുതുന്നതെന്നും സ്വാമിയുടെ പൂര്‍വ്വാശ്രമത്തില്‍ മുട്ടക്കാട് എന്ന സ്ഥലത്തുവച്ച് ഹരിഹരന് എന്ന ഒരു കുട്ടിയെ പരിചയപ്പെട്ടിരുന്നതായും, ആ കുട്ടി തന്നെയായിരിക്കും പുതിയ ജഡ്ജി എന്ന് സ്വാമികള്‍ക്ക് സംശയമുള്ളതായും, അത് ശരിയാണെങ്കില്‍ തമ്മില്‍ കാണാന്‍ താല്പര്യമുള്ളതായും ഇപ്പോള്‍ കൊടകര എന്ന സ്ഥലത്തെ ആശ്രമത്തിലാണ് സ്വാമി ഉള്ളതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
സ്വാമികളുടെ നിഗമനം ശരിയാണെന്നും, അടുത്ത തൃശ്ശൂര്‍ യാത്രക്കിടെ സ്വാമിയെ കാണാന്‍ ശ്രമിക്കാമെന്നും കാണിച്ച് ഞാന്‍ മറുപടി അയച്ചു. തുടര്‍ന്ന് ആ ഉറപ്പ് പാലിക്കുകയും ചെയ്തു. പരമേശ്വരാനന്ദസ്വാമിയുമായുള്ള കൂടിക്കാഴ്ച ഇരുവര്‍ക്കും ആനന്ദം പ്രദാനം ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സമീപത്തുള്ള കനകമലയിലേക്ക് ശിഷ്യന്മാരും ചില നാട്ടുകാരും ചേര്‍ന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. നയനാന്ദകരമായ ഒരു ദൃശ്യമായിരുന്നു അവിടെ കണ്ടത്. ആശ്രമത്തില്‍ മടങ്ങിയെത്തിയശേഷം അരമണിക്കൂറോളം നീണ്ടുനിന്ന കുശലാന്വേഷണങ്ങള്‍ നടത്തി ഭക്ഷണവും തന്നാണ് സ്വാമി എന്നെ യാത്രയാക്കിയത്.
1980-ല്‍ അറുപതാം വയസ്സില്‍ പ്രസിദ്ധ ആദ്ധ്യാത്മികാചാര്യനായിരുന്ന ജ്ഞാനാനന്ദസരസ്വതിസ്വാമികളില്നിന്നും പരമേശ്വരാനന്ദ സരസ്വതി എന്ന പേരില്‍ സംന്യാസം സ്വീകരിക്കുന്നതുവരെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഭരണസമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം ഭൗതികമായ ചുമതലകളെല്ലാം വിട്ട് കന്യാകുമാരിയില്‍ ശ്രീകൃഷ്ണമന്ദിര്‍ എന്ന ആശ്രമം സ്ഥാപിച്ച് 18 വര്‍ഷം ഗുരുനാഥനോടൊപ്പം ജ്ഞാനയജ്ഞത്തില്‍ ഏര്‍പ്പെട്ടു. ഗുരുവിന്റെ സമാധിക്കുശേഷം തൃശ്ശൂര്‍ ജില്ലയില്‍ കൊടകരയ്ക്കടുത്തുള്ള കനകമലയുടെ അടിവാരത്ത് ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചു. ഏതാനും വര്‍ഷങ്ങള്‍ അവിടെ കഴിഞ്ഞശേഷം ഷൊര്‍ണ്ണൂരിനടുത്ത് ഇരുന്നിലംകോട് ഗുഹാക്ഷേത്രത്തിനടുത്തായി ജ്ഞാനാനന്ദകുടീരം സ്ഥാപിച്ചു. ജീവിതാന്ത്യംവരെ അവിടെ തുടര്‍ന്നു.
ഇതിനിടെ വള്ളിക്കാവിലെ അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ സ്വാമികളെ കണ്ടു എന്നു പറയാമെങ്കിലും നേരിട്ട് സംസാരിക്കാന്‍ ഇടയായില്ല. സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യങ്ങളായ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളേയും ധര്‍മ്മസംഹിതകളേയും ക്രോഡീകരിച്ച് ധാരാളം പുസ്തകങ്ങള്‍ സ്വാമികള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദുധര്‍മപരിചയം, ഷോഡശസംസ്കാരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാന ധര്‍മങ്ങളേയും സാധാരണ ജനങ്ങള്‍ക്ക് ലളിതമായ ശൈലിയില്‍ പരിചയപ്പെടുത്തുന്നു. സ്വാമിജിയുടെ സേവനം ഹൈന്ദവസമൂഹത്തിന്റെ സാമൂഹിക ആദ്ധ്യാത്മിക സമുത്കൃഷ്ടത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി നില്ക്കുന്നില്ല. വിവിധ പ്രവര്‍ത്തന രംഗങ്ങളില്‍ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു സ്വാമികള്‍. ഈ സാത്വികനെ പരിചയപ്പെടാനിടയായ ഏതൊരു വ്യക്തിക്കും അദ്ദേഹത്തിന്റെ സൗമ്യവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റവും, നിഷ്കളങ്കവും നിര്‍മ്മലവും നിസ്സംഗവുമായ ജീവിതഭാവവും ഒരിക്കലും മറക്കുവാന്‍ സാദ്ധ്യമല്ല.
ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍
കേരള ഹൈക്കോടതി മുന്‍ ജഡ്ജിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: