കാരിക്കേച്ചര്‍ രചനയിലേക്ക് സന്തോഷ് എന്ന യുവാവ് തിരിഞ്ഞത് അപ്രതീക്ഷിതമായാണ്. പെന്‍സില്‍ മാധ്യമത്തിലൂടെ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ പ്രശസ്തരുടെ മുഖങ്ങള്‍ പകര്‍ത്തി. സിനിമാ താരങ്ങളേയും പൊതുപ്രവര്‍ത്തനത്തില്‍ തിളങ്ങുന്നവരേയും വരച്ചു. ഭാവസാന്ദ്രമായ മുഖങ്ങളാണ് സന്തോഷിന്റെ കരവിരുതില്‍ ജീവന് വയ്ക്കുന്നത്. ആസ്വാദകരുടെ മനസ്സ് തുളച്ചുകയറുന്ന ഒരു മിന്നല്‍പ്പിണര്‍ തന്നെയാണ് സന്തോഷിന്റെ വരകള്‍.
മനസ്സില്‍ ചാരംമൂടിക്കിടന്ന വരകള്‍ തെളിയാനാരംഭിച്ചത് ഇക്കഴിഞ്ഞ നവംബറിലാണ്. സതീര്‍ത്ഥ്യരുടെ സംഗമമാണ് സന്തോഷിന്റെ കരവിരുതിനെ പോഷിപ്പിച്ചത്. പണി ചെയ്യാന്‍ കഴിയാതെ കുടുംബത്തിനകത്ത് കുത്തിയിരിക്കുന്നത് ഒഴിവാക്കാനുള്ള ഒരു തീരുമാനമായിരുന്നു അത്. പഠിപ്പിച്ച അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കാമെന്ന് വിചാരിച്ചു. റിട്ടയര്‍ ചെയ്തവരെയെല്ലാം ക്ഷണിച്ച് ക്ലാസ് ബാച്ച് ചേര്‍ന്നു. 28 ദിവസംകൊണ്ട് 31 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഗുരുദക്ഷിണയായി ഓരോരുത്തര്‍ക്കും നല്കുമ്പോള് സകലരുടേയും ഹൃദയം തെളിഞ്ഞു. സ്വന്തം ഛായാചിത്രത്തെ വീണ്ടും വീണ്ടും നോക്കി തൃപ്തിയടഞ്ഞു. ഇരുകരങ്ങളും തലയില്‍വച്ച് അവര്‍ അനുഗ്രഹിച്ചു. അത് ഒരു സംഭവമായിരുന്നു. വരയ്ക്കാനുള്ള സകല സാമഗ്രികളും കൂട്ടുകാര്‍ നല്കി.
സ്കൂള്‍ പഠനകാലത്ത് മത്സരങ്ങളില്‍ സമ്മാനം കിട്ടിയിരുന്നു. പിന്നീട് അത് തുടര്‍ന്നില്ല. ഒരു കൗമാര കൗതുകം മാത്രമെന്നാണ് കരുതിയത്. പത്താം ക്ലാസ് പാസായെങ്കിലും ഉപജീവനത്തിനായി വയറിങ് പഠിച്ചു. അത് തുടരുവാന്‍ തക്ക പണികള്‍ നാട്ടിലില്ലാതായി. അപ്പോള്‍ കുലത്തൊഴിലായ മരപ്പണിയിലായി ശ്രദ്ധ. നാട്ടിലും അയല്‍നാട്ടിലും കുടുംബക്കാര്‍ക്കൊപ്പം പണിതു. കുടുംബം പുലര്‍ത്തുവാന്‍ അതു മതിയായിരുന്നു. ഇടക്കാലത്ത് അച്ഛന് മരിച്ചു. അധികം കഴിയുന്നതിന് മുമ്പ് ജ്യേഷ്ഠന് പണിയെടുക്കുവാനാവാതായി. അതോടെ സന്തോഷിന്റെ ഭാരം വര്‍ധിച്ചു. കാലംപോകെ സന്തോഷിന്റെ കൈകള്‍ക്ക് ഭാരം എടുക്കാനാവാതായി. വീട്ടില്‍ ഒതുങ്ങേണ്ടി വന്നു. അങ്ങനെയാണ് പെന്‍സിലില്‍ മനസ്സിനെ തളച്ചത്. ജീവിത പ്രാരാബ്ധത്തില്‍ ആവുന്ന വിധം പങ്കു ചേര്‍ന്നു.
നോര്‍ത്ത് പറവൂരിനടുത്ത എളന്തിക്കര സ്വദേശിയായ സന്തോഷിന് ചിത്രകല ആധികാരികമായി പഠിക്കാതിരുന്നതിനാല്‍ പെന്‍സില്‍ മീഡിയത്തില്‍ ഒതുങ്ങേണ്ടിവരുന്നു. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ലോക് ഡൗണില്‍ സന്തോഷം കുറഞ്ഞു. ജീവിതം വഴിമുട്ടുന്ന ഘട്ടത്തിലേക്ക് ചുവടുവച്ചു. വര നല്കിയ വരുമാനം അകന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, എറണാകുളം കളക്ടര്‍ സുഹാസ്, ഡിജിപി ലോക്നാഥ് ബഹ്റ, നഴ്സുമാര്‍ അങ്ങനെ 24 ചിത്രങ്ങള്‍ കൊറോണ കാലത്ത് വരച്ചു. കുട്ടുകാര്ക്ക് അയച്ചുകൊടുത്ത ചിത്രങ്ങള്‍ക്ക് അനുമോദനങ്ങള്‍ വന്നു.
മൂക്കുമുട്ടെ കടം കയറി വഞ്ചി എന്നു മുങ്ങും എന്നറിയാത്ത അവസ്ഥ. പഴയ ഓടിട്ട പുര ഇളക്കി മേയുവാന്‍ പോലും സാമ്പത്തികമില്ല. ആധാരംപോലും പണയത്തിലായതിനാല്‍ ഒന്നിനും കഴിയാത്ത അവസ്ഥവന്നു. മനസ്സിലെ തിരയിളക്കമെല്ലാം മറന്നുകൊണ്ടാണ് വരയ്ക്കുവാന്‍ പെന്‍സില്‍ ഒരുക്കുന്നത്.
ചിത്രം വരയ്ക്കുവാന്‍ ആവശ്യക്കാര്‍ നന്നേ കുറഞ്ഞു. ഒരു മാസത്തിനിടെ ഒരുവര്‍ക്കാണ് ലഭിച്ചത്. ഒരു ദിവസംകൊണ്ട് വരച്ചു തീര്‍ക്കുന്നതാണ് രീതി. കറുപ്പിലും വെളുപ്പിലും പെന്‍സില്‍കൊണ്ട് കവിത രചിക്കുന്ന സന്തോഷിന്റെ മനസ്സിനെ സന്തോഷിപ്പിക്കുവാന്‍ ഹൃദയനൈര്‍മല്യമുള്ള ആരെങ്കിലും ഒരാള്‍ വരും. അതോടെ ദുര്‍വിധികള്‍ക്ക് വിരാമമാകും എന്നൊക്കെയാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: