യാത്രയെന്നാല്‍ ചലനമാണ്. എല്ലാ ചലനങ്ങളും
ഒരുതരത്തില്‍ യാത്രകള്‍തന്നെ.
എന്റെ ശരീരത്തിന്റെ ചലനം നിലയ്്ക്കുന്നിടത്തോളം ഞാന്‍ യാത്രകള്‍ തുടരും
യാത്രയുടെ നിര്‍വചനത്തെത്തന്നെ മാറ്റിയെഴുതുകയാണ് രണ്ടു ചായക്കടക്കാര്‍-കെ.ആര്‍.വിജയനും ഭാര്യ മോഹനയും. വര്‍ഷാവസാനം പോക്കറ്റില്‍ ശേഷിക്കുന്ന പണംകൊണ്ട് ചെയ്യുന്ന വിനോദപരിപാടിയല്ല ഇവര്‍ക്ക് യാത്ര. അധ്വാനിക്കാനും സമ്പാദിക്കാനും, എന്തിന് ജീവിക്കാന്‍പോലുമുള്ള കാരണമാണ് ഇവര്‍ക്കു യാത്ര. എന്നുവച്ചാല്‍ എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസില്‍ ഉയര്‍ത്തിയടിക്കുന്ന ഓരോ ചായയും ചൂട്ടെടുക്കുന്ന ഓരോ ദോശയും ഇവരെ കാഴ്ചയുടെ പുതിയ തീരങ്ങളിലേക്കെത്തിക്കുകയാണ്.
അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക.. ചായവിറ്റുകിട്ടിയ പണം കൊണ്ട് ഇവര്‍ നടത്തിയ യാത്രകളുടെ വിവരണം ഇപ്പോള്‍ പുസ്തകവുമായിരിക്കുന്നു. പേര്, ചായവിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങള്‍. വായിച്ചവരെല്ലാംതന്നെ പറയുന്നൊരു കാര്യമുണ്ട്. ജീവിക്കുകയാണെങ്കില്‍ ഇങ്ങനെ ജീവിക്കണം. 69 വയസ്സുള്ള വിജയനും 68 വയസ്സുകാരി മോഹനയും ഇതുവരെ സന്ദര്‍ശിച്ചിരിക്കുന്നത് ആറ് ഭൂഖണ്ഡങ്ങളിലായി ഇരുപത്തഞ്ചോളം വിദേശരാജ്യങ്ങളാണ്. എന്നുമുതലാണ് യാത്രകളെ ഇഷ്ടപ്പെട്ടുതുടങ്ങിയതെന്ന ചോദ്യത്തിന് വിജയന്‍ മറുപടി നല്‍കുന്നുണ്ട്. ഓര്‍മവച്ചപ്പോള്‍ മുതല്‍, അല്ലെങ്കില്‍ അതിനുംമുന്‍പുമുതല്‍.
യാത്രാവിവരണമെഴുതാനല്ല താന്‍ യാത്രപോയതെന്ന് പുസ്തകത്തിന്റെ ആദ്യ അധ്യായത്തില്‍ത്തന്നെ വിജയന്‍ തീര്‍ത്തുപറയുന്നുണ്ട്. എഴുതണമെന്നല്ല, എവിടെയെങ്കിലും പോയെന്ന് ആരോടെങ്കിലും പറയണമെന്നുപോലും തോന്നിയിട്ടില്ല. പക്ഷേ, ചായക്കടക്കാര്‍ ലോകയാത്രകള്‍ നടത്തുന്നുവെന്നത് വലിയ സംഭവമായി എല്ലാവരും കണ്ടു. പത്രങ്ങളും മാസികകളുമെഴുതി. ചാനലുകളില്‍ അഭിമുഖങ്ങള്‍ വന്നു. അതോടെ കടയില്‍വരുന്നവര്‍ക്കെല്ലാം വിശേഷങ്ങള്‍ കേള്‍ക്കണം. അങ്ങനെ ഇഡ്ഡലിയും സാമ്പാറും ഉപ്പുമാവുമൊക്കെ വിളമ്പുന്നതിനിടെ എല്ലാവരോടും ആ കഥകള്‍ പറയേണ്ടിവന്നു. ഒരു പുതുവത്സര രാത്രിയില്‍ നൈല്‍നദിയില്‍ ബോട്ടിങ് നടത്തിയത്, പാരീസില്‍ ലിഡോ ഷോ കണ്ടത്, പസിഫിക്കിലും അറ്റ്‌ലാന്റിക്കിലും കാല്‍നനച്ചത്. പറഞ്ഞുകഴിയുമ്പോള്‍ എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒന്നുമാത്രം. നിങ്ങള്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു? ഈ ചോദ്യത്തില്‍നിന്നാണ് പുസ്തകത്തിന്റെ പിറവിയും. ഇവരുടെ യാത്രകള്‍ സാധാരണക്കാര്‍ക്കു വലിയ പ്രചോദനമാകുമെന്ന് പലരും പറഞ്ഞതുകൊണ്ടാണ് അനുഭവങ്ങള്‍ എഴുതാന്‍ തീരുമാനിച്ചത്. യാത്രകളുടെ വിവരണം മാത്രമല്ലിത്. വിജയന്റെയും മോഹനയുടെയും ജീവിതകഥകൂടിയാണ്.
ചേര്‍ത്തലയില്‍നിന്നു തുടങ്ങിയ യാത്ര
ചേര്‍ത്തലയില്‍ ജനിച്ച വിജയന് വീട്ടുകാരറിയാതെ എറണാകുളത്തേക്ക് യാത്രകള്‍ നടത്തിയതു മുതലുള്ള ഓര്‍മകളുണ്ട്. സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ അച്ഛന്‍ കൊടുത്തിരുന്ന പണം എറണാകുളത്തെ തീയറ്ററുകളിലും ഹോട്ടലുകളിലുമെത്തി. ചെറുപ്പം മുതലുണ്ടായിരുന്ന സിനിമാപ്രേമവും വായനാശീലവും തന്നിലെ യാത്രക്കാരനെ പാകപ്പടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. എറണാകുളം സ്വദേശിനിയായ മോഹനയെ വിവാഹം കഴിക്കുന്നത് 1973ലാണ്. അതിനുശഷം വിജയനും എറണാകുളത്തേക്കുവരികയായിരുന്നു. സൈക്കിളില്‍നടന്നു ചായവില്‍പന, ലോട്ടറിക്കച്ചവടം, തട്ടുകട എന്നിങ്ങനെ ഒട്ടേറെ ജോലികള്‍ ചെയ്തായിരുന്നു എറണാകുളത്തെ ജീവിതം. 1995ലാണ് ഇപ്പോഴത്തെ ചായക്കട ഗാന്ധിനഗറില്‍ തുടങ്ങുന്നത്.
ആദ്യത്തെ ദീര്‍ഘയാത്രകള്‍ പളനിക്കും തിരുപ്പതിക്കുമൊക്കെയായിരുന്നു. 1987ലാണ് ആദ്യമായി ഉത്തരേന്ത്യയിലേക്കുള്ള തീര്‍ഥാടനം. പെട്ടെന്നുള്ള യാത്രകളായിരുന്നു പലതും. ചിലതു മോഹനപോലുമറിയാതെ. 2007ല്‍ അവിചാരിതമായാണ് ആദ്യത്തെ വിദേശയാത്രയ്‌ക്കു വഴിയൊരുങ്ങിയത്. വിശുദ്ധനാടുകളിലേക്കായിരുന്നു അത്. ഇന്ത്യയില്‍തന്നെ ദുരയാത്രകളില്‍ മോഹനയും ഒപ്പംവരുന്ന പതിവ് ഇതിനകം തുടങ്ങിയിരുന്നു. വിദേശയാത്രയും ഭാര്യയോടൊത്താകണമെന്ന് വിജയന്‍ തീരുമാനിച്ചു. അങ്ങനെ ആദ്യവിമാനയാത്രയില്‍ ഇരുവരും കൈകള്‍ കോര്‍ത്തുപിടിച്ചു. പരസ്പരം ധൈര്യപ്പെടുത്തി. വിദേശങ്ങളിലെ യാത്രകള്‍ക്കിടയിലുണ്ടായ രസകരമായ സംഭവങ്ങളും, അവിടെവച്ചുകണ്ടുമുട്ടിയ മലയാളികളുമായുള്ള ബന്ധവുമെല്ലാം ഒളിമങ്ങാത്ത ഓര്‍മകളാണ്. പുസ്തകത്തിലും അവ വരച്ചുകാട്ടുന്നു.
മോഹനയുടെ എഴുത്തുകള്‍
മോഹനയുടെ ജീവിതവും വ്യത്യസ്തമാണ്. പുസ്തകത്തില്‍ അതിന്റെയും വിവരണങ്ങളുണ്ട്. വിവാഹം, കുടുംബം, ഭര്‍ത്താവിന്റെ യാത്രകളോടുള്ള പ്രണയം, അപ്രതീക്ഷിതമായ യാത്രകള്‍ എന്നിങ്ങനെയെല്ലാം അവ പങ്കുവയ്‌ക്കുന്നു. യാത്രകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും, സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവ ഏതെല്ലാമെന്നും മോഹന പറയുന്നു. ചായക്കടക്കാരുടെ യാത്രകളുടെ സാമ്പത്തികശാസ്ത്രം എങ്ങനെയായിരുന്നുവെന്ന് മോഹന വിശദീകരിക്കുന്നു. ചായവിറ്റുകിട്ടുന്ന പണം സ്വരൂപിക്കുന്നതും, യാത്രയ്‌ക്കുള്ള സമയമാകുമ്പോള്‍ ചിട്ടിപിടിക്കുന്നതും, പിന്നീട് ജോലിയെടുത്തു തിരിച്ചടയ്‌ക്കുന്നതും, ഏറ്റവും ചെലവുകുറച്ചു ജീവിക്കുന്നതുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. യാത്രകളിലൂടെ തങ്ങളുടെ ഇടയിലുള്ള സ്‌നേഹം വളരുകയായിരുന്നു എന്നാണ് മോഹന പറയുന്നത്.
ജീവിതദര്‍ശനങ്ങള്‍
യാത്രാനുഭവങ്ങള്‍ മാത്രമല്ല, വിജയന് ജീവിതദര്‍ശനങ്ങളുമുണ്ട്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. പിന്നീട് അതിനുവേണ്ടിയായിരുന്നു ജീവിച്ചത്. ബാക്കിയുള്ള കാര്യങ്ങളെല്ലാം അദ്ദേഹം രണ്ടാംനിരയിലേക്കു നീക്കിവച്ചു. താന്‍ വിശ്വാസിയാണെന്നും വിജയന്‍ പറയുന്നു. ദൈവം തനിക്ക് അനുവദിച്ചുതന്നിരിക്കുന്ന ഈ സമയത്തിനുള്ളില്‍ പോകേണ്ട സ്ഥലങ്ങളിലെല്ലാം പോയിത്തീര്‍ക്കണമെന്നതാണ് ആഗ്രഹം. സ്വാമി വിവേകാനന്ദന്റെ എഴുത്തുകള്‍ വിജയനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. പലസ്ഥലങ്ങളിലും സ്വാമികളുടെ വാക്കുകള്‍ കടമെടുക്കുന്നുണ്ട്. തന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ഊര്‍ജമായാണ് ആ വാക്കുകളെ സ്വീകരിച്ചിരിക്കുന്നത്. രണ്ടു പെണ്‍മക്കളോടും അവരുടെ കുടുംബാംഗങ്ങളോടും എന്നും നന്ദിയുള്ളവരാണ് ഈ ദമ്പതികള്‍. കാരണം അവരുടെ പി
ന്തുണയില്ലായിരുന്നുവെങ്കില്‍ യാത്രകള്‍ നടക്കില്ലായിരുന്നുവെന്നാണ് ഇവരുടെ തിരിച്ചറിവ്. യാത്രകള്‍ തങ്ങളെ തുടര്‍ച്ചയായി നവീകരിക്കുകയാണെന്നു വിജയന്‍ പറയുന്നു. കാഴ്‌ച്ചപ്പാടുകളെ വിശാലമാക്കാന്‍ സഹായിക്കുന്നു. എല്ലാ വിദേശയാത്രകളും എന്തെങ്കിലും ജീവിതപാഠങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദേശികളില്‍നിന്നു പഠിക്കേണ്ട ശീലങ്ങളും എണ്ണിപ്പറയുന്നുണ്ട്. എന്നാല്‍ വിദേശത്തുചെന്നപ്പോള്‍ സ്വന്തം രാജ്യത്തിന്റെ പൈതൃകത്തെ കൂടുതല്‍ മനസ്സിലാക്കാനും അഭിമാനംകൊള്ളാനുമാണ് വിജയനു തോന്നിയത്. അക്കാര്യം ഒരുസന്ദേശമായി ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. കണ്ട ഇന്ത്യയെക്കുറിച്ചുമാത്രമല്ല, കാണാത്ത ഇന്ത്യയെക്കുറിച്ചും വിജയനു പറയാനുണ്ട്.
ഞങ്ങള്‍ ചായക്കടക്കാരാണ്
തങ്ങള്‍ എന്താണോ അതില്‍നിന്ന് അണുവിട മാറാന്‍ വിജയനും മോഹനയ്‌ക്കും താല്‍പര്യമില്ല. എവിടെച്ചെന്നാലും തങ്ങള്‍ ചായക്കടക്കാരാണ് എന്നുതന്നെ പരിചയപ്പെടുത്തും. തങ്ങളുടെ കൈയില്‍ അധികം പണമില്ലെന്നും, യാത്രകളോടും കാഴ്ചകളോടുമുള്ള അഗാധമായ സ്‌നേഹംകൊണ്ടാണ് യാത്രയ്‌ക്കു വന്നതെന്നും പറയും. വിദേശയാത്രയില്‍ വിലകൂടിയ വേഷവിധാനങ്ങളോ രുചിയേറിയ ഭക്ഷണവിഭവങ്ങളോ ഇവരുടെ പരിഗണനയിലേ ഇല്ല. കൂടെയുള്ളവര്‍ വിദേശത്തെ മാര്‍ക്കറ്റുകളില്‍നിന്ന് പതിനായിരങ്ങള്‍ക്കും ലക്ഷങ്ങള്‍ക്കും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മാര്‍ക്കറ്റിലെ കാഴ്ചകളില്‍ മാത്രമാണ് ഇവര്‍ക്കു താല്‍പര്യം. നമ്മള്‍ നമ്മളായി ജീവിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് മോഹനയും പറയുന്നു. എന്തുവന്നാലും എറണാകുളത്തെ ചായക്കട ഉപേക്ഷിക്കാന്‍ അവര്‍ ഒരുക്കമല്ല. മാത്രമല്ല, യാത്രചെയ്യാന്‍ കഴിയാത്തവിധത്തില്‍ ചായക്കടയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തയാറാല്ല. ഓരോ യാത്രകഴിയുമ്പോഴും നാട്ടില്‍ ഇവര്‍ക്ക് ആരാധകര്‍ കൂടിവരികയായിരുന്നു. സ്‌കൂള്‍ വാര്‍ഷിക ഉദ്ഘാടനങ്ങള്‍ക്കുമുതല്‍ ഐടി കമ്പനികളിലെ പരിപാടികള്‍ക്കുവരെ ഇവര്‍ ക്ഷണിക്കപ്പെട്ടു.
മോഹന്‍ലാലും മമ്മൂട്ടിയും
വിജയന്റെ ജീവിതത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമുണ്ട്. ഇരുവരുമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷം പുസ്തകത്തിലും പങ്കുവയ്‌ക്കുന്നു. തങ്ങള്‍ക്കു സഹായം ചെയ്തവരെയും ഇവര്‍ മറക്കുന്നില്ല. ലോകസഞ്ചാരിയായ അമേരിക്കല്‍ വ്‌ളോഗര്‍ ഡ്ര്യൂ ബിന്‍സ്‌കി തങ്ങളുടെ കടയില്‍വന്നതും, തങ്ങളെക്കുറിച്ച് വിഡിയോ ചെയ്തതുമെല്ലാം അത്ഭുതത്തോടെയാണു പങ്കുവയ്‌ക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പാണ് പുസ്തകത്തിന്റെ ആമുഖമായതും. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ സിഇഒ ആനന്ദ് മഹിന്ദ്രയുടെ വലിയ സഹായം ഞെട്ടിച്ചുകളഞ്ഞു. അതോടൊപ്പം സാക്ഷാല്‍ അമിതാഭ് ബച്ചനും അനുപംഖേറുമെല്ലാം സഹായിച്ചതോര്‍ക്കുന്നു. ട്രാവല്‍ ഏജന്‍സികളുടെ സ്‌പോണ്‍സര്‍ഷിപ്പും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണു പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ”എറണാകുളത്തെ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങളുടെയും ജീവിത സഞ്ചാരങ്ങളുടെയും പുസ്തകം ഈ പോസ്റ്റിലൂടെ പ്രകാശിപ്പിക്കാന്‍ അതിയായ സന്തോഷമുണ്ട്. ഈ കോവിഡ് കാലത്ത് ഇവരുടെ യാത്രാകഥകള്‍ പ്രകാശം പരത്തട്ടെ” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. എഴുത്തുകാരന്‍ സക്കറിയയും അന്നുതന്നെ പുസ്തകത്തെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുത്തി.
യാത്രകള്‍ തുടരുന്നു
ഒന്നും കണ്ടുകഴിഞ്ഞിട്ടില്ലെന്നാണു വിജയന്‍ പറയുന്നത്. ഇനിയും ഒരുപാട് സ്ഥലങ്ങള്‍ ലിസ്റ്റിലുണ്ട്. ഏറ്റവും പ്രധാനം പണ്ടുമുതലേ വായിച്ചറിഞ്ഞ റഷ്യയാണ്. യൂറോപ്പ് ഒന്നുകൂടി കണ്ടാല്‍ക്കൊള്ളാമെന്നുണ്ട്. ഉദയസൂര്യന്റെ നാടായ ജപ്പാനും പാതിരാസൂര്യന്റെ നാടായ നോര്‍വേയും കാണണമെന്നുണ്ട്. ഇന്ത്യയിലെ കൊല്‍ക്കത്തയും ആന്‍ഡമാന്‍ ദ്വീപുകളുമെല്ലാം സ്വപ്‌നങ്ങള്‍തന്നെ. ഇനി ഒരുസ്ഥലത്തും പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഇവര്‍ക്കു തെല്ലും വിഷമമില്ല. കാരണം, ആഗ്രഹിച്ചതിലും അര്‍ഹിച്ചതിലും കൂടുതലാണ് ദൈവം ഇതുവരെ തന്ന അവസരങ്ങള്‍. ഇതുവരെ കണ്ട കാഴ്ചകളെല്ലാം ഉള്ളിലുണ്ട്. അത് തങ്ങള്‍ക്കുസ്വന്തമാണ്. വിശ്രമിക്കുമ്പോള്‍ ഈ കാഴ്ചകളുടെ ഓര്‍മകള്‍ ഒപ്പമുണ്ടാകും. ജീവിതത്തെ യാത്രകളായി വിഭജിച്ച വിജയന്‍ എഴുത്ത് അവസാനിപ്പിക്കുന്നതും ഓര്‍മകളെക്കുറിച്ചു പറഞ്ഞാണ്. അവസാനകാലത്ത് നമുക്ക് സ്വന്തമായി കുറച്ച് ഓര്‍മകളേ ഉണ്ടാകൂ..നമ്മള്‍ സ്വപ്‌നങ്ങള്‍ സത്യമാക്കിയതിന്റെ ഓര്‍മകള്‍
മനോജ് പി.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: