കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രതിക്കൂട്ടിലാക്കി പി. രാജീവും എളമരം കരീമും. സ്വപ്ന സുരേഷുമായുള്ള ബന്ധവും ഇത് സംബന്ധിച്ച് ചാനലില്‍ നല്കിയ വിശദീകരണവും ആയുധമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ശ്രീരാമകൃഷ്ണനെതിരെ ഇരുവരും ആഞ്ഞടിച്ചത്. സ്വപ്നയുടെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്നും ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ശ്രീരാമകൃഷ്ണന് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരെ രാജീവ് പൊട്ടിത്തെറിച്ചു. പാര്‍ട്ടി ബ്രാഞ്ചിനെക്കാളും വലുതാണോ സ്പെഷ്യല്‍ ബ്രാഞ്ചെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് എല്ലായിടത്തും ബ്രാഞ്ചും മേല്‍ഘടകങ്ങളുമുണ്ട്. അവിടെ അന്വേഷിച്ചാല്‍ ആരെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും. പാര്‍ട്ടി സംവിധാനങ്ങളെക്കാളും വലുതാണോ പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച്, രാജീവ് ചോദിച്ചു. എളമരം കരീമും സ്പീക്കറെ വിമര്‍ശിച്ചു. വി.എസ് പക്ഷത്തെ ആനത്തലവട്ടം ആനന്ദനും സ്പീക്കറെ കുറ്റപ്പെടുത്തി. യോഗ തീരുമാനം ബ്രാഞ്ച് മുതലുള്ള മേല്‍ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.
ഉദ്ഘാടന പരിപാടിക്കിടെ ശ്രീരാമകൃഷ്ണന് സ്വപ്നയുടെ തോളത്തുതട്ടി സൗഹൃദം പങ്കിടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ആദ്യം ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഡിപ്ലോമാറ്റ് എന്ന നിലയിലാണ് സ്വപ്നയെ പരിചയമെന്നും അവര്‍ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കുന്നതോ തട്ടുന്നതോ വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നുമായിരുന്നു വാദം.
സ്പീക്കറും സ്വപ്നയും നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഴ്ച പറ്റിയതായി അദ്ദേഹം തുറന്നുസമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: