തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വയറ്റിനുള്ളില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 337ാം വകുപ്പ് പ്രകാരമാണ് (മനപൂര്‍വ്വവും ഗുരുതരവുമായ ക്രിമിനല്‍ നെഗ്ലിജന്റ്സ് ) ഡോ.പോള്‍ ടി. ജോസഫിനെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുള്ളത്.
ഓട്ടോ ഡ്രൈവറായ കൂര്‍ക്കഞ്ചേരി സ്വദേശി മാളിയേക്കല്‍ ജോസഫ് പോളിന്റെ (55)വയറ്റില്‍ നിന്നാണ് ശസ്ത്രക്രിയ നടത്തുമ്പോള്‍ വസ്തുക്കള്‍ എടുത്ത് മാറ്റിവെക്കാന്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് സമാനമായ കൊടില് കണ്ടെടുത്തത്. വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചതായും പരാതിക്കാരന്റെ മൊഴി ഉടനെയെടുക്കുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ വിഭാഗം സീനിയര്‍ ഡോക്ടര്‍ കൂടിയായ പോള്‍ ടി. ജോസഫിനെതിരെ തൃശൂര്‍ എസിപിക്ക് ജോസഫ് പരാതി നല്‍കിയിരുന്നു. പരാതി പിന്നീട് പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് മുളങ്കുന്നത്തുകാവ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷന്, ജില്ലാ കളക്ടര്‍, ഡിഎംഒ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്കും ജോസഫ് പരാതി നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയക്കായി ഡോക്ടര്‍ പണം വാങ്ങിയെന്നും സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹം പ്രാക്ടീസ് നടത്തുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. മഞ്ഞപ്പിത്ത ചികിത്സക്കിടെ പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോസഫ് ചികിത്സതേടി മെഡിക്കല്‍ കോളജിലെത്തിയത്. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പോയി എക്സേറെയെടുത്തപ്പോള് വയറിനുള്ളില്‍ കത്രിക കണ്ടെത്തുകയുമായിരുന്നു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്താണ് കത്രിക പുറത്തെടുത്തത്. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: