തൃശൂര്‍: എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പിഎസ്കെ ക്ലാസസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘നമുക്കുയരാം’ സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ സൗജന്യ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയ എല്ലാ കുട്ടികള്‍ക്കും പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 2018ല്‍ ആരംഭിച്ച പദ്ധതിയില്‍ പഠിച്ച 41 കുട്ടികളില്‍ 37 കുട്ടികളും 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയപ്പോള്‍ നാല് കുട്ടികള്‍ക്ക് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടാനായി. ഇവരില്‍ ആറു കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. 41 കുട്ടികളില്‍ എടവിലങ്ങ് സ്വദേശി ദുര്‍ഗ .ആര്.എസ് 1165 മാര്‍ക്ക് നേടി ഒന്നാമത് എത്തി.
എന്‍ട്രന്‍സ് പരീക്ഷയിലൂടെ തെരഞ്ഞെടുത്ത കുട്ടികളെ പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ത്ത് റിജു ആന്‍ഡ് പിഎസ്കെ ക്ലാസസിന്റെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്. പഠനത്തിനൊപ്പം മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തുവരുന്നു. പ്ലസ്ടു കഴിഞ്ഞുള്ള മത്സര പരീക്ഷകളില്‍ ഇവരെ വിജയിപ്പിച്ച് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ‘നമുക്കുയരാം’ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ലക്ഷ്യംമെന്ന് പി. സുരേഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: