തൃശൂര്‍: ഇന്റലിജന്റ് റോബോട്ടിക്ക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി 24 മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടണ്‍ സംവിധാനത്തിന് തുടക്കമായി. തൃശൂര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് തൃശൂര്‍ സിറ്റി പോലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ. സി. മൊയ്തീന് നിര്‍വ്വഹിച്ചു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ്ബട്ടണ്‍ ടെര്‍മിനലുകളില്‍ കൈവിരലുകളമര്‍ത്തിയാല്‍ സഹായമാവശ്യപ്പെടുന്നയാള്‍ നില്ക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കണ്ട്രോള് റൂമില്‍ ദൃശ്യമാവും. അതോടൊപ്പം ഘടിപ്പിച്ചിട്ടുള്ള ഹോട്ട് ലൈന്‍ ടെലിഫോണിലൂടെ കണ്ട്രോള് റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും കഴിയും. റെഡ് ബട്ടണ്‍ അമര്‍ത്തുന്നയാള്‍ പോലീസുദ്യോഗസ്ഥനുമായി ആശയവിനിമയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ 24 മണിക്കൂറും നഗരത്തില്‍ റോന്തുചുറ്റുന്ന കണ്‍ട്രോള്‍റൂം പോലീസ് വാഹനങ്ങളിലേക്ക് കൈമാറും.
നിമിഷങ്ങള്‍ക്കകം സുരക്ഷയ്ക്കായി പോലീസ് വാഹനം സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെഡ് ബട്ടണ്‍ സംവിധാനം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഏതൊരാള്‍ക്കും റെഡ്ബട്ടണിലൂടെ സഹായമഭ്യര്‍ത്ഥിക്കുകയോ, കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്യാം.
സാങ്കേതിക മേന്മകള്
റെഡ് ബട്ടണ്‍ ടെര്‍മിനലുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ ഡെഫിനിഷന്ശേഷിയുള്ള ക്യാമറകള്‍ 360 ഡിഗ്രി ചുറ്റളവില്‍ ദൃശ്യങ്ങള്‍ രേഖപ്പെടുത്തും.
കുറ്റവാളികളുടെ മുഖം കൃത്യമായി ഒപ്പിയെടുക്കുന്നതിനും, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ വായിച്ചെടുക്കുന്നതിനും ഇതിലെ ക്യാമറകള്‍ക്ക് സാധിക്കും.
റെഡ് ബട്ടണ്‍ ഉപയോക്താവ് തനിക്ക് ആവശ്യമുള്ള പോലീസ് സേവനത്തിന് ഏത് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കണമെന്നും ഏത് ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം എന്നും, ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല.
ആദ്യഘട്ടത്തില്‍ നഗരത്തില്‍ കോര്പ്പറേഷന് ഓഫീസ് പരിസരത്തും ശക്തന് നഗറിലുമാണ് റെഡ്ബട്ടണ്‍ ടെര്‍മിനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഘട്ടങ്ങളായി ഇതിന്റെ പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ല മുഴുവനും വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: