പാലക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അംജദ് അലിക്ക് പാലക്കാടും ബന്ധം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്റ്റാര്‍ട്ട്അപ്പായി പാലക്കാട്ട് ആരംഭിച്ച അവോറ വെഞ്ചേഴ്സ് എന്ന ഇന്റീരിയിര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ നാല് ഡയറക്ടര്‍മാരില്‍ ഒരാളാണ് അംജദ് അലി.
സൗദിയില്‍ സ്വന്തമായി ഹോട്ടല്‍ നടത്തിയിരുന്ന അംജദ് ഇത് സഹോദരങ്ങളെ ഏല്‍പ്പിച്ച് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണ് പാലക്കാട്ടുകാരായ മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് സ്ഥാപനം തുടങ്ങിയത്. ഡയറക്ടര്മാരിലൊരാളുടെ സുഹൃത്തിന്റെ ബന്ധുവാണ് അംജദ് അലി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടു മാസം മുമ്പ് അയാളെ കണ്ടിരുന്നതായി അംജദ് ഡയറക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു പ്രോജക്ടിനായി കൊണ്ടണ്ടുപോയപ്പോഴാണ് റമീസിനെ കണ്ടതെന്ന് അംജദ് അലി പറഞ്ഞതായി ഡയറക്ടര്‍മാരിലൊരാള്‍ ജന്മഭൂമിയോട് പറഞ്ഞു. തിരുവനന്തപുരത്തെ വിവാദ ഫഌറ്റിലാണ് റമീസും അംജദ് അലിയും ചര്‍ച്ച നടത്തിയത്. സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബെന്‍സ് കാറിലാണ് അംജദ് തിരുവനന്തപുരത്തു പോയത്. അതുകൊണ്ടുതന്നെ റമീസിനെ അറസ്റ്റ് ചെയ്തപ്പോള്‍ തനിക്കെതിരെ അന്വേഷണം വരുമെന്നും പറഞ്ഞിരുന്നു. അന്നുതന്നെ കസ്റ്റംസ് അംജദിനെ അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാല് ഡയറക്ടര്‍മാരില്‍ ഒരാളുടെ വീട്ടുനമ്പറിലാണ് കാറും കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനം തുടങ്ങി നാലു മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമുണ്ടായിരുന്ന ബെന്‍സ് കാര്‍ അംജദ് വില്‍ക്കുന്നത്. തുടര്‍ന്നാണ് പുതിയ ബെന്‍സിനായി വായ്പയെടുക്കുന്നതും കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതും. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇടപാടുകാരെ കാണാന്‍ പോയിരുന്നത് ഈ കാറിലായിരുന്നു.
അംജദ് ആയിരുന്നു കൂടുതലും കാറ് ഉപയോഗിച്ചിരുന്നത്. മൂന്ന് ഡയറക്ടര്‍മാര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്സറ്റംസ് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: