തൃശൂര്‍: സ്വര്‍ണക്കടത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍ഐഎ-കസ്റ്റംസ് സംഘം കൊടുങ്ങല്ലൂരില്‍. കൈപ്പമംഗലം മൂന്നുപീടികയിലുള്ള ഇയാളുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെ എത്തിയ സംഘം രാത്രി വരെ പരിശോധന തുടര്‍ന്നു. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
കേരളത്തില്‍ ഇയാളുമായി ബന്ധമുള്ളവരെ കണ്ടെത്താനും ശ്രമം തുടരുകയാണ്. സിനിമാ മേഖലയിലുള്ള ചിലരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ മഹത്വവത്കരിച്ച് അടുത്തകാലത്ത് എറണാകുളത്തെ യുവ സംവിധായകന്‍ പുറത്തിറക്കിയ ചിത്രത്തിന് പണം മുടക്കിയത് ഫൈസലും സംഘവുമായിരുന്നുവെന്ന് പറയുന്നു. സംവിധായകന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയുടെ പേരിലായിരുന്നു സിനിമാനിര്‍മാണം. സംവിധായകന്റെ ഭാര്യയായ നടി തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ഈ സിനിമയുടെ നിര്‍മാണത്തിന് പിന്നിലുള്ളവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി സ്വര്‍ണം കടത്തുന്നയാളാണ് ഫൈസല്‍. ലോക്ഡൗണ്‍ കാലത്ത് പലവട്ടം ഇയാള്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്തി. ദുബായ്-ഷാര്‍ജ അതിര്‍ത്തിയില്‍ ഹിസൈനിലുള്ള ഫാക്ടറി കെട്ടിടത്തിനുള്ളില്‍ വച്ചാണ് ഇപ്പോള്‍ പിടിയിലായ സ്വര്‍ണം ഫൈസലിന്റെ നേതൃത്വത്തില്‍ രഹസ്യമായി പായ്‌ക്ക് ചെയ്തത്. ഈ ഫാക്ടറി കെട്ടിടം മലയാളിയായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്. കൊറോണ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഫാക്ടറി അടച്ചിട്ടിരുന്ന സമയത്താണ് സ്വര്‍ണം പായ്‌ക്കു ചെയ്തത്. ദുബായ്‌യില്‍ ഫൈസല്‍ നടത്തുന്ന കാര്‍ വര്‍ക്ക്‌ഷോപ്പും സ്വര്‍ണക്കടത്തിനുള്ള മറയായി ഉപയോഗിച്ചു. പലപ്പോഴും ഗൃഹോപകരണങ്ങളുടെ ഉള്ളിലും മറ്റും ഇവിടെ വച്ചും സ്വര്‍ണം ഒളിപ്പിച്ചിരുന്നു.
നൂറ് കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണം ഫൈസല്‍ കേരളത്തിലേക്ക് കടത്തിയതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇത്രയും വലിയ തുക സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചതാരൊക്കെയെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ തിരയുന്നത്. ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതോടെ മാത്രമേ പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുബായ്‌യില്‍ നിന്ന് ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയത് ഇതിന്റെ ഭാഗമായാണ്. യുഎഇയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറുണ്ടെങ്കിലും ഈ രീതിക്ക് കാലതാമസമുണ്ടാകും. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇയാളെ മറ്റു നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ തന്നെ ഇന്ത്യയിലേക്ക് കയറ്റി വിടാനാകും. എന്‍ഐഎ കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഇയാള്‍ ഇരട്ടമുഖമുള്ള തന്ത്രശാലിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നാട്ടില്‍ വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബമല്ല ഫൈസലിന്റേത്. വീടു പണിയാനെടുത്ത ലോണ്‍ പോലും കുടിശ്ശികയായ നിലയിലാണ്. കള്ളക്കടത്ത് ബന്ധങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയമുയരാതിരിക്കാനുള്ള മറയാണ് ഇതെന്നാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ദുബായ്‌യില്‍ ആഢംബര ജീവിതമാണ് ഇയാള്‍ നയിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വീട്ടുകാരെ കഴിഞ്ഞ വര്‍ഷം ഇയാള്‍ ദുബായ്‌യിലേക്ക് കൊണ്ടുപോയിരുന്നു. കൊറോണ ശക്തമായതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചപ്പോഴും ഫൈസല്‍ അതിന് താത്പര്യം കാണിച്ചില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: