ചേര്‍ത്തല: ഇത്തിരിപ്പോന്ന മഞ്ചാടിയില്‍ രാമായണത്തിലെ കഥാപാത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയാണ് കാവുങ്കല്‍ മംഗളപുരം പത്മിനി നിവാസില്‍ എം.കെ. രമേശന്(52).
ചിത്രരചനയും ശില്പകലയും പഠിക്കാതെ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കുകയാണ്. സീതയുടെ ജനനം മുതല്‍ രാവണവധം വരെയുള്ള ഭാഗങ്ങള്‍ എണ്ണഛായം ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്.
സീതയുടെ ജനനം, അഹല്യാമോക്ഷം, ലങ്കാദഹനം, ശൂര്‍പ്പണഖയുടെ വരവ്, ലക്ഷ്മണ രേഖ, സീതയെ രാവണന് തട്ടി കൊണ്ടുപോയത്, ഹനുമാന് തന്റെ മാറ് പിളര്‍ന്ന് കാണിക്കുന്ന ഭാഗം എന്നിങ്ങനെ 40 ഓളം മഞ്ചാടിക്കുരുവിലാണ് രാമായണം തീര്‍ത്തത്. മഹാഭാരതത്തിലെ പ്രധാന സംഭവങ്ങള്‍ ശില്പങ്ങളിലാക്കിയും രമേശന് കഴിവ് തെളിയിച്ചുട്ടുണ്ട്.
കൃഷ്ണന്റെ ബാലലീലകള്‍, കാളിയമര്‍ദ്ദനം, നരസിംഹാവതാരം, രുഗ്മിണി സ്വയംവരം, ഗജേന്ദ്രമോക്ഷം എന്നിങ്ങനെയുള്ള ഭാഗങ്ങള്‍ മണ്ണും,സിമന്റും ഉപയോഗിച്ച് ശില്പങ്ങള് തീര്‍ത്ത് ഗിന്നസ് റിക്കാര്‍ഡിനായി കാത്തിരിക്കുകയാണ് രമേശന്.
പത്ത് വര്‍ഷം കൊണ്ടാണ് മഞ്ചാടിക്കുരുവിലെ ചിത്രങ്ങളും , ശില്പങ്ങളും തീര്‍ത്തത്. ക്ഷേത്രങ്ങളിലെ ശാന്തി പണി കഴിഞ്ഞ് കിട്ടുന്ന സമയമാണ് ചിത്രരചനക്കായി മാറ്റിവെച്ചത്. കോറോണാ വൈറസ് വ്യാപനം മൂലം ആലപ്പുഴ പുന്നമടയ്ക്കടുത്തുള്ള ക്ഷേത്രം അടച്ചതോടെ ജോലിയില്ലാതായി. ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ക്യാന്‍വാസില്‍ മഹാഭാരതകഥകളുടെ എണ്ണഛായാചിത്രങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശന്. ഭാര്യ മായയും മക്കളായ അമൃതയും,രൂപേഷുംഎല്ലാ പിന്തുണയുമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: