കമ്യൂണിസവും പാര്‍ട്ടിയും എല്ലാക്കാലവും മതവിരുദ്ധവും നിരീശ്വരവാദ പ്രത്യയശാസ്തത്തില്‍ വിശ്വസിക്കുന്നതുമാണ്. ഭാരതത്തില്‍ പ്രത്യേകിച്ചും അവര്‍ എല്ലാക്കാലവും ഹിന്ദു വിരുദ്ധരുമാണ്. ആദ്യകാലത്ത് അവര്‍ ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും അപമാനിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു ‘എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളാണ്. അമ്പലം പൊളിച്ചു കപ്പ നടണമെന്നും സര്‍പ്പക്കാവുകള്‍ വെട്ടിനിരത്തി അന്ധവിശ്വാസത്തെ ആട്ടിയോടിക്കണമെന്നും അവര്‍ പ്രസംഗിച്ചു നടന്നു. അമ്പലക്കുളം നികത്തി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചാല്‍ അത്രയും പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന് യുവാക്കളോടു പറഞ്ഞു. ക്ഷേത്രങ്ങള്‍ എന്നും കമ്യൂണിസ്റ്റുകളുടെ ആക്രമണ കേന്ദ്രങ്ങളായിരുന്നു.
ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടും തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നു. അവഗണിക്കപ്പെട്ട അമ്പല മൈതാനങ്ങള്‍ നാമജപ മുഖരിതമായി. ജീര്‍ണിച്ച ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടു. അതാത് ക്ഷേത്രപരിസരത്തെ ഹിന്ദുക്കള്‍ ഒന്നിച്ചു കൂടി ക്ഷേത്ര സംരക്ഷണ സമിതികളുണ്ടാക്കി. സമൂഹാരാധന നടപ്പാക്കി. ക്ഷേത്ര വിരുദ്ധമായി നടന്ന പഴയ തലമുറയുടെ പിന്‍ഗാമികള്‍ ക്ഷേത്രാഭിമുഖ്യമുള്ളവരായി. ആരാധനകളെ പിന്തിരിപ്പനായി കാണാത്ത യുവജനങ്ങളുണ്ടായി. അവര്‍ ക്ഷേത്രങ്ങള്‍ക്കു കാവല്‍ നിന്നു; നടത്തിപ്പുകാരായി. വിദ്യാസമ്പന്നതയെന്നാല്‍ ക്ഷേത്ര വിരുദ്ധതയെന്ന കമ്യൂണിസ്റ്റ് പാഠം വലിച്ചെറിഞ്ഞു. തങ്ങളുടെ പദ്ധതി പരാജയപ്പെടുന്നതു കണ്ട് അവര്‍ വിഷണ്ണരായി.
അവരുടെ നിരാശയില്‍ നിന്ന് പുതിയ തന്ത്രം ഉയര്‍ന്നു വന്നു. ക്ഷേത്ര കമ്മിറ്റികളില്‍ നുഴഞ്ഞുകയറുക. അതാകുമ്പോള്‍ ആരും വേഗം അറിയുകയുമില്ല. ചിലയിടത്തൊക്കെ വിജയിച്ചു. പലേടത്തും പരാജയപ്പെട്ടു. ക്ഷേത്രങ്ങളിലേക്ക് ഹിന്ദുക്കള്‍ ഒഴുകി. ആദര്‍ശം കൈവിട്ടിട്ടാണെങ്കിലും ആശ കൈവിടാതെ പാര്‍ട്ടി ക്ഷേത്രം നശിപ്പിക്കാനുള്ള പരിശ്രമം തുടര്‍ന്നു. അതിന്റെ ഒടുവിലത്തെ സംഘടിത ശ്രമമായിരുന്നു 2018ല്‍ കണ്ണൂരില്‍ നടത്തിയത്. ജൂണ്‍ അവസാന വാരം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭാരവാഹികളുടെ ഒരു സംഘടന അവര്‍ ഉണ്ടാക്കി. അതിന്റെ ഭാഗമായി നടന്ന കണ്‍വെന്‍ഷനില്‍ പ്രമേയം പാസ്സാക്കി. അതില്‍ അവര്‍ അവതരിപ്പിച്ച കാര്യങ്ങള്‍ ഇവയായിരുന്നു:
1. ആര്‍എസ്എസ് പ്രചാരകനായ മാധവ്ജി എഴുതിയ ക്ഷേത്ര ചൈതന്യ രഹസ്യം ഉപയോഗിക്കരുത്.
2. ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതല്ല.
3. ഭാഗവതസപ്താഹങ്ങള്‍ വര്‍ദ്ധിക്കുന്നത് കണക്കാക്കണം.
4. ശ്രീകൃഷ്ണജയന്തിക്കെതിരെ കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം.
5. രാമായണമാസ പ്രഭാഷണ പരിപാടികള്‍ ഒഴിവാക്കണം.
6. ആത്മീയപ്രഭാഷണ പരിപാടികള്‍ നടത്തരുത്.
7. നാലമ്പല യാത്ര നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തണം.
8. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മാതൃസമിതി രൂപീകരിക്കുന്നത് നല്ലതല്ല.
9. ദേവപ്രശ്‌നങ്ങള്‍ വയ്‌ക്കുന്നത് വര്‍ഗീയവത്കരണത്തിന്റെ ഭാഗമാണ്.
10. ഓണം, ഹൈന്ദവ ആഘോഷമല്ലെന്നു പ്രചരിപ്പിക്കണം; വാമനപൂജയല്ല, മാവേലിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കണം.
11. രാമായണ മാസാചരണം, ലക്ഷ്മീ പൂജ ഒക്കെ വര്‍ദ്ധിച്ചുവരുന്നു. ഇതൊന്നും ശരിയായ കാര്യമല്ല.
12. ക്ഷേത്രങ്ങളില്‍ മതനിരപേക്ഷ പ്രഭാഷണങ്ങളെ നടത്താവൂ.
13. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ക്ഷേത്ര കോമ്പൗണ്ടുകള്‍ അനുവദിക്കരുത്.
14. ക്ഷേത്രോത്സവങ്ങളില്‍ പുരോഗമനപരമായ കലാപരിപാടികളേ നടത്താവൂ.
അവലംബം: ദേശാഭിമാനി ദിനപത്രം, 2018 ജൂണ്‍ 29 വെള്ളി, പുറം 6.
ഈ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടി, ദേവസ്വങ്ങള്‍ ഭരിക്കുന്നത് സംരക്ഷിക്കാനോ നശിപ്പിക്കാനോ? ബുദ്ധി കെട്ടുപോകാത്തവര്‍ ആലോചിക്കുക. പുരോഗമനപരം എന്ന് അവര്‍ പറയുന്ന കാര്യങ്ങളുടെ രണ്ട് ഉദാഹരണങ്ങള്‍ പറയാം. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ കമ്യൂണിസ്റ്റുകളായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ധാരാളമാണ്. അതുകൊണ്ട് അവര്‍ ഒരു തവണ നവാഗതരെ സ്വാഗതം ചെയ്യാന്‍ നഗ്‌നയായ സരസ്വതി ദേവിയുടെ വലിയ ചിത്രം തയ്യാറാക്കി കോളജ് കവാടത്തില്‍ സ്ഥാപിച്ചു. മറ്റൊന്ന്, ശബരിമലയെ അപമാനിക്കാന്‍ ആര്‍ത്തവ സമരം നടത്തിയത്. (ആര്‍ത്തവ രക്തം ഒഴുകിക്കൂടി അയ്യപ്പനായി മാറുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചു. അതാണ് പുരോഗമനം)
ഹിന്ദുവിനെതിരെ തിരിയുന്ന കപട മതേതര വാദികള്‍
ഈശ്വര വിശ്വാസം പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം; അതും ഹിന്ദുക്കളായ പാര്‍ട്ടി പ്രവര്‍ത്തകര്‍. മറ്റു മതങ്ങള്‍ക്കു ബാധകമല്ല. അത് ഉറപ്പിച്ചു പറയാനായിരുന്നു പാലക്കാട് പ്ലീനത്തില്‍ നിശ്ചയിച്ചിരുന്നത്. അതിന്റെ ഭാഗമായി പു
തിയ വീടുകളില്‍ ഗണപതി ഹോമം പോലെയുള്ള ചടങ്ങുകള്‍ നടത്തരുതെന്നു പ്രഖ്യാപിച്ചു. എന്നാല്‍ വെഞ്ചരിപ്പ്, കുര്‍ബാന, നിസ്‌കാരം, റംസാന്‍ നൊയമ്പ് തുടങ്ങിയവ നടത്തുന്നതിന് പാര്‍ട്ടി അനുവദിച്ചു. അതിന്റെ ഭാഗമായി പാര്‍ട്ടിയുടെ മഞ്ചേരി സമ്മേളനത്തില്‍ പ്രത്യേക നിസ്‌ക്കാരപ്പന്തല്‍ തന്നെ മുസ്ലീങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി. ഹിന്ദു സഖാക്കള്‍ മാത്രമേ മതാചാരങ്ങളും ചടങ്ങുകളും ഉപേക്ഷിക്കേണ്ടതുള്ളൂ.
ദൈവനാമം പോലും പാടില്ലെന്നാണ് പാര്‍ട്ടി തീരുമാനം. അത്തരക്കാര്‍ ക്ഷേത്രഭരണം നടത്തിയാല്‍ അതു നന്നാക്കാനോ നശിപ്പിക്കാനോ? ബുദ്ധിയുള്ളവര്‍ ചിന്തിക്കുക! 2006 ല്‍ രണ്ട് കമ്യൂണിസ്റ്റ് എംഎല്‍എമാര്‍ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തു. ഐഷാ പോ
റ്റിയും എം.എം. മോനായിയും. അത് പാര്‍ട്ടിയെ അപമാനിക്കലായിരുന്നു എന്ന് പിണറായി വിജയന്‍ പ്രസ്താവിച്ചു. (മാതൃഭൂമി ദിനപത്രം, 2006 ഡിസംബര്‍ 30, ശനി) ദൈവനാമം ഉച്ചരിക്കാന്‍ പോലും പാടില്ലെന്നു പറയുന്നവര്‍ ദേവസ്വം ഭരണം നടത്തുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും? പാര്‍ട്ടിയുടെ പിന്നില്‍ അണിനിരക്കുന്ന ഹിന്ദു നാമധാരികള്‍ക്കു പാര്‍ട്ടിയുടെ ലക്ഷ്യം മനസ്സിലാകുന്നുണ്ടോ?
മതേതര വാദികള്‍ എന്തിനാണ് മതസ്ഥാപനം ഭരിക്കുന്നത്? ഇനി സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നാണെങ്കില്‍ പള്ളികളും മസ്ജിദുകളും എന്തുകൊണ്ടു ഭരിക്കുന്നില്ല? ഉത്തരം കിട്ടണം. ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ സുപ്രീം കോടതിയുടെ വിധി വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഹ്ലാദം പ്രകടിപ്പിച്ചു. കോണ്‍ഗ്രസുകാര്‍ എന്തിനാണ് ഹിന്ദുക്കളെ ഇങ്ങനെ അപഹസിക്കുന്നത്? ക്ഷേത്രങ്ങളെ രാഷ്‌ട്രീയവത്കരിച്ചത് കോണ്‍ഗ്രസാണ്. 1949 ല്‍ ആണ് ആദ്യമായി ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ചത്. മന്നത്തു പത്മനാഭനും ആര്‍.ശങ്കറും രാജപ്രതിനിധിയായി സി. നാരായണപിള്ളയും. കേരള നവോത്ഥാന മൂല്യങ്ങളെ മുഴുവന്‍ ആവിഷ്‌കരിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
1. തല്‍പ്പരരായ എല്ലാ ഹിന്ദുക്കളെയും വേദം പഠിപ്പിക്കുക. 2. തിരുവനന്തപുരത്തും തിരുവല്ലയിലും വേദപാഠശാല. 3. എല്ലാ ക്ഷേത്രങ്ങളിലും മത പാഠശാലകള്‍. 4. മതപാഠശാലാ അദ്ധ്യാപകര്‍ക്ക് പരിശീലനവും മേല്‍നോട്ട കമ്മിറ്റിയും. 5. അദ്ധ്യാപക പരിശീലനത്തിന് ആചാര്യന്മാരെ നിയമിക്കല്‍. 6. ഉത്സവങ്ങളോടനുബന്ധിച്ച് ക്ഷേത്ര കലകളെയും കലാകാരന്മാരെയും പ്രോത്സാഹിക്കുക. 7. താല്‍പ്പര്യമുള്ള എല്ലാവരെയും പൂജയും തന്ത്രവും പഠിപ്പിക്കുക; അതിനുള്ള പരിശീലനത്തിന് വേദിക് കോളേജ്.. 8. ഹിന്ദുമത ഗ്രന്ഥശാലകളും അവയോടു ബന്ധപ്പെടുത്തി പുരാണ കഥാ പ്രവചനങ്ങളും പ്രഭാഷണങ്ങളും. 9. ഇതിനൊക്കെ മേല്‍നോട്ടം വഹിക്കാന്‍ ഒരു സാംസ്‌കാരിക കമ്മിറ്റി.. 10. ഹൈന്ദവ സംഘടനകള്‍ക്ക് ഗ്രാന്റ് മുതലായവ…
(ആര്‍.ശങ്കറിന്റെ ജീവചരിത്രം, എം.കെ.കുമാരന്‍ )
നവോത്ഥാന മൂല്യങ്ങളുടെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയ്‌ക്കും പുതിയ കാലത്തിലേക്കുള്ള പ്രയാണം എന്ന നിലയ്‌ക്കും മന്നവും ശങ്കറും വളരെ വേഗം ദേവസ്വം ബോര്‍ഡിനെ മാദ്ധ്യമമാക്കി മുന്നേറി. ഇങ്ങനെ പോയാല്‍, ജാതി സ്പര്‍ദ്ധയും ഉച്ചനീചത്വവും ഇല്ലാതായാല്‍ തങ്ങളുടെ അധികാര താല്പര്യങ്ങള്‍ക്ക് അപകടമാണെന്നു മനസ്സിലാക്കിയ കോണ്‍ഗ്രസ് പല നുണകളും പറഞ്ഞ് ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു. തുടര്‍ന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്തി. കോണ്‍ഗ്രസുകാര്‍ സി.ഒ.മാധവന്‍ എന്നയാളെയും മന്നവും ശങ്കറും ചേര്‍ന്ന് ബി.പരമു എന്നയാളെയും മത്സരിപ്പിച്ചു. മന്നം – ശങ്കര്‍ പ്രതിനിധി ജയിച്ചു. അസഹിഷ്ണുത വര്‍ദ്ധിച്ച കോണ്‍ഗ്രസുകാര്‍ അധികാരം കൈമാറാന്‍ തയ്യാറായില്ല. പുതിയ ഭരണഘടനയുടെ പേരുപറഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1950 ജൂണ്‍ 15ന് നിയമസഭയിലെ ക്രൈസ്തവ അംഗങ്ങളെക്കൊണ്ടുകൂടി വോട്ടു ചെയ്യിച്ച് കോണ്‍ഗ്രസുകാര്‍ ദേവസ്വം ബോര്‍ഡിനെ വഞ്ചനയുടെ അടയാളമാക്കി അധ:പതിപ്പിച്ച ഖാദിക്കുള്ളില്‍ ഒളിപ്പിച്ചു. ഇന്നോളം ഈ വൃത്തികെട്ട തട്ടിപ്പിന്റെ പിടിയിലാണ് ദേവസ്വം ബോര്‍ഡ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒന്നുപോലെ ദേവസ്വം ബോര്‍ഡില്‍ നിന്ന് കക്കുകയും കൈയ്യിട്ടുവാരുകയും ചെയ്യുന്നു.
മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതസ്ഥാപനം നടത്തുന്നത് മര്യാദകേടാണ്.
ഇനി മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളോടും ഒന്നുപോലെ വേണ്ടെ പെരുമാറാന്‍? മസ്ജിദും പള്ളിയുംകൂടി മതേതര സര്‍ക്കാര്‍ ഭരിക്കട്ടെ. ക്ഷേത്രാരാധനയും മതവും തന്നെ തെറ്റെന്നു പഠിപ്പിക്കുന്നവര്‍, ക്ഷേത്രം വിശുദ്ധിയോടെ പരിപാലിക്കുമെന്നു വിശ്വസിക്കുന്നവര്‍ മണ്ടന്മാരാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തു കണ്ട് മഞ്ഞളിച്ചു പോയ കമ്യൂണിസ്റ്റുകളുടെ ആര്‍ത്തിയായിരുന്നു ഇതുവരെ നാം കണ്ടത്. ഗുരുവായൂരില്‍ നിന്ന് കോടികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചതി ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങി. പുരോഗമനത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ ഹിന്ദു സമൂഹത്തിലെ പുത്തന്‍ തലമുറകളെ അഹൈന്ദവീകരിക്കുന്നു. ക്രമേണ അരാജകവാദത്തിലേക്കു തള്ളിയിടുന്നു. അഹൈന്ദവീകരികപ്പെട്ടവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അരാജകവാദികളായവരെ തീവ്രവാദികളും പങ്കിട്ടെടുക്കുന്നു. കമ്യൂണിസ്റ്റുകളുടെ ഈ ചതിയും കോണ്‍ഗ്രസിന്റെ ഈ തട്ടിപ്പും എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഈ കോടതി വിധി കാട്ടിത്തരുന്നത്. കപട മതേതരത്വം എന്നാലെന്തെന്ന് കൂടുതല്‍ തെളിച്ചത്തോടെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റി. ഗുരുവായൂരും ശബരിമലയും ശ്രീപത്മനാഭനും കേരളത്തിലെ മതേതര ഹിന്ദുക്കള്‍ക്കുള്ള ചൂണ്ടുപലകയാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: