കണ്ണൂര്‍: തദ്ദേശസ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 21 നകം സജ്ജീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോര്‍പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിലും 50 വീതം പേരെയും ചികിത്സിക്കാന്‍ പര്യാപ്തമായ രീതിയിലാണ് സെന്ററുകള്‍ ക്രമീകരിക്കേണ്ടത്.
പ്രദേശത്തെ പിഎച്ച്‌സി, സിഎച്ച്‌സികള്‍ക്ക് സമീപത്തായിരിക്കണം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കേണ്ടത്. ആശുപത്രികള്‍, പരിശീലന കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മത സമുദായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. തദ്ദേശ സ്ഥാപനത്തിനായിരിക്കും സെന്റര്‍ നടത്തിപ്പ് ചുമതല. പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുക. തദ്ദേശ സ്ഥാപനം തീരുമാനിക്കുന്ന നോഡല്‍ ഓഫീസറുടെ സേവനവും ഇവിടെ ലഭ്യമാവും. പഞ്ചായത്തുകള്‍ക്ക് അമ്പതിനായിരം, നഗരസഭകള്‍ക്ക് ഒരു ലക്ഷം, കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ആദ്യഗഡു ഫണ്ട് അനുവദിച്ചു.
ഇരിട്ടി നഗരസഭയിലും മേഖലയിലെ പഞ്ചായത്തുകളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുറക്കാനുള്ള ശ്രമം ആരംഭിച്ചു. ചുരുങ്ങിയത് 100 കിടക്കകളോട് കൂടിയ സെന്ററുകള്‍ തുറക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇരിട്ടി താലൂക്കിന് കീഴില്‍ ഇരിട്ടി, മട്ടന്നൂര്‍ നഗര സഭകളിലും മേഖലയിലെ 11 പഞ്ചായത്തുകളിലുമാണ് സെന്ററിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങിയത്. നഗരസഭകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും പഞ്ചായത്തുകളില്‍ 100 പേര്‍ക്കുള്ള സൗകര്യങ്ങളുമാണ് ഒരുക്കേണ്ടത്. നഗരസഭകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സൗകര്യങ്ങളുണ്ടാക്കുന്നത് പ്രയാസമായതിനാല്‍ മൂന്ന് നാല് വാര്‍ഡുകള്‍ക്കായി വലിയ രീതിയില്‍ സൗകര്യം ഒരുക്കാനാണ് ആലോചിക്കുന്നത്.
ഇരിട്ടി നഗരസഭയില്‍ ഇത്തരത്തിലുള്ള പത്തോളം കേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതായി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അറിയിച്ചു. ഇരിട്ടി ഹയര്‍സെക്കണ്ടി സ്‌കൂളിലാണ് ആദ്യമായി ഈ സൗകര്യം എര്‍പ്പെടുത്തുക. ഇരിട്ടി എംജി കോളേജ്, ചവശ്ശേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഉളിയില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പായം പഞ്ചായത്തില്‍ കല്ലുമുട്ടിയിലെ സിഎംഐ സ്‌കൂളിലുമാണ് സെന്ററുകള്‍ ഒരുക്കുക. കെട്ടിടങ്ങളില്‍ പരിശോധന നടത്തിയതായും ആവശ്യമായ ഘട്ടങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ വരുമെന്നും തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: