ന്യൂദല്‍ഹി: ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ഭൂമി കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലേയിലെ നിയന്ത്രണരേഖയില്‍ സൈനികരുമായി സംസാരിക്കുകയായിരുന്നു അദേഹം. ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയൊരു ദുര്‍ബല രാജ്യമല്ലെന്നും നമ്മുടെ ഭൂമിയുടെ ഓരോ ഇഞ്ചും സംരക്ഷിക്കാന്‍ നമ്മള് നിശ്ചയിട്ടുണ്ടെന്നും കിഴക്കന്‍ ലഡാക്കിലെ സൈനിക ബേസില്‍ അദ്ദേഹം പറഞ്ഞു. സൈനികരുടെ ധീരതയും ബലിയും പാഴായിപ്പോകില്ലെന്ന് മന്ത്രി ഉറപ്പ് നല്കി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ ബിപിന്‍ റാവത്തും സൈനിക തലവന്‍ ജനറല്‍ എംഎം നരവനെയും പ്രതിരോധ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിലുള്ള നാലാമത് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്നാഥ് സിങ് പ്രദേശത്ത് എത്തിയിരിക്കുന്നത്.
ലഡാക്കിലെത്തിയ രാജ്നാഥ് സിങ് ലേയിലെ സൈനിക ക്യാമ്പിലെത്തി സൈനികരും കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. പാരാഡ്രോപ്പിങ് സൈനിക അഭ്യാസവും വിലയിരുത്തി. ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സൈനികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ന് ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കേന്ദ്രമന്ത്രി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും.
ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ കഴിഞ്ഞ മൂന്നിനായിരുന്നു നേരത്തേ രാജ്നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. പിന്നീട് അത് റദ്ദാക്കുകയും അന്നേ ദിവസം പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തിച്ചേരുകയുമായിരുന്നു. അതേസമയം അതിര്‍ത്തിയില്‍ നിന്നുള്ള സേന പിന്മാറ്റത്തില് നടപടി തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: