കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു വിവാദത്തില്‍ കുരുങ്ങിയ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്റെ ഉയര്‍ച്ചയും വളര്‍ച്ചയും അതിവേഗം. ചുരുങ്ങിയ സമയം കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോല്‍ സ്ഥാനത്തെത്തിയ അരുണ്‍ ഈ ഓഫീസിലെ എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് .
ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ വലംകൈയായിരുന്നു.. മറ്റു പല ‘ഇടപാടു’കളില്‍ വ്യാപൃതനായിരുന്ന ശിവശങ്കറിന്റെ ഐടി ഇടപാടുകളുടെ രഹസ്യസൂക്ഷിപ്പുകാരന്‍. ക്രമേണ ‘മുഖ്യമന്ത്രിയുടെ ആളായി’ വളര്‍ന്നു. അരുണിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സെലിബ്രിറ്റികളുമായും വന്‍ ബിസിനസ് പ്രമുഖരുമായുള്ള സമ്പര്‍ക്കവും മുതലാക്കുകയായിരുന്നു ശിവശങ്കര്‍. അരുണ്‍ തിരിച്ചും. ശിവശങ്കര്‍ ഉള്‍പ്പെട്ട പന്ത്രണ്ടംഗക്കൂട്ടത്തില് അരുണ്‍ പ്രധാനിയാണ്.
എരുമേലിക്കടുത്തുള്ള ഗ്രാമത്തില്‍നിന്ന് കൊച്ചിയിലെത്തി. സിപിഎമ്മിന്റെ ജില്ലാതല നേതാവായിരിക്കെ, കെ.ആര്. ഗൗരിയെ പുറത്താക്കിയപ്പോള്‍ പാര്‍ട്ടി വിട്ട് ജെഎസ്എസ്സില്‍ പോയ അച്ഛന്റെ പാതയില്‍ രാഷ്ട്രീയത്തിലേക്ക് പോയില്ല. ചില ബിസിനസ് പ്രമുഖരുടെ സഹായത്തോടെ എഫ്ഡബ്ല്യുഡി എന്ന മാസിക തുടങ്ങി. ഫാഷന്‍, ലൈഫ് സ്റ്റൈല്‍, വെഡിങ്, എന്റര്‍ടൈന്‍മെന്റ് തുടങ്ങി വിവിധ മേഖലയില്‍ പ്രസദ്ധീകരണങ്ങള്‍ തുടങ്ങി,ഇവന്റ് മാനേജ്മെന്റിലേക്കും കടന്നു. മാസികയുടെ ചീഫ് മെന്ററായി ഒരു സൂപ്പര്‍സ്റ്റാറിനെ ലഭിച്ചതോടെ അരുണിന്റെ ബന്ധങ്ങള്‍ ഉന്നതങ്ങളിലേക്ക് എത്തി. സെലിബ്രിറ്റികള്‍ അരുണിന്റെ മാസികയുടെ കവര്‍ ചിത്രത്തില്‍ കയറാന്‍ ക്യൂനിന്നു.
പവര്‍ ഡിന്നര്‍, കവര്‍ പാര്‍ട്ടി, ലൈഫ്സ്റ്റൈല്‍ അവാര്‍ഡ്, ഫാഷന്‍ വീക്കെന്‍ഡ് തുടങ്ങിയവയിലൂടെ അരുണിന്റെയും സ്ഥാപനത്തിന്റെയും ബന്ധങ്ങള്‍ നാഷണല്‍, ഇന്റര്‍നാഷണല്‍ തലത്തിലെത്തി. വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇടപാടുകാര്‍ ഡിന്നറുകളില്‍’ പങ്കെടുത്തു. ഈ വിവരങ്ങളെല്ലാം, അരുണ്‍ ബാലചന്ദ്രന് ഫൗണ്ടര്‍ ഡയറക്ടറും വൈസ് ചെയര്‍മാനുമായ എഫ്ഡബ്ല്യുഡിയുടെ വെബ്സൈറ്റില്‍ ഇപ്പോഴുമുണ്ട്. കൊച്ചിയിലെ ഫാഷന്‍ഷോകള്‍ ഉള്‍പ്പെടെയുള്ള ആഡംബര പരിപാടികള്‍ സംഘാടകനായോ മുഖ്യ ക്ഷണിതാവായോ അരുണ്‍ ഉണ്ടായിരുന്നു. ഒരു പ്രമുഖ മാളില്‍ നടന്ന ഫാഷന്‍ ഷോകളില്‍ അരുണിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ‘ഐടി ഫെല്ലോ’ ആയി ശിവശങ്കര്‍ വഴി എത്താന്‍ അരുണിനെ സഹായിച്ചത് അയാളുടെ ഹൈപ്രൊഫൈലാണ്.
ഐടി ഫെലോയായി മാറിയ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചു. കൊച്ചി ബോള്‍ഗാട്ടിയില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്ക് അരുണിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സ്വാധീനവും സമ്പര്‍ക്കവും വിളിച്ചു പറയുന്നതായിരുന്നു. ഇപ്പോള്‍ അരുണിനെ പുറത്താക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഐടി രഹസ്യങ്ങള്‍ അരുണിന്റെ പക്കലാണ്. ഐടി സെക്രട്ടറി ശിവശങ്കറിനു പോലും അറിയാത്ത ഐടി സൂത്രങ്ങളും അരുണിനറിയാം, അതാണ് മുഖ്യന് ഭീഷണിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: