മാങ്കുളം(ഇടുക്കി): മാങ്കുളത്ത് ഡിവിഷണല്‍ സര്‍വ്വേക്കെത്തിയ വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ സിപിഐ നേതാവിന്റെ കൊലവിളി, സംഭവത്തിന്റെ വീഡിയോ പുറത്ത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്നാര്‍ പോലീസ് കേസെടുത്തു.
സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ആണ് സ്ഥലത്തെത്തിയ മാങ്കുളം ഡിഎഫ്ഒ അടക്കമുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മാങ്കുളം വനം വകുപ്പിന്റെ ക്യാമ്പ് ഹൗസിനോട് അനുബന്ധിച്ച് ട്രഞ്ച് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും വനം വകുപ്പും തമ്മില്‍ നിരന്തരം തര്‍ക്കം നടക്കുന്ന സ്ഥലമാണിത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലത്തെ സംഭവവും അരങ്ങേറിയത്. സ്ഥലത്തെത്തിയ ഡിഎഫ്ഒ സുഹൈബ് പി.ജെ, റേഞ്ച് ഓഫീസര്‍ ഉദയ സൂര്യന് എന്നിവര്‍ക്കെതിരയാണ് ഭീഷണി മുഴക്കിയത്.
നേതാവ് പറയുന്നതിങ്ങനെ: ഈ പ്രശ്നം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തീര്‍ന്നില്ലെങ്കില്‍, ഞങ്ങള്‍ ഞങ്ങളുടെ അവസാനത്തെ പണി ചെയ്യും. നിങ്ങളെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് വീഡിയോ എടുത്ത് ഫേസ്ബുക്കിലിടുമെന്നാണ ഡിഎഫ്ഒയെ വെല്ലുവിളിക്കുന്നത്. സമീപത്ത് നിന്നിരുന്ന റേഞ്ച് ഓഫീസറെ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലുമെന്നും പറയുന്നുണ്ട്. നിങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ എനിക്ക് 24 മണിക്കൂര്‍ പോലും വേണ്ട, റേഞ്ച് ഓഫീസറെ മുമ്പ് തെറി വിളിച്ചതിന് കേസെടുത്തു. ഇനി തല്ലു തന്നിട്ട് കേസെടുക്കാം. ഇവിടെ നിന്ന് നിങ്ങളെ മാറ്റാത്തതിന് കാരണം തന്നെ രണ്ടെണ്ണം തന്നിട്ട് വിടണമെന്നുള്ളത് കൊണ്ടാണെന്നും നേതാവ് ആക്രോഷിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെയെന്നും സംഭാഷണത്തിലുണ്ട്. പ്രവീണ്‍ ജോസഫിനെ സമാന സംഭവത്തില്‍ അഞ്ച് കേസുണ്ടെന്ന് ഇയാള്‍ തന്നെ ദൃശ്യത്തില്‍ പറയുന്നു.
റേഞ്ച് ഓഫീസറുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വധഭീഷണി മുഴക്കിയതിനും പ്രവീണ്‍ ജോസിനെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. എന്നാല്‍ വനംവകുപ്പ് ട്രഞ്ച് നിര്‍മ്മിച്ചിരിക്കുന്നത് റവന്യൂ ഭൂമിയിലാണെന്ന് ദേവികുളം തഹസില്‍ദാരും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: