കൊല്ലം: കിലെയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പിന്തുണയോടെ നടന്ന നിയമനം രണ്ടെണ്ണമാണെന്ന് വിവരാവകാശരേഖ. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കിലെയില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ സ്ഥിരപ്പെടുത്തിയ വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പത്തുവര്‍ഷമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണിവര്. തൊഴില്‍വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ).
ഇവരെ കൂടാതെ സ്റ്റെനോ ടൈപ്പിസ്റ്റായി കടുത്ത ഇടതുപക്ഷക്കാരിയെയും നിയമിച്ചു. ക്രമവിരുദ്ധമായി നടത്തിയിരിക്കുന്ന ഈ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ഹൈക്കോടതിവിധി വന്നെങ്കിലും ആശ്രിത നിയമനത്തിന് അര്‍ഹയായ തിരുവനന്തപുരം സ്വദേശിനിയെ അവഗണിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ജീവനക്കാരനായ ഭര്‍ത്താവ് മരണപ്പെട്ടതോടെ കിലെയില്‍ ആശ്രിതനിയമനത്തിനായി ഈ യുവതി നിയമപോരാട്ടം നടത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ഇതനുസരിച്ച് രണ്ടുമാസത്തിനുള്ളില്‍ ഇവര്‍ക്ക് നിയമനം നല്‍കേണ്ടതായിരുന്നു. എന്നാല്‍ തത്പരകക്ഷികളെ മാത്രം നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇവരെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നാണ് തെളിയുന്നത്.
താത്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് 2016ല്‍ ധനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ ലംഘനം കൂടിയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ധനവകുപ്പ് നടപടി.
നിയമനം നല്കിയ രണ്ടുപേരെയും 2011ല്‍ തൊഴില്‍ വകുപ്പിന്റെ മറ്റൊരു ഉത്തരവ് പ്രകാരം തികച്ചും വ്യത്യസ്തമായ തസ്തികയില്‍ സ്ഥിരപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ ഇരുവരെയും പുറത്താക്കിയതാണ്. എന്നാല്‍ ഇവരെ വീണ്ടും ഫിഷറീസ് മന്ത്രിയുടെ ഓഫീസ് ഇടപെടലിലൂടെ മറ്റൊരു തസ്തികയില്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം 2006ന് മുമ്പ് പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ മാത്രമേ സ്ഥിരപ്പെടുത്താന്‍ പാടുള്ളൂ. അതും ഇവിടെ ലംഘിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: