കുമ്പള: കാറില്‍ കടത്തുന്നതിനിടെ എക്സൈസ് പിടികൂടിയ 2,00,87,300 കോടി രൂപയും 20 പവന് സ്വര്‍ണാഭരണങ്ങളും പിടികൂടിയ സംഭവത്തില്‍ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജ്ജിതമാക്കി. മഞ്ചേശ്വരം ഉദ്യാവര്‍ ഇര്‍ഷാദ് റോഡിലെ ഷംസുദ്ദീന് (28)നെയാണ് കൂഴല്‍പ്പണം കടത്തുമ്പോള്‍ എക്സൈസ് സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷംസുദ്ദീന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉദ്യാവാര്‍ ദേശീയ പാതയില്‍ കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണവും സ്വര്‍ണവും പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും സ്വിഫ്റ്റ് കാറില്‍ വന്‍തോതില്‍ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. ഇതിനിടയിലാണ് പണവും സ്വര്‍ണവുമായി കാറിലെത്തിയ ഷംസുദ്ദീന് കുടുങ്ങിയത്.
കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്ന്ന് വാഹനം കുറുകെയിട്ടാണ് എക്സൈസ് കുഴല്‍പണം പിടികൂടിയത്. മംഗളൂരുവില്‍ നിന്നും ഒരാള്‍ പണം ഏല്പിച്ചതായും മഞ്ചേശ്വരത്ത് കൈമാറേണ്ട രണ്ട് പേരുടെ നമ്പര്‍ നല്‍കിയതായുമാണ് ഷംസുദ്ദീന് എക്സൈസിനും തുടര്‍ന്ന് കേസ് ഏറ്റെടുത്ത പോലീസിനും മൊഴി നല്‍കിയത്. ഇവര്‍ ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പണത്തോടൊപ്പം ഉണ്ടായിരുന്ന 20 പവന് വീട്ടിലെ സ്വര്‍ണം ആയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഷംസുദ്ദീന് വെളിപ്പെടുത്തിയിരുന്നു.
രേഖകളില്ലാതെ പണം കടത്തിയത് സംബന്ധിച്ച് എന്‍ഫോഴ്മെന്റിനു വിവരം കൈമാറിയിട്ടുണ്ട്. 2,000,500 രൂപയുടെ നോട്ടുകള്‍ അടങ്ങിയ ബിഗ്ഗ് ഷോപ്പര്‍ ബാഗിലാക്കി കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അരപ്പട്ട, കമ്മല്‍, വള തുടങ്ങിയ ആഭരണങ്ങളാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത്. കുഴല്‍പ്പണം വിതരണം ചെയ്യുന്ന വന്‍ റാക്കറ്റ് മംഗ്ളുരു, മഞ്ചേശ്വരം, ഉപ്പള, കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണകടത്ത് വഴിയും ഹവാല ഇടപാട് വഴിയും മറ്റും ലഭിക്കുന്ന പണമാണ് പിടിച്ചെടുത്തതെന്നും ഷംസുദ്ദീന് പല തവണ അരകോടി രൂപ വരെ മംഗ്ളുരുവില്‍ നിന്നും മഞ്ചേശ്വരം ഉപ്പള എന്നിവിടങ്ങളിലേക്കെത്തിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.
ജ്വല്ലറി ഉടമകളായ ചിലര്‍ക്കും റാക്കറ്റുമായി ബന്ധമുണ്ടെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഉദ്യാവര്‍ ബീച്ച് റോഡ് സ്വദേശിയായ ഷംസുദ്ദീന് വര്‍ഷങ്ങളായി മംഗ്ളുരുവിലാണ് താമസം. ഇയാള്‍ അവിടെ ഒരു ട്രാവല്‍ ഏജന്‍സി നടത്തുകയാണെന്നും പോലീസ് സൂചിപ്പിച്ചു. പിടികൂടിയ കുഴല്‍പ്പണം കോടതിയില്‍ ഹാജരാക്കി. അതേ സമയം പണം വിട്ടുകിട്ടാന്‍ കുഴല്‍പ്പണ സംഘം ചില സാമ്പത്തിക ഇടപാട് രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
തിരുവനന്തപുരത്ത് ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിവാദം ചൂട് പിടിക്കുന്നതിനിടയിലാണ് വടക്കേ അറ്റത്തുള്ള കാസര്‍കോട്ട് സ്വര്‍ണ കടത്ത് ഹവാല റാക്കറ്റിന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപയും 20 പവന് സ്വര്‍ണവും പിടികൂടിയത്. അതു കൊണ്ടു തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഗൗരവത്തോടെയാണ് കുഴല്‍പ്പണ കടത്തിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: