നെടുങ്കണ്ടം: ശാന്തന്‍പാറ പേത്തൊട്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന വയോധികന്‍ മരിച്ചു. പേത്തൊട്ടി പാറ ഭാഗത്ത് താമസിക്കുന്ന പാണ്ഡ്യന്‍(74) ആണ് ബുധനാഴ്ച രാത്രി മരിച്ചത്. ഇയാളുടെ പോസീറ്റീവ് ഫലം ഇന്നലെ വന്നെങ്കിലും കൂടുതല്‍ വ്യക്തക്ക് വേണ്ടി സ്രവ സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന് ശേഷമാകും മരണം കൊറോണമൂലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക.
അതേ സമയം ഇടുക്കിയില്‍ നാല് ദിവസത്തിനിടെ രണ്ടാമത്തെ കൊറോണ മരണമാണിത്. പാണ്ഡ്യന് പേത്തൊട്ടിയില്‍ ഏലം കൃഷിയുണ്ട്. ഭാര്യ ലീലാവതിയുടെ മരണത്തെ തുടര്‍ന്ന് തനിച്ചായിരുന്നു താമസം. ലോക്ക് ഡൗണിന് മുന്‍പ് ഏകമകനായ മുരുകേശന്‍ താമസിക്കുന്ന തമിഴ്‌നാട്ടിലെ വീട്ടിലേയ്‌ക്ക് പോയി. മടങ്ങി വരാനുള്ള പാസ് ലഭിക്കാത്തതിനാല്‍ അവിടെ കുടുങ്ങി.
18 ദിവസം മുന്‍പ് അധികൃതരുടെ കണ്ണുവെട്ടിച്ച് പച്ചക്കറി വണ്ടിയിലും ഓട്ടോറിക്ഷയിലുമായി വീട്ടിലെത്തിയെങ്കിലും അധികൃതര്‍ കണ്ടെത്തി ഇവിടെ തന്നെ നിരീക്ഷണത്തിലാക്കി. 14 ദിവസം പൂര്‍ത്തിയാക്കിയെങ്കിലും പിറ്റേന്ന് കടുത്ത ജലദോഷവും പനിയും ഉണ്ടായി. തുടര്‍ന്ന് ശാന്തന്‍പാറയിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്നിനെത്തി. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചു. 13ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിശോധനയ്‌ക്ക് വിധേയനാക്കി. പിന്നാലെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: