ഇടുക്കി: സംസ്ഥാനത്ത് ഈ വര്‍ഷം അതിമഴയാണെന്ന് പ്രവചനം നിലനില്‍ക്കുമ്പോഴും മഴയില്‍ ഗണ്യമായ കുറവ്. ജൂണ്‍ ഒന്നിനെത്തിയ കാലവര്‍ഷം 46 ദിവസം പിന്നിടുമ്പോള്‍ മഴയില്‍ 25% കുറവാണുള്ളത്. പ്രതീക്ഷിച്ചിരുന്ന വെള്ളത്തിന്റെ പാതിയില്‍ താഴെ മാത്രമാണ് സംഭരണികളിലേക്ക് ഇതുവരെ ഒഴുകിയെത്തിയത്.
വടക്കന്‍ കേരളത്തില്‍ മഴ സാമാന്യം ലഭിച്ചപ്പോള്‍ ജലസംഭരണികള്‍ ഏറെയുള്ള മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. സീസണില്‍ ഇതുവരെ ആകെ സംഭരണികളിലേക്ക് ഒഴുകിയെത്തേണ്ടത് 1524.29 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. എന്നാല്‍ ഒഴുകിയെത്തിയതാകട്ടെ 626.079 മില്യണുള്ളതും. ഇതില്‍ പാതിയും ഈ മാസമാണ്.
ജൂണ്‍ 1ന് 26% ആയിരുന്നു മൊത്തം ജലശേഖരമെങ്കില് ഇന്നലെ അത് 25% ആണ്. ഇടുക്കി- 31(29), പമ്പ, കക്കി-19(15), ഷോളയാര്‍-18(13), ഇടമലയാര്‍-19(13), കുണ്ടള-13(13), മാട്ടുപ്പെട്ടി-8(17), കുറ്റ്യാടി-21(19), തരിയോട്-28(14), ആനയിറങ്കല്‍-8(6), പൊന്മുടി 25(15) എന്നിങ്ങനെയാണ് ജലശേഖരം(ബ്രായ്ക്കറ്റില്‍ ജൂണ്‍ ഒന്നിലേത്). 2018ല്‍ ഇതേ സമയം ഇടുക്കി സംഭരണിയില്‍ 60.15% വെള്ളമുണ്ടായിരുന്നു. 2019ല്‍ ഇത് 12 ശതമാനമായിരുന്നു.
സാധാരണയായി മണ്‍സൂണിന്റെ പാതിയിലാണ് ഇടുക്കിയില്‍ കൂടുതല്‍ മഴ കിട്ടുക. നിലവില്‍ 30% വെള്ളമുള്ളതിനാല്‍ ഇത് കുറഞ്ഞത് 75% വരെ എത്തുമെന്നാണ് കെഎസ്ഇബി കണക്ക് കൂട്ടുന്നത്. ആദ്യഘട്ടത്തില്‍ കുറഞ്ഞതിനാല്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: