ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നും രോഗത്തെ കൂസാതെ രണ്ട് വിദ്യാര്‍ഥികള്‍ കേരള എഞ്ചിനീയറിങ് – ഫാര്‍മസി പ്രവേശന പരീക്ഷ എഴുതി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തിയതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജയലക്ഷ്മിയും സൂപ്രണ്ട് ഡോ. ആര്‍.വി രാംലാലും പറഞ്ഞു. മറ്റു കുട്ടികള്‍ക്കുള്ള നിയമങ്ങളും നിബന്ധനകളും പാലിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ അബ്ദുള്‍ സലാം പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി. നഴ്സിങ് ഓഫീസര്‍ രേവമ്മ, സ്റ്റാഫ് നഴ്സ് അഖില്‍ എന്നിവര്‍ അനുബന്ധ സൗകര്യങ്ങളൊരുക്കി. അഖിലാണ് പിപിഇ കിറ്റ് ധരിച്ച് മുഴുവന്‍ സമയവും കുട്ടികള്‍ക്കൊപ്പം നിന്നത്. കുട്ടികള്‍ ആശങ്ക കൂടാതെ പരീക്ഷ എഴുതിയതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
എല്ലാ തലത്തിലും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയിരുന്നു. ഉത്തര കടലാസുകള്‍ സാനിറ്റൈസ് ചെയ്ത് നിര്‍ദേശിച്ച പ്രകാരം പാക്ക് ചെയ്തു നല്‍കി. അതേസമയം തന്നെ സമയവും, പരീക്ഷാ ചട്ടങ്ങളും കൃത്യമായി പാലിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇങ്ങനെ ഒരു പരീക്ഷ നടത്തുന്നത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: