കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ഡി വൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ആരോപണ വിധേയനായ തലശേരി ജോസ് ഗിരി ആശുപത്രിയിലെ ഡോക്ടർ വേണുഗോപാൽ 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം.കണ്ണൂർ മുഴിപ്പിലങ്ങാട് സ്വദേശിനി ഷഫ്നയും നവജാത ശിശുവുമാണ് മരിച്ചത്. ജൂലൈ 10 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 11ന് കുഞ്ഞിന് ജന്മം നൽകി. യുവതിക്ക് പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഡോക്ടർ വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതിയിൽ പറഞ്ഞു.
ആദ്യം കുഞ്ഞിനെയും തുടർന്ന് അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആമ്പുലൻസിൽ വച്ച് ഷഫ്ന മരിച്ചു. ആശുപത്രിയിൽ വച്ച് കുഞ്ഞും മരിച്ചു. പ്രസവമെടുത്ത ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുള്ള ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ഷഫ്‌നയുടെ അമ്മ ആയിഷ സമർപ്പിച്ച പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: