കൊച്ചി : മാതാവിന്റെ ചികിത്സയ്ക്കായി ആളുകള്‍ നല്കിയ ധനസഹായം ഉപയോഗിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുന്നതായി പരാതി. കൊച്ചിയില്‍ അമ്മയുടെ ചികിത്സയ്ക്കായി എത്തിയ കണ്ണൂര്‍ സ്വദേശിനി വര്‍ഷയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചികിത്സയ്ക്ക് പണമില്ലാതെ കോച്ചിയിലെത്തിയപ്പോള് സാജന് കേച്ചേരി എന്നയാള്‍ സഹായത്തിന് എത്തിയിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒരു കോടി 35 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തു. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ 30 ലക്ഷം രൂപ കഴിച്ചുള്ള ബാക്കി തുകയുടെ ഇടപാട് നടത്തുന്നതനിക്കും കൂടി അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് സാജന് വര്‍ഷയെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.
എറണാകുളം ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.എറണാകുളം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്റെ താത്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്ഐ ലിജോയും സംഘവുമാണ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്.
തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സാജനും ഇയാളുടെ സുഹൃത്തുക്കളും നിരന്തരം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ വര്‍ഷ സഹായിക്കുമെന്ന് പറഞ്ഞ് പലര്‍ക്കും മൊബൈല്‍ നമ്പര്‍ നല്കി വിൡപ്പിക്കുന്നതായും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ജനങ്ങളില്‍ നിന്ന് ലഭിച്ച സഹായം ഉപയോഗിച്ച് ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ സഹായിക്കുന്നുണ്ട്. അമ്മയുടെ ഓപ്പറേഷന് കഴിഞ്ഞെങ്കിലും ചികിത്സ ഇനിയും തുടരേണ്ടതുണ്ട്. അതിനുള്ള ചെലവുകളും എടുത്തശേഷം ബാക്കി പണം മുഴുവന്‍ സമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് മാസത്തെ സമയം തരണം അതിനുള്ളില്‍ അമ്മയുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ ആകുമെന്നും അതിനുശേഷം ബാക്കി പണം നല്‍കാമെന്ന് സാജനെ അറിയിച്ചെങ്കിലും ഇയാള്‍ തുടര്‍ന്നും ഭീഷണിപ്പെടുത്തിയെന്നും വര്‍ഷ പറഞ്ഞു. സമൂഹ്യ മാധ്യമങ്ങളിലൂടെയും പലരും തന്നെ ഇയാളുടെ പേരില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അസുഖത്താല്‍ തന്റെ അമ്മ മരിച്ചു പോയാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വലിയ വിഷമമാണ് ഇപ്പോള്‍ തനിക്ക് ഉണ്ടായിട്ടുള്ളത്. തന്റെ സഹോദരിയേയും ഫോണില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തുകയാണ്.
തന്നെ കാണാന്‍ വന്നപ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഇറക്കിവിട്ടതായും സാജന് ആരോപിച്ചിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ മാത്രമുള്ള വീടായതിനാല്‍ വീട്ടുടമസ്ഥനാണ് പോകാന്‍ ആവശ്യപ്പെട്ടത്. അമ്മയുടെ ചികിത്സ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാക്കി തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനമെന്നും വര്‍ഷ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: