തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ അടുത്തകാലത്ത് ഉയര്‍ന്നു വന്ന വിവാദങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎമ്മില്‍ പടയൊരുക്കം ശക്തം. ഇതുവരെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പിണറായിക്കെതിരേ വിമര്‍ശനം ഉന്നയിക്കാന്‍ മറ്റു നേതാക്കള്‍ മുതിര്‍ന്നിട്ടില്ല. എന്നാല്‍, നിലവിലെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ പ്രധാനി പിണറായി വിജയനാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ അതിശക്തമാണ്. ഇതുതന്നെ ആയുധമാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ പിണറായി വിരുദ്ധര്‍ ഒരുങ്ങുകയാണ്. പിണറായിക്കെതിരായ നീക്കത്തിനു ചുക്കാന്‍ പടിക്കുന്നത് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ്. കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായി വിജയനേക്കാള്‍ ശക്തനായി പി. ജയരാജന് മാറിയിരുന്നു. ഇതുതിരിച്ചറിഞ്ഞ പിണറായി തന്നെയാണ് കണ്ണൂര്‍ സെക്രട്ടറിയായി ജയരാജനെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്.
സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ പിണറായി ഉപയോഗിച്ച തന്ത്രമായിരുന്നു അതെന്ന ആരോപണം അന്നു ശക്തമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനോട് നല്ല ഭൂരിപക്ഷത്തില്‍ തോറ്റതോടെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കപ്പെട്ട പി. ജയരാജന് പാര്‍ട്ടിയില്‍ പ്രത്യേക പദവികള്‍ ഒന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന ജയരാജനെ പിണറായി വഴി പാര്‍ട്ടി നിര്‍ബന്ധിപ്പിച്ചാണ് മത്സരിച്ചത്. കണ്ണൂരില്‍ പി. ജയരാജന് പറഞ്ഞാല്‍ മാത്രം പാര്ട്ടിക്കാര് കേള്‍ക്കുന്ന അവസ്ഥയില്‍ പിണറായിയും ഇ.പി. ജയരാജനും അസ്വസ്ഥരായിരുന്നു. ഇതേത്തുടര്‍ന്നാണ് പി. ജയരാജനെ വെട്ടിനിരത്താന്‍ പിണറായി മുതിര്‍ന്നത്. ഇതില്‍ പി. ജയരാജന് അന്നു മുതല്‍ അമര്‍ഷം ശക്തമായിരുന്നു. എന്നാല്‍, പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തനായിരുന്ന പിണറായിക്കെതിരേ നീങ്ങാന്‍ പി. ജയരാജന് സാധിക്കുമായിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിയെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടിയിലെ അപ്രമാദിത്വം അവസാനിപ്പിക്കാനാണ് പിണറായി വിരുദ്ധരുടെ നീക്കം. പി. ജയരാജനെ കൂടാതെ തോമസ് ഐസക് ഉള്‍പ്പെടെ ചില മന്ത്രിമാരും പിണറായിയുടെ പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പ് ഉള്ളവരാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടുത്ത ദിവസങ്ങളില്‍ പിണറായിയുടെ ചില നടപടികളോടു പരോക്ഷമായി എതിര്‍പ്പു പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം. ശിവശങ്കറിനെ നീക്കിയതിനു പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം നടക്കുമെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഒരു അന്വേഷണം നടക്കില്ലെന്നു പിണറായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇതുസംബന്ധിച്ച ചോദ്യത്തിന് കോടിയേരി എന്താണ് ഉദ്ദേശിച്ചതെന്ന് കോടിയേരിയോട് പോയി ചോദിക്കണം എന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍, സര്‍ക്കാര്‍ തല അന്വേഷണം ഉണ്ടാകുമെന്ന നിലപാടില്‍ കോടിയേരി ഉറച്ചു നിന്നു. പിന്നീടാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയുടെ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഇപ്പോഴത്തെ കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ജയരാജന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് നന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹത്തെ മാറ്റിയതോടെ ഇടനിലക്കാരുടേയും അഴിമതിക്കാരുടേയും കേന്ദ്രമായി അതു മാറിയെന്നും പാര്‍ട്ടിയില്‍ ആക്ഷേപമുണ്ട്. ഇതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫില്‍ വന്‍ അഴിച്ചുപണി ആവശ്യമെന്നാണ് പാര്‍ട്ടി നേതൃത്വവും കരുതുന്നത്. നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായിക്കും അദ്ദേഹത്തിന്റെ ഓഫിസിനും നേരേ ചില നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എം.വി. ജയരാജന് തിരികെ പ്രൈവറ്റ് സെക്രട്ടറിയായി എത്താനുള്ള സാധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: