കാസര്‍കോട്: സംസ്ഥാന വ്യാപകമായി കോവിഡ് 19 ദ്രുതഗതിയില്‍ പടരുകയും മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ സമൂഹവ്യാപനം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
സമ്പര്‍ക്കത്തിലൂടെ രോഗം പടരുകയും ഉറവിടം കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടേണ്ടതാണ്. ഡ്രൈവര്‍ ക്യാബിന് വേര്‍തിരിച്ച് മാത്രമേ ജുലൈ 15നുശേഷം സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ നടത്താവൂ എന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് അപ്രായോഗികമായതിനാലും സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലും അംഗീകരിക്കാന്‍ സാധിക്കില്ല.
യാത്രക്കാരുമായി ഏറ്റവും അധികം ഇടപഴകി ജോലി ചെയ്യേണ്ടി വരുന്ന കണ്ടക്ടറുടെയും ക്ലീനറുടെയും സുരക്ഷ ക്യാബിന് വേര്‍തിരിക്കുന്നതിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കില്ല. മുഴുവന്‍ ജീവനക്കാരെയും ഫേസ്മാസ്ക് ഉപയോഗിച്ച് ജോലിചെയ്യാന്‍ അനുവദിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡണ്ട് കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന് പൂച്ചക്കാട്, വൈസ് പ്രസിഡണ്ട് എം.ഹസൈനാര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി.പി.എ, സെന്‍ട്രല്‍ കമ്മറ്റി അംഗം സി.എ.മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ടി.ലക്ഷ്മണന്, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം.ഹസൈനാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: